മാറ്റം പുരോഗതിയുടെ അടയാളമാണ്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നാണ് പറയുക. കാലത്തിനനുസരിച്ച്, ലോകത്തിനനുസരിച്ച് നല്ല രീതിയിൽ മാറാനും വളരാനും തയാറാകുന്നവരാണ് ജീവിതത്തിൽ വിജയിക്കുക. ഓരോ വ്യക്തിയിലും നവീകരണവും മാറ്റവും സംഭവിക്കേണ്ടത് നിലവിലെ സ്ഥിതിയിലും മെച്ചപ്പെട്ട ഒന്നിലേക്കാകണമെന്ന് മാത്രം.
മാറ്റം ഉണ്ടാവേണ്ടത് ചിന്തയിലാണ്. മനസ്സിൽ നിന്നുമുണ്ടാകുന്ന മാറ്റമേ നിലനിൽക്കുകയുള്ളൂ. അതിനാൽ ജീവിതത്തിൽ മാറ്റം വേണം എന്നാഗ്രഹിക്കുന്നവർ സ്വയം മാറാൻ തയാറാവുകയാണ് വേണ്ടത്. സ്വയം മാറാൻ തയാറാവാത്തവരെ ഈശ്വരൻ പോലും മാറ്റുകയില്ലെന്നാണ് പ്രമാണം.
പലർക്കും മാറ്റത്തെ പേടിയാണ്. അല്ലെങ്കിൽ മാറ്റത്തോട് വിമുഖതയാണ്. അത്തരക്കാർ പലപ്പോഴും പുരോഗതിയിൽ നിന്നും പിന്തള്ളപ്പെടുകയാണ് ചെയ്യുക. തൊഴിൽ മാറേണ്ടി വരുമ്പോൾ, താമസം മാറേണ്ടി വരുമ്പോൾ, ബിസിനസിലെ മേഖല മാറേണ്ടിവരുമ്പോൾ അതുമല്ലെങ്കിൽ നാം ഉപയോഗിക്കുന്ന ചില സാങ്കേതിക സംവിധാനങ്ങൾ മാറേണ്ടി വരുമ്പോഴൊക്കെ ഈ പ്രതിസന്ധി അഭിമുഖീകരിക്കാം.
അവസരങ്ങളുടെ ഔചിത്യം തിരിച്ചറിഞ്ഞ് മനസ്സിനെയും ചിന്തയെയും നവീകരിച്ച് നിലനിൽപിന്റെ രീതി ശാസ്ത്രം വികസിപ്പിക്കുവാൻ മാറ്റം സഹായകമാകും. പഴയ പാരമ്പര്യങ്ങളുടെയും ശീലങ്ങളുടെയും കടുംപിടിത്തങ്ങളിൽ മാറാൻ തയാറാവത്തവർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുമെന്നതിലും സംശയമില്ല. ഒരു പക്ഷേ കോവിഡ് കാലം ഈ രംഗത്തും വ്യക്തമായ പല തിരിച്ചറിവുകളും നൽകിയിട്ടുണ്ട്. സാമൂഹിക അകലവും വിനിമയങ്ങളുടെ പ്രയാസവും ഓൺലൈൻ വ്യാപാരത്തിന്റെ അനന്തമായ സാധ്യതകളാണ് തുറന്നു വെച്ചത്. മാറാൻ തയാറായവർ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ മാറ്റത്തോട് വിമുഖത കാണിച്ചവർ പിന്തള്ളപ്പെട്ടതിന്റെ എത്രയോ പ്രായോഗിക പാഠങ്ങളാണ് നാം കണ്ടത്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റി മാറ്റത്തെ സ്വീകരിക്കുമ്പോൾ വിജയിക്കാതിരിക്കാനാവില്ല.
മാറ്റത്തിന് തയാറാകുമ്പോൾ ആത്മവിശ്വാസം വളരെ പ്രധാനമാണ്. എനിക്ക് കഴിയും എന്ന തോന്നലാണ് വിജയത്തിന്റെ ആദ്യ പടി. സ്വന്തം കഴിവിൽ നമുക്ക് വിശ്വാസമില്ലെങ്കിൽ പിന്നെ ആർക്കാണ് വിശ്വാസമുണ്ടാവുക.
മുമ്പെങ്ങോ വായിച്ച ഒരു കഥ പറയാം.
അയാൾക്ക് സ്‌കൂൾ വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. പ്രായമായ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വിവാഹവും കഴിച്ചു. തുടർന്ന് അയാൾ ഒരു പ്രൈമറി സ്‌കൂളിൽ ജോലിക്ക് ചേർന്നു. പെേക്ഷ അവിടെ പിടിച്ചുനിൽക്കാനായില്ല. അധികം താമസിയാതെ ജോലി നഷ്ടപ്പെട്ടു.
വീട്ടിലെത്തി കരഞ്ഞുകൊണ്ടിരുന്ന അയാളുടെ കവിളിലേക്കൊലിച്ചിറങ്ങിയ ചുടു കണ്ണീർ തുടച്ചുകൊണ്ട് ഭാര്യ ആശ്വസിപ്പിച്ചു. 'ഒരു പക്ഷേ അങ്ങയെ കാത്തു മറ്റൊരു ജോലി ഉണ്ടാകും. അതായിരിക്കും അങ്ങയുടെ കഴിവിന് ഏറ്റവും യോജിക്കുന്നത്.
