Sorry, you need to enable JavaScript to visit this website.

ഖത്തറിലെ ഇളവുകളില്‍ ആരോഗ്യ മന്ത്രാലയത്തിന് ആശങ്ക 

ദോഹ- ഖത്തറില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ നാലാംഘട്ട ഇളവുകള്‍ അനുവദിക്കുന്നത് അപകടം ചെയ്യുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. രാജ്യം യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നിരവധി പേര്‍ ഖത്തറിലേക്ക് മടങ്ങും. ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലുമുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അപകടകരമായിരിക്കുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.എടുത്ത് ചാടി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം ഓഗസ്റ്റ് ആദ്യത്തില്‍ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അല്‍പം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത മാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍, നിലവിലുള്ള മൂന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം പിന്നീട് തീരുമാനിച്ചു.
പുതിയ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ബലിപെരുന്നാള്‍ അവധിക്ക് ശേഷം കോവിഡ് കേസുകളില്‍ നേരിയ വര്‍ധന പ്രതീക്ഷിച്ചതാണെന്നും അല്‍ഖാല്‍ പറഞ്ഞു. കേസുകള്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ വേണം. 
 

Latest News