ഇന്ത്യയിൽ പ്രതിപക്ഷത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംജാതമായിട്ടുള്ളത്. 2024 ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ദേശീയ പാർട്ടികൾ. നിർഭാഗ്യവാനായ രാഹുൽ ഗാന്ധിക്ക് ഇത്തവണയെങ്കിലും പ്രധാനമന്ത്രി പദം കരസ്ഥമാക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറ്റൊരു എലിജിബിൾ കാൻഡിഡേറ്റായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ചിത്രത്തിലുണ്ട്. 2019 ൽ മോഡി വീണ്ടും അധികാരമേറ്റെടുക്കുമ്പോഴത്തേതിൽ നിന്ന് സാഹചര്യം ഏറെ മാറി. മഹാമാരി മുതൽ പൂർവേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള സംഘർഷം വരെ പല വിഷയങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്. നോട്ട് റദ്ദാക്കലിന്റെ കാലത്തെ രാഹുൽ ഗാന്ധിയല്ല ഇപ്പോഴത്തേത്. 2018 ൽ ഇടതുപക്ഷമുൾപ്പെടെ സർവ പ്രതിപക്ഷ പാർട്ടികളും രാഹുലിന്റെ പിന്നിൽ അണി നിരന്നിരുന്നു. അത് വേണ്ടപോലെ പ്രയോജനപ്പെടുത്താതെ അവധി ആഘോഷിക്കാൻ ഇറ്റലിയിലേക്ക് പറക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. രണ്ടാൾ രണ്ടാൾക്ക് വേണ്ടി നടത്തുന്ന ഭരണമാണ് ഇന്ത്യയിലേതെന്നത് പോലുള്ള രാഹുൽ പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ സ്വാധീനം ചെലുത്തി.
ദൽഹിയിലെ കർഷകർക്കായി ട്രാക്റ്റർ ഓടിച്ച രാഹുൽ ഗാന്ധി സൈക്കിളോടിച്ച് പാർലമെന്റിലെത്തിയത് അനിയന്ത്രിതമായ ഇന്ധന വിലക്കയറ്റത്തിനെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമായിരുന്നു. ഇന്ധന, പാചകവാതക വിലക്കയറ്റം എല്ലാവരെയും ബാധിക്കും. അതിനെ മറികടക്കാൻ മതവികാരം കൊണ്ടാവുമോയെന്ന കാര്യം അടുത്ത് നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യക്തമാവും. ഇന്ത്യയിൽ ധ്രുവീകരണ രാഷ്ട്രീയത്തിന് തുടക്കമിട്ട സംഭവമാണ് അയോധ്യയിലെ ബാബ്‌രി മസ്ജിദ് തകർത്തത്. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി രഥയാത്ര നടത്തിയാണ് രണ്ട് എം.പി സ്ഥാനത്തിൽ നിന്നുള്ള വളർച്ചയ്ക്ക് വിത്ത് പാകിയത്. അക്കാലത്ത് ബാബ്‌രി മസ്ജിദ് പൊളിച്ചത് എന്റെ കുട്ടികളാണെന്ന് വിളിച്ചു പറഞ്ഞ നേതാവായിരുന്നു ശിവസേനയുടെ ബാൽതാക്കറെ. അതേ ശിവസേനയിലെ പിന്മാറക്കാരുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ ബി.ജെ.പിയാണ്.
ബീഫ് നിരോധനത്തിന്റെ പേരിൽ രാജ്യത്ത് നടന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ്. ജനങ്ങൾ കൂടുതൽ ബീഫ് കഴിക്കണമെന്ന ആഹ്വാനവുമായി മേഘാലയയിലെ ബിജെപി മന്ത്രി സാൻബർ ഷുല്ലായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്ദവിന്റെ പ്രതികരണം. ശിവസേനാ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഉദ്ദവ് താക്കറെ രൂക്ഷവിമർശനമുന്നയിച്ചത്.
