മൂല്യങ്ങൾ, സംസ്‌കാരം തുടങ്ങിയ പദപ്രയോഗങ്ങൾ തന്നെ കാലഹരണപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന നഗരജനതയുടെ വീക്ഷണം ഇന്ത്യയെപ്പോലെ പ്രവിശാലവും വ്യത്യസ്ത മൂല്യസങ്കൽപങ്ങൾ വെച്ചുപുലർത്തുന്നതുമായ ഒരു ജനതക്ക് മേൽ പ്രായോഗികമല്ല. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പീഡനം തടയുന്നതിന് നിയമ നിർമാണങ്ങളോടൊപ്പം നമ്മുടെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്.
നിർഭയ സംഭവത്തെ നാണിപ്പിക്കുന്ന രീതിയിലാണ് ദൽഹിയിൽ ഇപ്പോൾ നടന്ന ബാലികാ പീഡനം. ഒമ്പതുവയസ്സുള്ള ബാലികയെ ഏതാനും പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് മാത്രമല്ല, കുടുംബത്തിന്റെ സമ്മതമില്ലാതെ ദഹിപ്പിക്കുകയും ചെയ്തു. പ്രതികൾ പിടിയിലാണ് എങ്കിലും നിയമത്തിന്റെ പഴുതുകളിലൂടെ അവർ രക്ഷപ്പെടാനുള്ള സാധ്യത അവശേഷിക്കുന്നു. കാരണം പ്രതികളിലൊരാൾ പൂജാരിയാണ്. കശ്മീരിൽ നടന്ന സമാനമായ സംഭവത്തിന്റെ ഗതിയെന്തായിരുന്നുവെന്ന് നാം കണ്ടതാണ്.
നിർഭയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിച്ച ജസ്റ്റിസ് വർമ കമ്മീഷൻ സമർപ്പിച്ച ശുപാർശകളുടെ ചുവടു പിടിച്ച് സർക്കാർ പുതിയ നിയമ നിർമാണങ്ങൾ കൊണ്ടുവന്നിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഗൗരവത്തോടെയും ജാഗ്രതയോടെയും പരിഗണിക്കാനും തീർപ്പാക്കാനും നമ്മുടെ നിയമ, നീതിന്യായ സംവിധാനത്തെ പ്രാപ്തമാക്കുകയായിരുന്നു ലക്ഷ്യം. സമൂഹത്തിന്റെ വിവിധ തലങ്ങളിലും തട്ടുകളിലുമുള്ള വ്യക്തികളോടും സംഘടനകളോടും പാർട്ടികളോടുമെല്ലാം അഭിപ്രായം തേടിയ ശേഷമാണ് വർമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. വർമ കമ്മീഷൻ റിപ്പോർട്ടിനെ പൂർണമായും പിന്താങ്ങുന്ന വനിതാ പ്രവർത്തകർ പക്ഷേ, സർക്കാരിന്റെ നിയമ നിർമാണത്തെ സംശയത്തോടെയാണ് കാണുന്നത്. വർമ കമ്മീഷൻ റിപ്പോർട്ടിന്റെ അന്തസ്സത്ത കെടുത്തുന്ന രീതിയിലാണ് നിയമം വരുന്നതെന്നാണ് അവരുടെ പരാതി.
