ജിദ്ദ- ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ വൻതോതിൽ ലഹരി ഗുളികശേഖരം പിടികൂടി. അതിവിദഗ്ധമായ രീതിയിൽ ഒരു എമർജൻസി കാർഗോയിൽ ഒളിപ്പിച്ച നിലയിൽ 87,35,000 ക്യാപ്റ്റജൻ ഗുളികകളാണ് സക്കാത്ത്, ടാക്‌സ് ആൻ കസ്റ്റംസ് അതോറിറ്റി അധികൃതർ കണ്ടെത്തിയത്. കൊക്കോകുരു ചാക്കുകൾക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് ശേഖരമാണ് ഉദ്യോഗസ്ഥരുടെ ജാഗ്രത കാരണം കണ്ടെത്തിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളുമായി സഹകരിച്ച് ഭാവിയിലും സൗദിയിലേക്കുള്ള മയക്കുമരുന്ന് കടത്ത് ശ്രമം തടയുമെന്ന് സക്കാത്ത്, ടാക്‌സ് ആൻ കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമിച്ചതിന് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്.
ലഹരി കടത്ത് തടയുന്നതിനായി സൗദി തീരങ്ങളിലെ മുഴുവൻ ഇറക്കുമതി, കയറ്റുമതി ചരക്കുകളും യാത്രക്കാരുടെ ലഗേജുകളും സൂക്ഷ്മമായി പരിശോധിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. കള്ളക്കടത്ത് സംഘത്തിന്റെ നീക്കങ്ങളെ ചെറുക്കാൻ സൗദിയിലെ കര, നാവിക, വ്യോമ അതിർത്തികളിൽ ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. രാജ്യസുരക്ഷക്ക് വലിയ തോതിൽ ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം ഹീന പ്രവൃത്തികളെ ചെറുക്കാൻ മുഴുവൻ ഗവൺമെന്റ് വകുപ്പുകളുമായും അതോറിറ്റി ഏകോപനം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ലഹരികടത്ത് ഉൾപ്പെടെ സൗദി കസ്റ്റംസ് നിയമാവലിക്ക് വിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന നമ്പറിൽ വിളിച്ച് സെക്യൂരിറ്റി റിപ്പോർട്ട് സെന്ററിൽ വിവരമറിയിക്കണമെന്ന് സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.