അയാൾ മറ്റൊരു ജോലിക്കായി ശ്രമം തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒന്ന് ലഭിക്കുകയും ചെയ്തു. പക്ഷേ ജോലിയിൽ വേഗം പോരാ എന്ന കാരണത്താൽ ആ ജോലിയിൽ നിന്നും അയാൾ പുറത്താക്കപ്പെട്ടു.
വീട്ടിൽ എത്തിയ ഭർത്താവിനോട് അയാളുടെ സങ്കടക്കണ്ണീർ തുടച്ചുകൊണ്ട് ഭാര്യ പറഞ്ഞു 'നിങ്ങൾ വിഷമിക്കേണ്ട, എല്ലാവരും ഒരുപോലെ കഴിവുള്ളവരല്ലല്ലോ... ഇനിയും ശ്രമിക്കൂ, നല്ലൊരു ജോലി ഇനിയായിരിക്കും ലഭിക്കാൻ പോകുന്നത്.... '
വീണ്ടും അയാൾ ശ്രമം തുടർന്നു. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ഓരോ പ്രവിശ്യവും അയാൾ പരാജിതനായി തിരിച്ചുവരുമ്പോഴും അയാളുടെ ഭാര്യ അയാളെ വീണ്ടും പരിശ്രമിക്കാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
അലച്ചിലിന്റെ കാലഘട്ടത്തിനിടയിൽ അയാൾ പല ഭാഷകളിൽ നൈപുണ്യം നേടി. അതോടൊപ്പം അയാൾ ആളുകളെ എങ്ങനെയാണ് ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതെന്നും പഠിച്ചു.
അങ്ങനെയിരിക്കേ അയാൾക്ക് ഒരു ബധിര മൂക വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ ജോലി ലഭിച്ചു. കാലങ്ങൾ കൊണ്ടാർജിച്ച പാകതയുടെ കഴിവ് കൊണ്ട് അയാൾ കാലാന്തരത്തിൽ ഒരു സ്‌പെഷ്യൽ സ്‌കൂൾ തുറന്നു.
കുറച്ചു കാലം കഴിഞ്ഞ് അയാൾ വൈകല്യമുള്ളവർക്ക് വേണ്ടിയുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന കടകളുടെ ശൃംഗല തന്നെ തുടങ്ങി. അയാൾ കോടീശ്വരനായി മാറി.
ഒരു ദിവസം അയാൾ ഭാര്യയോട് ചോദിച്ചു 'നമ്മുടെ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ വെറും പരാജയമായിരുന്നു ഞാൻ, എന്നിട്ടും നീ എന്നിൽ വലിയ വിശ്വാസമാണ് കാണിച്ചത്.. നിനക്കെങ്ങനെ അത് സാധിച്ചു...?'
ഭാര്യ അയാളുടെ കൈത്തലത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. 'നമുക്കുള്ളൊരു സ്ഥലത്തു ഗോതമ്പു നട്ടാൽ അത് ഫലം തന്നില്ലെങ്കിൽ നമ്മൾ അതിൽ പിന്നീട് കരിമ്പു കൃഷി ചെയ്തു നോക്കും. അതും വിജയിച്ചില്ലെങ്കിൽ മറ്റൊന്ന്. അവസാനം പാടം നിറയെ തണ്ണിമത്തൻ ഉണ്ടാക്കുന്നതു വരെ നമ്മൾ പലതും ശ്രമിക്കും. പിന്നെ നമ്മൾ തണ്ണിമത്തൻ കൃഷിയിൽ വിജയം കൈവരിക്കും. ആ മണ്ണ് അതിനുള്ളതാണ്. അത് കണ്ടുപിടിക്കും വരെയുള്ളതെല്ലാം വെറുതെ ആയിരുന്നു എന്നു എങ്ങനെ നമുക്ക് പറയാനാകും...
നിങ്ങൾ എനിക്ക് പ്രിയപെട്ടവനാണ്, അങ്ങേയുടെ ഭൂമിക കണ്ടെത്തും വരെ കൂടെ ഒരു വാക്കായും സാമീപ്യമായും ഉറച്ച വിശ്വസത്തോടെയും നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്.
മാറാൻ തയാറായതുകൊണ്ട് മാത്രമാണ് തന്റെ ശരിയായ മേഖലയിലെത്താനും വിജയക്കൊടി പാറിക്കാനും അയാൾക്ക് സാധിച്ചത്.
ആരും ഈ ഭൂമിയിൽ വെറുതെ ജനിക്കുന്നില്ല. എല്ലാവരിലും എന്തൊക്കെയോ ഭരമേൽപിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ അത് കണ്ടെത്തുന്നതുവരെ നമ്മെ പാകപ്പെടുത്തുന്ന അച്ചു കല്ലുകളാകാം നമ്മുടെ ഇപ്പോഴത്തെ അവസ്ഥകളും കഷ്ടപ്പാടുകളും.
കാത്തിരിക്കാം നമ്മുടെ ഭൂമികക്കായി - പ്രയത്‌നിക്കാം ഉറച്ച വിശ്വാസത്തോടു കൂടി.