അറബ് നാടകവേദിയിൽ മലയാളിത്തിളക്കം

അറബ് നാടകവേദിയിൽ തിളങ്ങിയ മലയാളി കലാകാരൻ എന്നതാകും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഖത്തറിലെ കലാ കായിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആശിഖ് മാഹി എന്ന കലാകാരനെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ സവിശേഷത.
സംഗീതവും നാടകവും ചെറുപ്പം മുതലേ ആശിഖിന്റെ ദൗർബല്യങ്ങളായിരുന്നു. നാട്ടിലെ നിരവധി നാടകങ്ങളിലും സംഗീത പരിപാടികളിലും തന്റെ സജീവ സാന്നിധ്യമറിയിച്ച ശേഷമാണ് മാഹിക്കാരനായ ആശിഖ് ഖത്തറിലെത്തുന്നത്. മികച്ച വോളിബോൾ കളിക്കാരനെന്ന നിലക്ക് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു. ഉപ്പയും മൂത്ത സഹോദരനും ഖത്തറിലായതുകൊണ്ട് ചെറുപ്പത്തിലേ ഖത്തറിലെത്തി. ഖത്തറിലും സജീവമായ വോളിബോൾ കളിക്കാരനായതാണ് തൊഴിൽ രംഗത്തും സഹായകമായത്.


ഷെറാട്ടൺ ക്ലബിനു വേണ്ടി കളിക്കവേ മാനേജർ പരിചയപ്പെടുത്തിയതനുസരിച്ചാണ് പ്രശസ്തമായ ഇറ്റാലിയൻ കമ്പനിയിൽ ജോലി കിട്ടിയത്. 25 വർഷത്തോളം ആ ജോലിയിൽ തുടർന്ന ആശിഖ് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ കെ. മുഹമ്മദ് ഈസയുടെ അലി ഇന്റർനാഷനലിലെത്തിയതും വോളിബോളിന്റെ പിൻബലത്തിലായിരുന്നു. ഈസക്കയും ആശിഖും വോളിഖ് എന്ന സംഘടനയുടെ ഭാരവാഹികളാണ്.
ഖത്തറിലെ പ്രശസ്ത സ്വദേശി നടന്മാരായ ഗാനം സുലൈത്തി, അബ്ദുൽ അസീസ് ജാസിം എന്നിവരോടൊപ്പം അറബി നാടകങ്ങളിലും സീരിയലുകളിലും സുപ്രധാനമായ വേഷം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച ആശിഖ് ഖത്തർ ടി.വിയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യമായിരുന്നു. നഅം വ ലാ, ഇന്നമാ നുഅന്നി സ്സുഹൂർ തുടങ്ങി അഞ്ചോളം അറബി സീരിയലുകളിൽ പ്രധാനപ്പെട്ട കാരക്ടർ റോൾ അഭിനയിച്ചിട്ടുണ്ട്.
ലൈലാ മജ്നു, മിസ്റിലെ രാജൻ, ഉറങ്ങിക്കിടക്കുന്ന സിംഹം, നക്ഷത്രങ്ങൾ കരയാറില്ല, മരുഭൂമിയിൽ നിന്നൊരു സ്നേഹഗാഥ, ശാന്തിയുടെ തീരം തേടി, പറയാതെ പോകുന്നവർ, പ്രതി കുറ്റക്കാരനല്ല, ശേഷം മുഖദാവിൽ തുടങ്ങി മുപ്പതോളം മലയാള നാടകങ്ങളിലും ആശിഖ് തന്റെ കഴിവ് തെളിയിച്ചു. പാടാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ആശിഖ് പല പ്രാദേശിക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന നിരവധി സംഗീത പരിപാടികളിൽ പാടിയിട്ടുണ്ട്.
മജീദ് നാദാപുരത്തിന്റെ അകലെ, ഇഖ്ബാൽ ചേറ്റുവയുടെ മെഴുകുതിരി, തിരൂർ കൃഷ്ണൻ കുട്ടിയുടെ ഒരു സന്ദർശനത്തിനിടയിൽ എന്നീ ഹസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുബൈർ മാടായി രചനയും സംവിധാനവും നിർവഹിച്ച ബി. അബു എന്ന ചിത്രത്തിലെ സുപ്രധാനമായ ബാബുവിന്റെ വേഷം ചെയ്യുന്നത് ആശിഖാണ് 
ആശിഖിന്റെ പിതാവ് പരേതനായ പുഴക്കര ഹംസ ദീർഘകാലം ഖത്തറിലായിരുന്നു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകാംഗമായിരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണ് ആശിഖ്. പരേതയായ സഫിയയാണ് മാതാവ്. നസ്ലയാണ് ഭാര്യ. മൂത്ത മകൾ ഫാത്തിമ സമ കോളേജ് ഓഫ് നോർത്ത് അത്‌ലാന്റിക്കിൽ നിന്നും പാരമെഡിക്കൽ കോഴ്സ് പൂർത്തിയാക്കി ഇപ്പോൾ ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്നു. മകൻ മുഹമ്മദ് സഈം മലേഷ്യയിൽ ബി.എസ്‌സി സൈബർ സെക്യൂരിറ്റി ഫൈനൽ ഇയർ വിദ്യാർഥിയാണ് ചെറിയ മകൻ മുഹമ്മദ് റിനാസ് എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയാണ്.


കലാരംഗത്തെപ്പോലെ കായിക രംഗത്തും ശ്രദ്ധേയനായ ആശിഖ് വോളിബാൾ ലൗവിംഗ് ഇന്ത്യൻസ് ഇൻ ഖത്തറിന്റെ ട്രഷററാണ്. ഖത്തർ മാഹി സൗഹൃദ സംഘം, മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ എന്നീ വേദികളുടെ ഭാരവാഹിയായ ആശിഖ് ജോലിയോടൊപ്പം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തുവാൻ സമയം കണ്ടെത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. നാടക സൗഹൃദത്തിലും സജീവമാണ്
ജെ.എൻ.ജി.എച്ച്.എസ്.എസ് പൂർവ വിദ്യാർഥി സംഘടനയുടെ സ്ഥാപകാംഗമായ ആശിഖ് കൂട്ടുകാരോടൊപ്പം ചേർന്ന് കുറഞ്ഞ കാലം കൊണ്ടാണ് കലാകായിക രംഗങ്ങളിൽ സംഘടനയെ ജനകീയമാക്കിയത്.

മാഹി ഫാമിലി മീറ്റാണ് ആശിഖിന്റെ മറ്റൊരു പ്രധാന പ്രവർത്തന മേഖല. മാഹിയിൽ നിന്നുള്ള പതിനഞ്ച് കുടുംബങ്ങളുടെ കൂട്ടായ്മയാണിത്. കുട്ടികളുടേയും കുടുംബത്തിന്റേയും മോട്ടിവേഷനും പുരോഗതിയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
ഡബ്ബിംഗാണ് ആശിഖ് ആസ്വദിക്കുന്ന മറ്റൊരു പ്രധാന ജോലി. നാടകങ്ങൾക്കും ഷോർട്ട് ഫിലിമുകൾക്കുമൊക്കെ ധാരാളം ഡബ്ബ് ചെയ്തിട്ടുണ്ട്. പല സാംസ്‌കാരിക വേദികളും സംഘടിപ്പിക്കാറുള്ള മൽസരങ്ങളുടെ ജഡ്ജിംഗിലും ആശിഖ് സ്ഥിരം സാന്നിധ്യമാണ്. രണ്ട് വർഷത്തോളം കൈരളി ചാനലിന് വേണ്ടി വാർത്താധിഷ്ഠിത പരിപാടികളവതരിപ്പിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. കലാകായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ പങ്കാളിത്തത്തോടെയാണ് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന തന്റെ പ്രവാസ ജീവിതം ആശിഖ് വർണാഭമാക്കുന്നത്.


 

Latest News