ജിദ്ദ - അൽറവാബി ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിൽ അതിക്രമിച്ചുകയറാൻ എത്യോപ്യക്കാരുടെ ശ്രമം. നിരവധി എത്യോപ്യക്കാർ മുട്ടൻ വടികളും കൊടുവാളുകളും ചുറ്റികകളുമേന്തി കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുൻവശത്തെ പ്രധാന കവാടം ഇവർ തകർക്കാൻ ശ്രമിച്ചു. സംഘം ചേർന്ന് കെട്ടിടത്തിൽ അതിക്രമിച്ചുകയറാൻ എത്യോപ്യക്കാരെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സംഭവത്തിൽ സാമൂഹികമാധ്യമ ഉപയോക്താക്കൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സുരക്ഷാ വകുപ്പുകൾ സംഭവത്തിൽ ഇടപെട്ട് അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.






