സോഷ്യൽ റോബോട്ടുകൾ സംസാരിക്കാൻ നിങ്ങളെ തേടിയെത്തും
സൗദി അറേബ്യൻ 'പൗരത്വമുള്ള സോഫിയയെ അറിയാത്തവരായി അധികമാരും ഉണ്ടാവില്ല. ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച റോബോട്ട് അഥവാ ഹ്യൂമനോയിഡാണ് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫിയ. ഒക്ടോബറിൽ റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ ആദ്യമായി ലോകത്തിനു മുമ്പിൽ എഴുന്നേറ്റ് നിന്നതും ലോകത്തോട് സംവദിച്ചതും. ഇപ്പോൾ ലോക പര്യടനത്തിലാണ് സോഫിയ. ഈയിടെ മുംബൈ ഐഐടിയിലും എത്തിയിരുന്നു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ വലിയ ചുവടുവെപ്പായി കണക്കാക്കപ്പെടുന്ന ഹ്യൂമനോയിഡുകളാണ് സർവ മേഖലകളിലും മനുഷ്യനെ മാറ്റി ഇനി വ്യാപരിക്കാൻ പോകുന്നതെന്നാണ് വിദഗ്ധരുടെ പ്രവചനം.
ഇതു ശരിവെയ്ക്കുന്നതാണ് സോഫിയയുടെ നിർമാതാക്കളുടെ അടുത്ത നീക്കങ്ങളും. ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻസൻ റോബോട്ടിക്‌സ് ആണ് സോഫിയയുടെ നിർമാതാക്കൾ. വോൾട്ട് ഡിസ്‌നി ഇമേജിനീയറിങിലെ മുൻ ശിൽപിയായ ഡേവിഡ് ഹാൻസണിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക്‌സ് സ്റ്റാർട്ടപ്പാണിത്. സോഫിയയിലൂടെ ലോക ശ്രദ്ധ നേടിയ ഈ കമ്പനി ഇപ്പോൾ കൂടുതൽ സാമൂഹിക ഇടപെടലുകൾക്ക് ശേഷിയുള്ള ഹ്യൂമനോയിഡുകളെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വലിയ വെല്ലുവിളികൾ നേരിടുന്ന മേഖലകളിൽ മനുഷ്യനെ സഹായിക്കാൻ ശേഷിയുള്ള സൂക്ഷ്മ ബുദ്ധിശാലികളായ യന്ത്ര മനുഷ്യരുടെ ഒരു ഭാവി ലോകം സൃഷ്ടിക്കാനാണ് ഹാൻസണും സംഘവും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അമേരിക്കക്കാരനായ ഹാൻസൺ ഇതിനായി ചൈനയിലെ കളിപ്പാട്ട, ഇലകട്രോണിക്‌സ് രൂപകൽപന വിദഗ്ധരെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. മനുഷ്യനോട് ഏറെ രൂപ സാദൃശ്യമുള്ള, മനുഷ്യരുടെ വിശ്വാസം പിടിച്ചുപറ്റാൻ കഴിവുള്ള അവരുമായി സംവദിക്കാൻ കഴിയുന്ന സോഷ്യൽ റോബോട്ടുകളാണ് 49 കാരനായ ഹാൻസൺ വികസിപ്പിക്കുന്നത്.
സോഫിയയെ മുൻനിർത്തിയാണ് ടെക് ലോകം ഹാൻസണിന്റെ പുതിയ ഹ്യൂമനോയ്ഡുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭംഗിയായി പ്രതികരിക്കുകയും മുഖത്ത് ഭാവങ്ങൾ വരുത്തുകയും ചെയ്യുന്ന സോഫിയയുടെ കഴിവ് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പലയിടത്തും ചെറിയ പ്രശ്‌നങ്ങൾ സോഫിയയിൽ പ്രകടമായിരുന്നെങ്കിലും ഇത്രത്തോളം മികച്ച ഹ്യൂമനോയിഡ് ഇതുവരെ പിറവിയെടുത്തിട്ടില്ല.
ഹാൻസൺ റോബോട്ടിക്‌സ് ഒരു ഡസനോളം സോഫിയയുടെ കോപ്പികൾ നിർമിച്ചിട്ടുണ്ട്. ഇവയെല്ലാം മനുഷ്യൻ വളരുന്നതു പോലെ വിവിധ വളർച്ചാ ഘട്ടങ്ങളിലാണ്. ചിരിക്കാനും കരയാനും ആശയവിനിമയങ്ങൾ വേഗത്തിലും കൃത്യമായും മനസ്സിലാക്കാനുമുള്ള ഇവയുടെ കഴിവ് ഒരു പറ്റം ശാസ്ത്രജ്ഞരും എൻജിനീയർമാരും ചേർന്ന് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ലാസ് വെഗാസിലെ സിഇഎസ് ഇലക്ട്രോണിക്‌സ് ട്രേഡ് ഷോയിൽ സോഫിയ ആദ്യമായി നടന്നു. ഇവയുടെ തൊലി നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഫ്രബർ ആണ്. മനുഷ്യ മാംസത്തെ പോലെ തോന്നിപ്പിക്കുമിത്. കണ്ണിലെ ക്യാമറകളും മാറിലെ ത്രീ ഡി സെൻസറുകളുമാണ് ഈ ഹ്യൂമനോയ്ഡുകളുടെ കാഴ്ച സാധ്യമാക്കുന്നത്. തലച്ചോറായി പ്രവർത്തിക്കുന്ന പ്രൊസസർ മുഖങ്ങളേയും സംസാരങ്ങളേയും തിരിച്ചറിയുന്നു. ഭാഷ തിരിച്ചറിയുന്നു.
കഴിയുന്നിടത്തോളം മനുഷ്യനെ പോലുള്ള റോബോട്ടുകളെ സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്ന് ഹാൻസൻ പറയുന്നു. ഇതുവഴി റോബോട്ടുകംളയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ഓട്ടോമേഷനെയും സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
വിവിധ സേവനങ്ങൾ നൽകാൻ കഴിയുന്ന റോബോട്ടുകളുടെ ആഗോള വിപണി 2020 ഓടെ 15 ബില്യൺ ഡോളറിന്റേതായിരിക്കുമെന്നാണ് പ്രവചനം. 2015 ൽ ഇത് വെറും 3.7 ബില്യൺ ഡോളറിന്റേതായിരുന്നു. സോഫിയയെ പോലുള്ള മികച്ച ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നതിനു പുറമെ നിരവധി ചെറിയ റോബോട്ടുകൾ ഹാൻസൻ റോബോട്ടിക്‌സ് നിർമിച്ച് വിപണനം ചെയ്യുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിലവിലെ ഒരു പോരായ്മ ഇത്തരം ഹ്യൂമനോയ്ഡുകൾക്ക് ഒരു പ്രത്യേക ജോലി മാത്രമേ ഒരു സമയം മികച്ച രീതിയിൽ ചെയ്യാൻ കഴിയൂവെന്നതാണ്. പുതിയ കഴിവ് ആർജ്ജിച്ചെടുക്കുകയും പൊതുവിവരം ശേഖരിച്ച് അത് വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തലത്തിലേക്ക് ഇത് ഇനിയും വളരാനുണ്ട്. മനുഷ്യ കഴിവിനെ പോലെ വേഗത്തിൽ പ്രവർത്തിക്കാൻ ഇവയ്ക്ക് കരുത്തുറ്റ കമ്പ്യൂട്ടിങ് ശേഷി ആവശ്യമാണ്. ഹോളിവൂഡ് സിനിമകളിലൊക്കെ കാണുന്നത് പോലുള്ള ഹ്യൂമനോയിഡുകൾ യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോബോട്ടിക്‌സ് വിദഗ്ധർ പറയുന്നത്.
പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് വേഗത്തിൽ പഠിച്ചെടുക്കുന്ന മനുഷ്യരെ പോലെ അല്ല ഇവ. ഒരു സമയം ഒരു ജോലി പഠിച്ചെടുക്കാൻ മാത്രമേ ഹ്യൂമനോയയിഡുകൾക്ക് കഴിയൂ. ഈ പരിമിതി തുറന്നു സമ്മതിക്കുന്ന ഹാൻസൺ ഭാവിയിൽ ഇവ ഇനിയും വളരുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നു.