പ്രോട്ടോക്കോള്‍ ലംഘനം; പോത്തീസ് ആയിരം കുടിയേറ്റ  തൊഴിലാളികളുടെ വാക്‌സിന്‍ ചെലവ് വഹിക്കണം

കൊച്ചി- കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ജില്ലാ കലക്ടറുടെ നടപടി. ജില്ലയിലെ 1000 കുടിയേറ്റ തൊഴിലാളികളുടെ വാക്‌സിന്‍ ചെലവ് പോത്തീസ് വഹിക്കണമെന്നാണ് എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലാ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റിപ്പോര്‍ട്ട് . സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടിയെടുത്ത വിവരം കലക്ടറാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ഥാപനത്തിന്റെ പേര് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
'ഷോപ്പുകളില്‍ ആളുകളെ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് പ്രോട്ടോകോളില്‍ ഒന്നുപോലും കൊച്ചിയിലെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് പാലിച്ചില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഷോപ്പില്‍ ജോലിചെയ്യുന്നവര്‍ക്കും ഇവിടേയ്ക്ക് വന്നര്‍ക്കും വലിയതോതില്‍ കോവിഡ് പടരാന്‍ ഈ സ്ഥാപനത്തിന്റെ ഈ അലംഭാവം കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 34ാം വകുപ്പ് പ്രകാരം ഏഴ് ദിവസത്തിനകം 1000 അതിഥി തൊഴിലാളികള്‍ക്ക് സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഉത്തരവിടുന്നു. ഇക്കാര്യത്തിന്റെ ഏകോപനത്തിന് ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹെല്‍ത്ത്)ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കടകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തി അതിന്റെ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൂടിയായ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.' ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന് തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിന്‍വാതിലിലൂടെ ആളുകളെ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചതിനാണ് അന്ന് നടപടിയെടുത്തത്‌
 

Latest News