വാഹനാപകടങ്ങളിൽ 1,145 കോടി റിയാലിന്റെ നഷ്ടം

റിയാദ് - ഒരു വർഷത്തിനിടെ രാജ്യത്തുണ്ടായ വാഹനാപകടങ്ങളിൽ 1,145.4 കോടി റിയാലിന്റെ നഷ്ടം നേരിട്ടതായി കണക്കാക്കുന്നതായി സിവിൽ ഡിഫൻസ് പറഞ്ഞു. 1441-1442 വർഷത്തിൽ വാഹനങ്ങളിൽ അഗ്നിബാധയുണ്ടായതുമായി ബന്ധപ്പെട്ട 6,106 അപകടങ്ങളിൽ സിവിൽ ഡിഫൻസ് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തി. 7,598 വാഹനാപകടങ്ങളിൽ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനവും നടത്തി. ഈ അപകടങ്ങളിൽ 1,422 പേർ മരണപ്പെടുകയും 7,044 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. 
അഗ്നിബാധയും അപകടങ്ങളുമായും ബന്ധപ്പെട്ട് വിവിധ പ്രവിശ്യകളിലെ സിവിൽ ഡിഫൻസ് കൺട്രോൾ റൂമുകളിൽ 298 വ്യാജ പരാതികൾ ലഭിച്ചതായി സിവിൽ ഡിഫൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ വ്യാജ പരാതികൾ ലഭിച്ചത്. ഇവിടെ 121 പരാതികൾ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 112 ഉം അൽബാഹയിൽ 19 ഉം അൽഖസീമിൽ 11 ഉം അൽജൗഫ്, കിഴക്കൻ പ്രവിശ്യ, അസീർ പ്രവിശ്യകളിൽ ഏഴു വീതവും ഹായിലിലും ഉത്തര അതിർത്തി പ്രവിശ്യയിലും രണ്ടു വീതവും തബൂക്കിൽ മൂന്നും ജിസാനിൽ ആറും മദീനയിൽ ഒരു വ്യാജ പരാതിയും സിവിൽ ഡിഫൻസിന് ലഭിച്ചു. നജ്‌റാനിൽ ഇതുവരെ സിവിൽ ഡിഫൻസിന് വ്യാജ പരാതികളൊന്നും ലഭിച്ചിട്ടില്ല. 
കഴിഞ്ഞ രണ്ടു വർഷത്തിനിടെ മക്ക പ്രവിശ്യയിൽ 31 ഉം റിയാദ് പ്രവിശ്യയിൽ 10 ഉം അൽബാഹയിലും അൽജൗഫിലും ഏഴു വീതവും കിഴക്കൻ പ്രവിശ്യയിൽ അഞ്ചും ഉത്തര അതിർത്തി പ്രവിശ്യയിൽ രണ്ടും വ്യാജ പരാതികളും മദീന, അസീർ പ്രവിശ്യകളിൽ ഓരോ വ്യാജ പരാതികളും സിവിൽ ഡിഫൻസ് കൺട്രോൾ റൂമുകളിൽ ലഭിച്ചു.  


 

Latest News