പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ്, നമ്മള്‍ ഭൂലോക വിഡ്ഢികള്‍-  നടി രഞ്ജിനി

കൊച്ചി- കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ വിമര്‍ശനവുമായി നടി രഞ്ജിനി. പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം. ഈ തീരുമാനത്തെയാണ് രഞ്ജിനി പരിഹാസരൂപേണ വിമര്‍ശിക്കുന്നത്. 'പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍', രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്തടക്കം കടകളിലെത്താന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ്, രോഗംമാറിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കുമെന്ന് കലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നത്.
വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്. ലോക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് യോഗം. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുള്‍പ്പെടെയുളള അണ്‍ലോക്ക് നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കും.
 

Latest News