'ബീഫ് കഴിക്കണമെന്ന് മേഘാലയയിലെ ബിജെപി മന്ത്രി സാൻബർ ഷുല്ലായി ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം ചതിയനാണെന്നും തൂക്കിലേറ്റണമെന്നൊന്നും പറയുന്നില്ല. എന്നാൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം കൊല ചെയ്തവരോടും ആക്രമണങ്ങളിൽ ക്രൂരമായി പരിക്കേറ്റവരോടും ബി.ജെ.പി പരസ്യമായി മാപ്പ് പറയണമെന്നാണ് സാമ്‌ന മുന്നോട്ടുവെക്കുന്ന ആവശ്യം. കാരണം ബിജെപി മന്ത്രി തന്നെ ഇപ്പോൾ ബീഫിനെ പിന്തുണച്ച് എത്തിയതോടെ ബീഫ് വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കേണ്ടതാണ് -ഉദ്ദവ് പറഞ്ഞു.
രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഗോമാംസം അവിടുത്തെ ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. ഉത്തർപ്രദേശ്, ദൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പശുവിനെ ഗോമാതാവായി കാണണമെന്ന് പറയുകയും അതേസമയം ഗോവ, കേരളം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഈ നിലപാട് മറക്കുന്ന നിലപാടാണ് ബിജെപി ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്നും ഉദ്ദവ് താക്കറെ പറയുന്നു. സംസ്ഥാനങ്ങൾക്ക് അനുസൃതമായി നിലപാടിൽ വെള്ളം ചേർക്കുന്ന രീതിയാണ് ബിജെപി പിന്തുടർന്ന് വരുന്നതെന്നും ഉദ്ദവ് കുറ്റപ്പെടുത്തുന്നു.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം പ്രതിപക്ഷ എംപിമാർക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. കോൺഗ്രസിനെ ആവേശത്തിലാക്കി നൂറിലേറെ എംപിമാരായിരുന്നു വിരുന്നിനെത്തിയത്.
രാഹുലിന്റെ വിരുന്നിൽ പങ്കെടുത്ത ശേഷം പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനമാണ് നടന്നത്. പാർലമെന്റിലേക്ക് സൈക്കിൾ മാർച്ച് നടത്തിയായിരുന്നു രാഹുലിന്റെ പ്രതിഷേധം. ഇന്ധന വില വർധിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാഹുൽ ചവിട്ടിയത്. എല്ലാ പ്രതിപക്ഷ നേതാക്കളോടും ഈ പ്രതിഷേധം ഏറ്റെടുക്കാൻ രാഹുൽ ആഹ്വാനം ചെയ്തിരുന്നു. പെഗാസസ്, കാർഷിക നിയമങ്ങൾ, ഇന്ധന വില വർധന തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ്. അറുപത് ശതമാനം ജനങ്ങളുടെ വോട്ട് ഒരുമിച്ച് നിന്നാൽ നേടാനാവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതായത് ഒരുമിച്ച് നിന്നാൽ എളുപ്പം ഭരണം പിടിക്കാമെന്ന്.
ബിജെപിയെ വരിഞ്ഞ് മുറുക്കാൻ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങൾ കോൺഗ്രസ് പുറത്തെടുക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കോൺഗ്രസിനായി തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഔദ്യോഗികമായി പാർട്ടിയിൽ എത്തും.
പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശം സംബന്ധിച്ച ചർച്ചകൾക്കു ചൂടുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും മൂന്ന് തവണ കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ വൻ തിരിച്ചുവരവിനായി വൻ പദ്ധതി തന്നെ പ്രശാന്ത് കിഷോർ ഒരുക്കിയിട്ടുണ്ട്. കോൺഗ്രസിൽ പുതിയൊരു അഡൈ്വസറി കമ്മിറ്റി രൂപീകരിക്കണമെന്ന് പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കളുമായി നടത്തിയ യോഗത്തിൽ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിർദേശം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയായിരിക്കും സമിതിയുടെ ചെയർപേഴ്‌സൺ.
രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ഈ കമ്മിറ്റിയായിരിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യ സാധ്യതകൾ, പ്രചാരണ തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങളിലായിരിക്കണം സമിതി ഇടപെടേണ്ടത്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മിസോറം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2022 ന്റെ ആദ്യത്തിൽ നടക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആയാണ് ഈ തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് രാഹുലിനെ സംബന്ധിച്ചും കോൺഗ്രസിനെ സംബന്ധിച്ചും നിർണായകമാണ്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്.
അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദേശീയ രാഷ്ട്രീയത്തിൽ താരമാണ്.
തൃണമൂൽ കോൺഗ്രസിനെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നയിച്ച ശേഷമാണ് അടുത്തിടെ മമത ബാനർജി ആദ്യമായി ദൽഹി സന്ദർശിക്കാനെത്തിയത്. പ്രധാനമായും മമത രണ്ട് വ്യത്യസ്ത വേഷങ്ങളിലായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്ന് ബിജെപിയെ നേരിടാനൊരുങ്ങുന്ന ശക്തയായ പ്രതിപക്ഷ നേതാവായും രണ്ടാമത്തേത് ഫെഡറൽ വ്യവസ്ഥ പിന്തുടരുന്ന മുഖ്യമന്ത്രിയായും. പശ്ചിമ ബംഗാൾ സംസ്ഥാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മമത കേന്ദ്രത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ദൽഹിയിലെത്തിയ ടിഎംസി നേതാവ് ആദ്യം കൂടിക്കാഴ്ച നടത്തിയത് പ്രമുഖ കോൺഗ്രസ് നേതാക്കളുമായാണ്. കമൽനാഥ്, അഭിഷേക് മനു സിംഗ്‌വി തുടങ്ങിയ നേതാക്കളെ ആദ്യം കണ്ട മമത പിന്നീട് സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും 'ചായ് പേ ചർച്ച' ചായക്കൊപ്പം ചർച്ച നടത്തുകയായിരുന്നു.
2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒപ്പം നിർത്തണമെന്ന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് ആളുകൾ ഇഷ്ടത്തോടെ ദീദി എന്ന് വിളിക്കുന്ന മമത തെരഞ്ഞെടുപ്പ് ചർച്ചകളിൽ കോൺഗ്രസിനെയും ഒപ്പം കൂട്ടിയത്. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡിഎംകെ എംപി കനിമൊഴി തുടങ്ങി ചില പ്രാദേശിക, പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലാലു പ്രസാദ് യാദവുമായും സംസാരിച്ച മമത എൻസിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. പ്രാദേശിക നേതാക്കൾ കൂടുതൽ ശക്തരാണ്. എല്ലാവരും ഒരുമിച്ച് നിൽക്കും. മോഡിയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണ് ഇനി കാണുക -കൂടിക്കാഴ്ചകളെ കുറിച്ച് മമത പറഞ്ഞു.
രാജ്യതലസ്ഥാനത്തെ പത്രപ്രവർത്തകരെയും കണ്ട മമത അവരുടെ ചോദ്യങ്ങൾക്കും ക്ഷമയോടെ ഉത്തരങ്ങൾ നൽകി. പ്രധാനമന്ത്രിയാവാനുള്ള നീക്കമാണോ ഇത് എന്ന ചോദ്യത്തിന് മമത നൽകിയ മറുപടിയിങ്ങനെയാണ്, ''ആരെങ്കിലുമൊക്കെ നേതൃത്വം നൽകും. എന്റെ അഭിപ്രായം ആരിലും അടിച്ചേൽപിക്കില്ല. 2024 ലെ പ്രതിപക്ഷത്തിന്റെ മുഖം ആരുമായേക്കാം -പ്രധാനമന്ത്രി പദം സംബന്ധിച്ച വിട്ടുവീഴ്ചകൾക്ക് തയാറാണ് എന്നാണ് മമതയുടെ ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്.