നയന്‍താര  ചായ്‌വാലയില്‍  വന്‍ നിക്ഷേപം നടത്തി 

ചെന്നൈ-മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ്  നയന്‍താര. പിന്നീട് തമിഴിലേക്കും മറ്റു ഭാഷകളിലേക്കും കാലെടുത്തു വെക്കുകയായിരുന്നു. തമിഴില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി നയന്‍താര മാറി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരും വന്നു. നായികാ കഥാപാത്രങ്ങള്‍ക്ക് മൂല്യമുള്ള ഒട്ടേറെ സിനിമകളിലും നയന്‍താര വേഷമിട്ടു.   ഇപ്പോള്‍ അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. വ്യവസായ മേഖലയിലേക്ക് കൂടി കാലെടുത്തുവച്ചിരിക്കുകയാണ് നടി. ചായ് വാലയില്‍ വന്‍ നിക്ഷേപം നയന്‍താര നടത്തി എന്നാണ് പുതിയ വിവരം. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്‍ഡ് ആണ് ചായ് വാല. റസ്റ്ററന്റ് ശൃംഖലകളില്‍ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ കമ്പനി. നിലവില്‍ 20 സ്‌റ്റോറുകളാണ് കമ്പനിക്കുള്ളത്. ഇത് 35 ആക്കി ഉയര്‍ത്താനാണ് പദ്ധതി. ചായ് വാലയുടെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരിയാണ്. പുതിയ നിക്ഷേപത്തെ കുറിച്ചും റസ്റ്ററന്റുകള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങള്‍ സംബന്ധിച്ചുമെല്ലാം വിദുര്‍ മഹേശ്വരിയാണ് വിശദീകരിച്ചത്. നയന്‍താര മാത്രമല്ല ഇപ്പോള്‍ നിക്ഷേപം ഇറക്കിയിരിക്കുന്നത്. നയന്‍താരയും പങ്കാളി വിഘ്‌നേഷ് ശിവനും പുറമെ മറ്റു ചില വ്യവസായ ഗ്രൂപ്പുകളും വ്യക്തികളും ചായ് വാലയില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ചായ് വാലയുടെ സ്‌റ്റോറുകള്‍ 35 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിക്ഷേപം അതിന് വേണ്ടി ചെലവഴിക്കും. കോവിഡ് ആശങ്ക കുറഞ്ഞാല്‍ അതിവേഗം വ്യാപിക്കാനുള്ള ഒരുക്കങ്ങളാണ് ചായ് വാല നടത്തുന്നത്. എന്നാല്‍ നയന്‍താരയും മറ്റുള്ളവരും എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് എന്ന കണക്ക് വിദുര്‍ മഹേശ്വരി പുറത്തുവിട്ടില്ല. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സ്‌റ്റോറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ചായ് വാല. 
 

Latest News