ചൈനയെ ഞെട്ടിച്ച് കോവിഡ് കേസുകള്‍; കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി

ബെയ്ജിംഗ്- ചൈനയില്‍ പുതുതായി കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ വാക്‌സിനേഷനില്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി കുത്തിവെപ്പ്  ഊര്‍ജിതമാക്കുന്നു. ബുധനാഴ്ച 71 പുതിയ ആഭ്യന്തര കേസുകളാണ് സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷം ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നടത്താനാണ് തീരുമാനം. 16 പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലും കോവിഡ് വകഭേദം പരക്കുകയാണ്. 160 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും ചൈനയില്‍ എത്രപേര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയെന്ന കൃത്യമായ കണക്ക് ലഭ്യമല്ല. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ പ്രാദേശിക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിരവധി പ്രവിശ്യകളില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യം കൈവരിക്കാനാകാത്തതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദം തുടരുകയാണ്. വര്‍ഷാവസാനത്തോടെ 80 മുതല്‍ 85 ശതമാനം വരെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയിരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, നിലവിലെ കോവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ സംശയം ഉന്നയിക്കുകയാണ് പ്രാദേശിക മാധ്യമങ്ങള്‍. പകര്‍ച്ച വ്യാധി വീണ്ടും പൊട്ടിപ്പറപ്പെട്ടത് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും വാക്‌സിനേഷനും സാമൂഹിക അകലത്തിനും പുറമെ, നിയന്ത്രണത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. കിഴക്കന്‍ ജിയാങ്‌സു പ്രവിശ്യയില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സെന്‍ട്രല്‍ ഹുനാന്‍ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഷാങ്ജിയാജിയിലേക്ക് പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. ഇവിടെനിന്ന് ടൂറിസ്റ്റുകള്‍ ഒരു ഡസന്‍ പട്ടണങ്ങളിലേക്കെങ്കിലും വൈറസിനെ എത്തിച്ചു. 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 45 ലക്ഷം ജനങ്ങളുള്ള യാങ്ഷു പട്ടണത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജിയാങ്ഷുവില്‍ ഉള്‍പ്പെടുന്ന പട്ടണമാണിത്. നന്‍ജിയാങില്‍നിന്ന് യാങ്ഷുവിലെത്തിയ 64 കാരി ചീട്ട് കളിക്കുന്നതിനായി പ്രശസ്ത പാര്‍ലറുകള്‍ സന്ദര്‍ശിച്ചതാണ് ഇവിടെ വൈറസ് വ്യാപിക്കാന്‍ കാരണമായി പറയുന്നത്. യാത്രാ വിവരങ്ങള്‍ മറച്ചുവെച്ച ഇവര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തിരിക്കയാണ്.

 

 

Latest News