ദുബായ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി 10, 11 തീയതികളില്‍ യു.എ.ഇ സന്ദര്‍ശിക്കും. ദ്വിദിന സന്ദര്‍ശനത്തില്‍ അദ്ദേഹം ദുബായിലും അബുദാബിയിലുമെത്തും.
11 മുതല്‍ 13 വരെ ദുബായില്‍ നടക്കുന്ന രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ഈവര്‍ഷത്തെ ഉച്ചകോടിയിലെ മുഖ്യാതിഥിയാണ് ഇന്ത്യ. ഉച്ചകോടിയില്‍ വിവിധ രാഷ്ട്രത്തലവന്മാരും 140 രാജ്യങ്ങളില്‍ നിന്നുള്ള 4000 പ്രതിനിധികളും പങ്കെടുക്കും.
ബഹിരാകാശ ഗവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യുവജനക്ഷേമം, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍, കാലാവസ്ഥാ മാറ്റം പോലെയുള്ള വെല്ലുവിളികള്‍ നേരിടല്‍, തുടങ്ങിയവ മുന്‍നിര്‍ത്തി 2013ല്‍ ആണ് ഉച്ചകോടിക്കു തുടക്കമായത്. സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉച്ചകോടിയില്‍ പ്രധാനവിഷയമാകുമെന്നു യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. ബഹിരാകാശ ശാസ്ത്രരംഗത്ത് ഉള്‍പ്പെടെ ഒട്ടേറെ അനുഭവസമ്പത്തുള്ള രാജ്യമാണ് ഇന്ത്യ. ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 10ന് അബുദാബിയില്‍ വഹത് അല്‍ കറാമ സ്മാരകത്തില്‍ അദ്ദേഹം യു.എ.ഇ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.11 ന് ദുബായ് ഓപറയില്‍ ക്ഷണിക്കപ്പെട്ട രണ്ടായിരം അതിഥികളെ മോഡി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയായശേഷം മോഡിയുടെ രണ്ടാമത്തെ യു.എ.ഇ സന്ദര്‍ശനമാണിത്. സാമ്പത്തിക, സുരക്ഷാ, നയതന്ത്ര മേഖലകളില്‍ ഇരുരാജ്യങ്ങളുടേയും സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ മോഡിയുടെ സന്ദര്‍ശനം സഹായകമാകും.






