നൽകുമ്പോഴും നേടുമ്പോഴും നമ്മിൽ സുഗന്ധം പരത്തുന്ന ഗുണമാണ് ഹൃദ്യമായ അഭിനന്ദനം. മറ്റുള്ളവരിലെ സർഗ ശേഷികളെ അർഹമായ രീതിയിൽ അഭിനന്ദിക്കാൻ നാം സന്നദ്ധമാവുമ്പോൾ നമ്മിൽ നിന്നും അസൂയ എന്ന വേണ്ടായ്മ, ഒരു ദുർഗുണം ഇത്തിരി നേരമെങ്കിലും അറിയാതെ പടിയിറങ്ങുന്നുണ്ട്. സന്തോഷം തേടി അലയുന്ന ബഹുഭൂരിപക്ഷവും കാണാതെ പോവുന്ന പവിഴത്തുരുത്താണ് അന്യരിലെ നന്മകളെയും ഗുണവിശേഷങ്ങളെയും ആദരിച്ചഭിനന്ദിക്കുന്നതിനുള്ള മനോവിശാലത. അഭിനന്ദനവും ഒരു കലയാണ്. സവിശേഷമായ കഴിവുള്ളവരെ ഞാനായിട്ടിനിയെന്തഭിനന്ദിക്കാനാണ് എന്നാണ് നമ്മിൽ പലരും നിനയ്ക്കുന്നത്. നാട്ടുകാർ മുഴുവനും അഭിനന്ദിക്കുന്നവർക്ക് എന്റെ അനുമോദനം വേണ്ടതുണ്ടാവില്ലല്ലോ എന്ന് ചിന്തിച്ച് മാറി നിൽക്കുന്നവരും വിരളമല്ല. അഭിനന്ദനം ലഭിക്കുന്നവരുടെ ആഹ്ലാദത്തിലെ ഒരു പങ്ക് നമ്മളും കൂടി ആസ്വദിക്കുകയാണ്. നല്ല രണ്ട് ചെറുവാക്കുകൾ, ഇമോജികൾ നാം അവരുമായി പങ്ക് വെക്കുമ്പോഴെന്നറിയുക. പ്രോത്സാഹനം എന്ന കല ശീലിക്കുമ്പോൾ നിർബാധമായ ആനന്ദ ധാരയിലേക്കുള്ള പാതയിലാണ് നമ്മൾ. അപ്പോൾ നമ്മുടെയും നാം ജീവിക്കുന്ന ലോകത്തിന്റെയും വിലയും നിലയും വർധിക്കുന്നു; നമ്മിലെ ഉദാത്തതയെ നാം തൊടുന്നു; വർത്തമാനത്തിൽ ജീവിക്കുന്നതിന്റെ സുഖം നാം അനുഭവിക്കുന്നു. ആസ്വദനവും അഭിനന്ദനവും ഒപ്പം കൃതജ്ഞതയും വഴിയുന്ന മനസ്സ് വിശാലമായിരിക്കും. ഹൃദയ ബന്ധങ്ങൾ ഏളുപ്പത്തിൽ സ്ഥാപിച്ചെടുക്കാൻ കെൽപുള്ളതായിരിക്കും. കൂടാതെ, അവ ഊർജസ്വലവും ഊഷ്മളവും സരസവുമായിരിക്കും.
