ചെന്നൈ- കച്ചവടത്തില്‍ നഷ്ടം വന്നത് താങ്ങാനാവാതെ കുടുംബാംഗങ്ങളെ കൊന്ന് യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലാണ് സംഭവം.
ഓണ്‍ലൈന്‍ കച്ചവടത്തിലെ നഷ്ടമാണ് യുവാവിനെ തകര്‍ത്തത്. തമിഴ്നാട് ഹൊസൂര്‍ സ്വദേശി മോഹനാണ് അമ്മ വസന്തകുമാരി, ഭാര്യ രമ്യ, എട്ടുവയസ്സുള്ള മകള്‍ ഹന്മയ എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. മൂവരെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ ശേഷം പോളിത്തീന്‍ കവര്‍ കൊണ്ട് മുഖംമറച്ചുകെട്ടിയാണ് മോഹന്‍ ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാവിലെ വീടിന് പുറത്ത് ആരെയും കാണാത്തതിനാല്‍ അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി പരിശോധിച്ചതോടെയാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. മോഹന്റെ ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു.
ഓണ്‍ലൈന്‍ കച്ചവടത്തിനായി മോഹന്‍ ബാങ്കുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. എന്നാല്‍ കച്ചവടം നഷ്ടമായതോടെ തിരിച്ചുനല്‍കാനായില്ല. വായ്പകളുടെ പലിശയും കൂടി. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു.






