ന്യൂദൽഹി- ബോളിവുഡ് ചലച്ചിത്രം പദ്മാവതിന്റെ പ്രദർശനം വിലക്കിയുള്ള നാലു സംസ്ഥാനങ്ങളുടെ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മറ്റ് സംസ്ഥാനങ്ങൾ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സിനിമകൾ നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ പത്തൊൻപതാം അനുച്ഛേദം ഉറപ്പ് നൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം സിനിമകൾക്കും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പത്മാവത് എന്ന സിനിമക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനങ്ങൾ സിനിമ നിരോധിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥതയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സിനിമാ നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചു. സിനിമയെ പറ്റി ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ ട്രിബ്യൂണലിനെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ പ്രദർശിപ്പിച്ചാൽ ക്രമസമാധാന നില തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾ കത്തിക്കുമെന്നും കർണി സേനയുടെ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പരിശോധിക്കുമെന്നും എന്നാൽ ഉത്തരവ് നടപ്പാക്കൽ ഏറെ പ്രയാസമേറിയ ഒന്നാണെന്നും രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതിനെ തുടർന്ന് കർണി സേന പ്രവർത്തകർ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ തടസപ്പെടുത്തിയിരുന്നു. രജപുത്ര രാജവംശത്തിലെ പത്മിനി റാണിയുടെ കഥ പറയുന്നതാണ് പത്മാവതി എന്ന സിനിമ. അപകീർത്തികരമായ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞാണ് കർണി സേനയുടെ പ്രതിഷേധം.