Sorry, you need to enable JavaScript to visit this website.

ഒരു തെളിവുമില്ലാതെയാണ് ആർ.ബി ശ്രീകുമാർ  നമ്പിനാരായണനെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ

കൊച്ചി-  ഐ.എസ്.ആർ.ഒ ചാരക്കേസിലൂടെ ഗുജറാത്ത് മുൻ ഡി.ജി.പിയായിരുന്ന ആർ.ബി. ശ്രീകുമാർ തന്നോടു വ്യക്തിവിരോധം തീർക്കുകയായിരുന്നെന്ന് നമ്പി നാരായണൻ മൊഴി നൽകിയിട്ടുണ്ടെന്നു സി.ബി.ഐ  ഹൈക്കോടതിയിൽ. 1994 നവംബർ 30 നു മതിയായ യാതൊരു തെളിവുകളുമില്ലാതെ തന്നെ നമ്പി നാരായണനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. പേരൂർകട പോലീസ് ക്ലബിൽ വെച്ച് തന്നെ  ക്രൂരപീഡനത്തിനിരയാക്കിയപ്പോൾ സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും സന്നിഹിതരായിരുന്നു. താൻ നിലവിളിക്കുമ്പോൾ ഇരുവരും പരിഹസിച്ചു ചിരിച്ചുവെന്നും നമ്പി നാരായണൻ മൊഴി നൽകിയിട്ടുണ്ടെന്നു സി.ബി.ഐ വ്യക്തമാക്കി.  ഗൂഢാലോചനക്കേസിൽ സി.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ അന്വേഷണവുമായി അവർ ഒരു കാരണവശാലും സഹകരിക്കില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. നമ്പി നാരായണനെ മാത്രമല്ല ശാരീരിക, മാനസിക പീഡനങ്ങൾക്കു വിധേയമാക്കിയതെന്നും പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവരെയും പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തുമ്പ വി.എസ.്എസ്.സിയിൽ കമാൻഡന്റായി ശ്രീകുമാർ ജോലി നോക്കിയിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ബന്ധുവിനു നിയമനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിന്റെ വ്യക്തി വിരോധമായിരുന്നു കാരണം. ശ്രീകുമാർ തന്റെ ഓഫിസിലെത്തി അനുഭവിക്കേണ്ടിവരും എന്നു ഭീഷണി മുഴക്കിയതായും നമ്പി നാരായണൻ സിബിഐക്കു നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം, പേരൂർക്കട പോലീസ് സ്റ്റേഷനിൽ താൻ ചാരക്കേസ് അന്വേഷണ സംഘത്തിന്റെ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് ശശികുമാർ സിബിഐക്കു മൊഴി നൽകി. പീഡനം നടക്കുമ്പോൾ സിബി മാത്യൂസും ആർ.ബി.ശ്രീകുമാറും പോലീസ് ക്ലബിലുണ്ടായിരുന്നു.
ജയപ്രകാശ്, പൊന്നൻ എന്നിവരും മറ്റു ചിലരും ചേർന്നാണു മർദിച്ചതെന്നും മൊഴിയിൽ പറയുന്നു. ചാരക്കേസ് ഗൂഢാലോചനയായിരുന്നു എന്ന സി.ബി.ഐ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഇവർക്കെതിരെയുള്ള മുഖ്യ സാക്ഷികളുടെ മൊഴി കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും വ്യാഴാഴ്ചത്തേയ്ക്കു മാറ്റിവയ്ക്കാൻ സി.ബി.ഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അഭ്യർഥിക്കുകയായിരുന്നു.
ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒരാഴ്ചത്തേയ്ക്കു കോടതി അറസ്റ്റു തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ,  നമ്പി നാരായണനും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനും ഇടയിലുണ്ടായ ഭൂമി കൈമാറ്റം വ്യക്തമാക്കുന്ന രേഖകൾ ഇവർ കോടതിയിൽ ഹാജരാക്കി. ഇതോടെ കേസിൽ അന്തിമ വാദം കഴിയുന്നതു വരെ അറസ്റ്റു തടയുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ ഹൈക്കോടതിയിൽ ഹാജരാക്കാനാണു സി.ബി.ഐ ശ്രമം.


 

Latest News