കുമ്പളങ്ങി കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി- കുമ്പളങ്ങിയില്‍ ആന്റണി ലാസറിനെ (39) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഒന്നാം പ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പില്‍ വീട്ടില്‍ ബിജു(43), ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കുമ്പളങ്ങി ഭജനമഠത്തിനു സമീപം താമസിക്കുന്ന ലാല്‍ജു(38) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ ഉള്‍പ്പെട്ട നാല് പ്രതികളും അറസ്റ്റിലായി.
തിങ്കളാഴ്ച ബിജുവിന്റെ ഭാര്യ രാഖി(22)യും, പുത്തങ്കരി വീട്ടില്‍ സെല്‍വനും (53) അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് ലാസറിന്റെ തിരോധാനത്തില്‍ ഇയാളുടെ സഹോദരന്റെ മൊഴിപ്രകാരം പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 31ന് ലാസറിന്റെ മൃതദേഹം ഒന്നാം പ്രതി ബിജുവിന്റെ വീടിന് അടുത്തുള്ള പാടവരമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ട ലാസറും സഹോദരനും ചേര്‍ന്ന് ഒന്നാം പ്രതി ബിജുവിനെ നാല് വര്‍ഷം മുന്‍പ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൈ തല്ലിയൊടുക്കുകയും ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജൂലായ് ഒമ്പതിന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന ആന്റണി ലാസറെ, സെല്‍വനും ലാല്‍ജിയും ചേര്‍ന്ന് വിളിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവരെല്ലാം ചേര്‍ന്ന് മദ്യം കഴിച്ച ശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേര്‍ന്ന് ലാസറെ മര്‍ദിച്ച് തല ഭിത്തിയിലിടിച്ചു. നെഞ്ചിലേക്ക് പല തവണ ചാടി ചവിട്ടി. ഇങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ബിജുവിന്റെ വീടിനു സമീപത്തുള്ള പാടവരമ്പത്ത് കുഴികുത്തി മൃതദേഹം മൂടി.
ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവു ചെയ്യുന്നതിനും പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് രാഖിയാണ്.

 

 

Latest News