അൽബാഹ- ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീൽ അൽബാഹ-ദമാം സർവീസിന് തുടക്കം കുറിച്ചു. ഫ്‌ളൈ അദീൽ സർവീസ് ആരംഭിക്കുന്ന 12 - ാമത്തെ നഗരമാണ് അൽബാഹ. അൽബാഹ-ദമാം റൂട്ടിൽ ഇരുദിശയിലേക്കുമായി പ്രതിവാരം എട്ടു സർവീസുകളാണ് കമ്പനി നടത്തുന്നത്.
അൽബാഹ കിംഗ് സൗദ് എയർപോർട്ട് ഡയറക്ടർ എൻജിനീയർ ഫൈഹാൻ ബിൻ മുഹ്‌സിൻ അൽഗാംദി, ഫ്‌ളൈ അദീലിൽ വാണിജ്യ കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി സി.ഇ.ഒ അഹ്മദ് അൽബറാഹിം എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ചേർന്ന് ആദ്യ സർവീസിലെ ഉപയോക്താക്കളെ യാത്രയാക്കി. സൗദിയിലെ നിരവധി നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസുകൾ ലഭ്യമാക്കുകയെന്ന വാഗ്ദാനം നിറവേറ്റുന്നത് തുടരാൻ ഫ്‌ളൈ അദീലിന് കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് അഹ്മദ് അൽബറാഹിം പറഞ്ഞു. സർവീസ് ആരംഭിച്ചതു മുതൽ യാത്രക്കാർക്ക് വ്യത്യസ്തവും സമ്പന്നവുമാർന്ന യാത്രാനുഭവം സമ്മാനിക്കാൻ കമ്പനി സർവീസ് ശൃംഖല വിപുലീകരിച്ചുവരികയാണ്. വ്യോമയാന മേഖലാ വികസനവും തന്ത്രവുമായും ബന്ധപ്പെട്ട് വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾ കമ്പനി തുടരും. സാമ്പത്തിക, ടൂറിസം മേഖലകളിൽ ഏറെ പ്രധാനപ്പെട്ട പ്രവിശ്യയായ അൽബാഹയെ കമ്പനി സർവീസ് ശൃംഖലയിൽ ഉൾപ്പെടുത്തുന്നതിൽ ആഹ്ലാദമുണ്ട്. അൽബാഹയിലേക്കുള്ള യാത്രാവശ്യം വർധിച്ചുവരികയാണ്. ദക്ഷിണ സൗദിയിൽ സർവീസ് വിപുലീകരിക്കുന്നത് പൊതുവിൽ സ്വദേശികളും വിദേശികളുമായ മേഖലാ നിവാസികൾക്ക് ഗുണം ചെയ്യും. പ്രവിശ്യയിൽ സാമ്പത്തിക, ടൂറിസം വികസന മേഖലകൾക്ക് പിന്തുണ നൽകാൻ വ്യോമയാന സേവനം സഹായകമാകുമെന്നും അഹ്മദ് അൽബറാഹിം പറഞ്ഞു.
അൽബാഹയിൽനിന്ന് സൗദിയിലെ മുഴുവൻ പ്രധാന പ്രവിശ്യകളെയും നഗരങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവീസുകൾ ആരംഭിക്കുന്നത് കാണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അൽബാഹ കിംഗ് സൗദ് എയർപോർട്ട് ഡയറക്ടർ എൻജിനീയർ ഫൈഹാൻ ബിൻ മുഹ്‌സിൻ അൽഗാംദി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ടൂറിസ്റ്റുകൾക്കും സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതും വൈവിധ്യമാർന്ന യാത്രാ ചോയ്‌സുകൾ ലഭ്യമാക്കുന്നതും ഉറപ്പുവരുത്തുന്ന നിലക്ക് അൽബാഹ എയർപോർട്ടിൽ സർവീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികളുടെയും പദ്ധതികൾക്ക് എല്ലാ പിന്തുണകളും നൽകുമെന്നും എൻജിനീയർ ഫൈഹാൻ ബിൻ മുഹ്‌സിൻ അൽഗാംദി പറഞ്ഞു.






