സൗദി പ്രബോധകൻ അൽതുവൈജിരി കൊല്ലപ്പെട്ടു

ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി

റിയാദ് - പ്രശസ്ത സൗദി പ്രബോധകൻ ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗ്വിനിയയിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രബോധന സംഘത്തിന്റെ കൂടെ ഗ്വിനിയയിൽ എത്തിയ ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി കിഴക്കൻ ഗ്വിനിയയിൽ കൻകൻ നഗരത്തിനും കെരോൻ നഗത്തിനും ഇടയിൽ കന്റബലന്റഗു ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി നടത്തിയ പ്രഭാഷണം പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അടക്കമുള്ള ഗ്രാമവാസികളിൽ ചിലർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

ക്ലാസ് കഴിഞ്ഞ ശേഷം കാറിനടുത്തേക്ക് പോകുന്നതിന് പ്രദേശവാസികളിൽ ഒരാളുടെ ബൈക്കിൽ കയറുന്നതിനിടെ ഇദ്ദേഹത്തിനു നേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. നെഞ്ചിന് രണ്ടു തവണ വെടിയേറ്റ ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ ബൈക്ക് ഓടിച്ചയാൾ രക്ഷപ്പെട്ടു. ഇയാളെ കൻകൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
ശൈഖ് അഹ്മദ് അൽമൻസൂറിനൊപ്പമാണ് ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി പ്രബോധനത്തിന് ഗ്വിനിയയിൽ എത്തിയത്. ശൈഖ് അഹ്മദ് അൽമൻസൂറിനൊപ്പം മതപഠന ക്ലാസ് നടത്തി മടങ്ങുന്നതിനിടെയാണ് ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരിക്കു നേരെ ആക്രമണമുണ്ടായത്. ശൈഖ് അഹ്മദ് അൽമൻസൂർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. അപ്പർ ഗ്വിനിയയിൽ മസ്ജിദുകൾ നിർമിക്കുന്ന ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു ശൈഖ് അബ്ദുൽ അസീസ് അൽതുവൈജിരി. 

 


 

Latest News