ആ ചിത്രം കൊടുക്കരുത്, ട്വിറ്ററിനോട് ബാലാവകാശ കമ്മീഷന്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ട് ദളിത് ബാലികയുടെ കുടുംബത്തിന്റെ ചിത്രം ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യക്ക് നോട്ടീസ് നല്‍കി. പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്ക് വെച്ചത്. പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുന്ന വിധത്തില്‍ മാതാപിതാക്കളുടെ ചിത്രം പങ്ക് വെച്ചത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. അതിനാല്‍, ഇക്കാര്യത്തില്‍ അടിയന്തരമായി രാഹുല്‍ ഗാന്ധിക്കു തന്നെ മുന്നറിയിപ്പു നല്‍കി ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടണമെന്നാണ് ട്വിറ്റര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരിക്കുന്നത്. പോക്‌സോക്കു പുറമേ ബാലാവകാശ സംരക്ഷണ നിയമപ്രകാരവും പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ചിത്രങ്ങളോ വിവരങ്ങളോ ഏതെങ്കിലും മാധ്യമത്തില്‍ പങ്കുവെക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന്റെ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest News