മാനസയ്ക്ക് കണ്ണൂരിന്റെ  യാത്രാമൊഴി

കണ്ണൂര്‍-കോതമംഗലത്ത് വെടിയേറ്റു കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മാനസയ്ക്ക് പിറന്ന നാടിന്റെ യാത്രാമൊഴി.ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അന്തിമോപാചാരമര്‍പ്പിച്ചു. ദുരന്തത്തിന്റെ ആഘാതം താങ്ങാനാവാതെ നിലവിളികളോടെയാണ് മാതാപിതാക്കളും ബന്ധുക്കളും മാനസയുടെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടത്. പിതാവ് മാധവന്‍, അമ്മ സബീന സഹോദരന്‍ അശ്വന്ത് എന്നിവരുടെ ദു:ഖം കൂടി നില്‍ക്കുന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. അഴിക്കോട് എം.എല്‍.എ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ അന്തിമോപചരമര്‍പ്പിച്ചു. തുടര്‍ന്ന് ഒന്‍പതരയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഇന്നലെ രാത്രിയാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കണ്ണുരിലെത്തിച്ചത്.
തുടര്‍ന്ന് എ.കെ.ജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. മാനസയെ വെടിവെച്ചുകൊന്ന രഖിലിന്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ പാലയാട് മേലുര്‍ കടവിലെ രാഹുല്‍ നിവാസില്‍ പൊതുദര്‍ശനത്തിന് വെച്ചു.തുടര്‍ന്ന് പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശനത്തില്‍ സംസ്‌കരിച്ചു
മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സഹപാഠികളായ കൂടുതല്‍ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുന്‍പ് രഖില്‍ നടത്തിയ അന്തര്‍ സംസ്ഥാന യാത്രകളും പോലീസ് പരിശോധിക്കുന്നുണ്ട്. രഖില്‍ നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രഖിലിന്റെ അടുത്ത സുഹൃത്ത് ആദിത്യനില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നു പോലീസ് പറയുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തോക്കിനെക്കുറിച്ചുള്ള സൂചനകള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറില്‍ നിന്നാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്റര്‍നെറ്റില്‍ നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7 ന് പോലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാര്‍ യാത്ര.
കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
 

Latest News