ഏകാഗ്രമായ മനസ്സുകൾക്കേ ആസ്വാദനം പൂർണാർത്ഥത്തിൽ കൈവരൂ. അലസമായലയുന്ന മനസ്സുകൾക്ക് തൃപ്തി കൈവരില്ല. നിത്യവിസ്മയങ്ങളായ പുലരിയും പൂനിലാവും സന്ധ്യയും സാനുക്കളും പൂവും പുഴകളും തുടങ്ങി പ്രകൃതിയൊരുക്കുന്ന വൈവിധ്യങ്ങളായ സ്വരങ്ങളും വർണങ്ങളും ധന്യാനുഭൂതിയും നിത്യേന ബോധപൂർവം ആസ്വദിക്കുന്ന ഒരാളിൽ അനന്യകലാകാരനായ പ്രപഞ്ച സ്രഷ്ടാവിനോടുള്ള കൃതജ്ഞത ഉടലെടുക്കും. ആ അനുപമ കലാകാരന്റെ മഹനീയമായ കരവിരുതിൽ വിനീത വിധേയനായി മൗനിയാവും. ആ ക്രിയാത്മക മൗനം പകരുന്ന ഉൾവെളിച്ചത്തിൽ ആത്മ നിർവൃതിയുടെ നീലാകാശപ്പരപ്പിലേക്ക് പതിയെ പതിയെ അയാൾ ആത്മയാനം നടത്തും. ജീവിതാനന്ദത്തിന്റെ ലാവണ്യ സ്ഥലികളിലൂടെയായിരിക്കും അയാളുടെ രാപ്പകലുകൾ പിന്നീട് കടന്നു പോവുക. അവനവനിലെ സവിശേഷ സിദ്ധികളെ കണ്ടെത്തി ആദരിക്കുന്നവർക്കേ, അതിന് നേരം കണ്ടെത്തുന്നവർക്കേ അന്യരിലെ സവിശേഷതകളെ ആദരിക്കാനും അഭിനന്ദിക്കാനുമാവുകയുള്ളൂ.
ഇളം പ്രായത്തിൽ ഒത്തിരി കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കേട്ടും സഹിച്ചും രൂപമാറ്റം സംഭവിച്ച് ഇടുങ്ങിപ്പോയ മനസ്സുള്ളവർക്ക് ഹൃദ്യമായ അഭിനന്ദനത്തിന്റെ കല എളുപ്പത്തിൽ വശപ്പെടണമെന്നില്ല. കാരണം തനിക്ക് ലഭിക്കാത്തത് എന്തിന് മറ്റുള്ളവർക്ക് പകരണം എന്നായിരിക്കും അവരിലെ സങ്കുചിത മനസ്സ് മന്ത്രിക്കുക. അമിത ലാളനയുടെ പുഷ്പ വൃഷ്ടിയേറ്റ് അളിഞ്ഞ അഹന്തയുള്ള മനസ്സുകൾക്കും ഈ കല എളുപ്പത്തിൽ പ്രാപ്യമാവണമെന്നില്ല. കാരണം എപ്പോഴും അഭിനന്ദനം ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടവരാണവരെന്ന മിഥ്യാബോധമാണ് അവരിൽ ഈ കലയുടെ വളർച്ചയെ മന്ദീഭവിപ്പിക്കുന്നതെന്ന് കാണാം.
നിരാശയുടെയും ആത്മനിന്ദയു#െടയും ഇരുൾവഴികളിലേക്ക് എളുപ്പത്തിൽ വീണു പോവുന്ന ലോലമാനസർ നിത്യേന ആസ്വാദന ക്രിയ ചെയ്യുന്നത് നല്ലതായിരിക്കും. തന്നിലെ സിദ്ധികളെയും സവിഷേതകളെയും അക്കമിട്ട് തിരിച്ചറിഞ്ഞ് സന്തോഷിച്ച് തുടങ്ങുക. പ്രകൃതിയിലെ സൗന്ദര്യങ്ങളെ ആസ്വദിക്കുക. ദൈവത്തെ വാഴ്ത്തുക. മറ്റുള്ളവരിലെ സുകൃതങ്ങളെ അഭിനന്ദിക്കുക. ഇത്തരമൊരു ലിസ്റ്റ് ഓരോ ദിവസവും എഴുതി തയാറാക്കി നോക്കൂ. ക്രമേണ നമ്മളും നമ്മുടെ ചുറ്റുപാടും മാറുന്നത് കാണാം. ഇല്ലായ്മകളെ കുറിച്ചുള്ള ആവലാതികൾ അകലുന്നത് കാണാം. മാത്രമല്ല, തുടരെ പരിശീലിച്ചാൽ നമ്മിൽ സമാധാനവും സമൃദ്ധിയും പെയ്തിറങ്ങുന്നതനുഭവിക്കാം. ഇത് വെറും ഭംഗിവാക്കല്ല, വേദ വചനങ്ങളിലെ ദിവ്യ വാഗ്ദാനമാണെന്ന് കൂടി അറിയുക.