ബലാത്സംഗത്തിന്റെ നിർവചനമടക്കം പല കാര്യങ്ങളിലും ശക്തമായ തർക്കങ്ങൾ നിലനിന്നുവെങ്കിലും ഏറ്റവും സജീവമായ ചർച്ച നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി സംബന്ധിച്ചാണ്. 18 ൽനിന്ന് ഇത് കുറക്കരുതെന്ന് വിവിധ സംഘടനകൾ മാത്രമല്ല, സർക്കാരിന്റെ തന്നെ വനിതാ-ശിശുക്ഷേമ വകുപ്പും ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും 18 ലാണ് പിടിച്ചത്. എന്നാൽ നിയമം രൂപകൽപന ചെയ്ത കേന്ദ്ര സർക്കാരിന്റെ താൽപര്യവും സ്ത്രീവിമോചന വാദികളുടെ ആവശ്യവും പ്രായം 16 ആക്കുക എന്നതായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ഈ പ്രായനിർണയം എത്രത്തോളം സഹായകമാവും എന്ന് വ്യക്തമല്ല. ഒരർഥത്തിൽ ചെറിയ പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്ന കേസുകളിൽ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടാനാണ് ഇതിടയാക്കുക എന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരം കേസുകളിൽ പെടുന്ന, സ്വാധീനവും ധനശക്തിയുമുള്ള പ്രമാണികൾക്ക് വാദിയെ സ്വാധീനിച്ചോ, ഭീഷണിപ്പെടുത്തിയോ ഉഭയസമ്മതം വാങ്ങാനുള്ള സാധ്യതയാണ് ഇതിൽ പ്രധാനം. മറ്റൊന്ന്, സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഇന്ത്യയെപ്പോലെ സാംസ്‌കാരിക മൂല്യങ്ങൾക്ക് പവിത്രത കൽപിക്കുകയും കുടുംബ സംവിധാനം ഊർജസ്വലമായി തുടരുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ എത്രത്തോളം ഗുണകരമാവുമെന്നും ചോദ്യം ഉയരുന്നു.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് പ്രായം നിർണയിക്കുക എന്നതല്ല അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന് ആരും സമ്മതിക്കും. ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ആണ്. ഇത് കുറക്കണമെന്ന് പലവട്ടം പല കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. അത്തരം ആവശ്യമുയർത്തിയവരെ പരിഹസിക്കുന്ന സമീപനമാണ് സ്ത്രീവിമോചന വാദികളിൽനിന്നും പുരോഗമന സംഘടനകളിൽനിന്നും പൊതുവെ ഉണ്ടായത്. അതിന് കാരണമായി പറഞ്ഞത് 18 വയസ്സ് എങ്കിലും പ്രായമില്ലാത്ത പെൺകുട്ടിക്ക് കുടുംബ ജീവിതം നയിക്കാനുള്ള പക്വതയുണ്ടാവില്ലെന്നതും ഗർഭധാരണമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നതുമാണ്. എന്നാൽ ലൈംഗിക ബന്ധത്തിനുള്ള പ്രായം നിശ്ചയിക്കുന്ന വേളയിൽ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉയർന്നുവന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഉഭയകക്ഷി സമ്മതത്തോടെ പതിനാറാം വയസ്സിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പെൺകുട്ടികൾക്ക് ഗർഭധാരണമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്നോ അത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് എന്തുമാത്രം അറിവുണ്ടെന്നോ പഠിക്കാൻ ശ്രമിച്ചിട്ടില്ലെന്നതാണ് രസകരമായ വസ്തുത. സ്ത്രീ-പുരുഷ ലൈംഗികതയെക്കുറിച്ച് ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടത്ര വിവരവും ഉൾക്കാഴ്ചയും നൽകും വിധം നമ്മുടെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടോ, അല്ലെങ്കിൽ അത്തരം അറിവുകൾ പകരാൻ തക്കവിധമുള്ള സാമൂഹിക സംവിധാനങ്ങളുണ്ടോ എന്നൊന്നും ആലോചിക്കാതെയാണ് ഈ തീരുമാനത്തിനായി സർക്കാരും സ്ത്രീവിമോചന വാദികളും ആഞ്ഞു ശ്രമിക്കുന്നത്. വിവാഹ പ്രായത്തിന്റെ കാര്യത്തിൽ കാണിച്ച ഔത്സുക്യം ഇക്കാര്യത്തിൽ കാട്ടാത്തത് നമ്മുടെ സമൂഹത്തിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് നിലനിൽക്കുന്ന വീക്ഷണങ്ങളുടെ ഇരട്ടത്താപ്പാണ് പ്രകടമാക്കുന്നത്.
ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, എന്തു പേരിട്ടു വിളിച്ചാലും വ്യഭിചാരമാണെന്നും അതിനാൽ തന്നെ ഒരു പ്രായത്തിലും അത് അംഗീകരിക്കരുതെന്നും നിയമ വിരുദ്ധമാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. യാഥാസ്ഥിതികമായ കാഴ്ചപ്പാടായി അതിനെ തള്ളിക്കളയുന്നവർ, പക്ഷേ ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ കൂടുതൽ പ്രായോഗികവും ദീർഘവീക്ഷണത്തോടു കൂടിയതുമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വിവാഹം എന്ന സ്ഥാപനത്തോട് പുതിയ തലമുറയിൽ വളർന്നുവരുന്നതായി പറയപ്പെടുന്ന വിരക്തിയോ വിമുഖതയോ ഒക്കെയാണ് ഇതിൽ പ്രകടമാവുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിവാഹം ആവശ്യമാണോ, ഇന്നത്തെ നിലയിലുള്ള കുടുംബ സംവിധാനം സ്ത്രീകൾക്ക് ഭാരവും പീഡനവുമാണോ തുടങ്ങിയ ചോദ്യങ്ങളും ഈ സന്ദർഭത്തിൽ ചർച്ചക്ക് വിധേയമാകുന്നുണ്ട്. അതിവേഗം പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന സമൂഹമാണ് നമ്മുടേതെങ്കിലും അത്തരം ആത്യന്തികതകളിലേക്ക് എളുപ്പത്തിൽ എടുത്തുചാടുന്നത് ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്നാണ് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തിനു പോലും സമ്മതമില്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. നഗരങ്ങളിലെ ഉയർന്നതോ മധ്യവർഗത്തിൽ പെട്ടതോ ആയ ഒരു വിഭാഗത്തിന്റെ മാത്രം മൂല്യങ്ങൾ രാജ്യത്തിനുമേൽ ഒന്നാകെ അടിച്ചേൽപിക്കുന്നത് നിഷേധാത്മക ഫലങ്ങളാണുണ്ടാക്കുക. സ്വതന്ത്ര ലൈംഗികത, വിവാഹ നിഷേധം തുടങ്ങിയ കാര്യങ്ങളിലെ നമ്മുടെ സമീപനങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നത് ഗ്രാമീണ ഇന്ത്യയിലെ നിരക്ഷരരും യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളവരുമായ വലിയൊരു വിഭാഗത്തെക്കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം. അല്ലെങ്കിൽ സംഭവിക്കുക, ഗ്രാമീണ മേഖലയിലും താഴ്ന്ന വിഭാഗങ്ങളിലും പെട്ട പെൺകുട്ടികൾക്ക് അതിക്രമങ്ങൾക്കെതിരെ നിയമ പരിരക്ഷ തടയപ്പെടുന്ന അവസ്ഥയായിരിക്കും.
മൂല്യങ്ങൾ, സംസ്‌കാരം തുടങ്ങിയ പദപ്രയോഗങ്ങൾ തന്നെ കാലഹരണപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന നഗരജനതയുടെ വീക്ഷണം ഇന്ത്യയെപ്പോലെ പ്രവിശാലവും വ്യത്യസ്ത മൂല്യസങ്കൽപങ്ങൾ വെച്ചുപുലർത്തുന്നതുമായ ഒരു ജനതക്ക് മേൽ പ്രായോഗികമല്ല. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പീഡനം തടയുന്നതിന് നിയമ നിർമാണങ്ങളോടൊപ്പം നമ്മുടെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. അതിനായി സർക്കാർ തലത്തിലും ശ്രമമുണ്ടാകണം. ആൺകുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിൽ നമുക്കുളള യാഥാസ്ഥിതിക കാഴ്ചപ്പാട് മാറേണ്ടതുണ്ട്. പാഠ്യപദ്ധതികളും ഇതിനായി രൂപകൽപന ചെയ്യണം. നിർഭയ സംഭവത്തിന് ശേഷം ഉണർന്ന നമ്മുടെ മനസ്സാക്ഷിയുടെ വൈകാരിക ക്ഷോഭവും പതുക്കെ അടങ്ങി. ദൽഹിയിലെ പുതിയ സംഭവം ഈ ചോദ്യമാണ് ഉയർത്തുന്നത്. നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ നമുക്ക് കഴിയുമോ...