റിയാദ് - ഒരു വർഷത്തിനിടെ 25,400 ഓളം തൊഴിൽ കേസുകളിൽ രാജ്യത്തെ ലേബർ കോടതികൾ വിധികൾ പ്രസ്താവിച്ചതായി കണക്ക്. ഏറ്റവും കൂടുതൽ തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധികൾ പ്രസ്താവിച്ചത് മക്ക പ്രവിശ്യയിലെ കോടതികളാണ്. മക്ക പ്രവിശ്യയിലെ കോടതികൾ 7,930 വിധികൾ പ്രസ്താവിച്ചു. സൗദിയിലെ ലേബർ കോടതികൾ ഒരു വർഷത്തിനിടെ ആകെ പ്രഖ്യാപിച്ച വിധികളുടെ 31.3 ശതമാനമാണിത്.
രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിലെ ലേബർ കോടതികൾ 6,920 തൊഴിൽ കേസുകളിലും വിചാരണകൾ പൂർത്തിയാക്കി വിധികൾ പ്രസ്താവിച്ചു. മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിലെ കോടതികൾ 5,168 ഉം മദീനയിലെ കോടതികൾ 2,174 ഉം അസീറിലെ കോടതികൾ 846 ഉം അൽഖസീമിലെ കോടതികൾ 746 ഉം ജിസാനിലെ കോടതികൾ 436 ഉം തബൂക്കിലെ കോടതികൾ 330 ഉം ഹായിലിലെ കോടതികൾ 293 ഉം അൽജൗഫിലെ കോടതികൾ 169 ഉം നജ്റാനിലെ കോടതികൾ 121 ഉം അൽബാഹയിലെ കോടതികൾ 119 ഉം ഉത്തര അതിർത്തി പ്രവിശ്യയിലെ കോടതികൾ 77 ഉം തൊഴിൽ കേസുകളിൽ വിചാരണകൾ പൂർത്തിയാക്കി ഒരു വർഷത്തിനിടെ വിധികൾ പ്രസ്താവിച്ചു.
വേതന കുടിശ്ശിക, സർവീസ് ആനുകൂല്യം, അലവൻസുകൾ, സർവീസ് സർട്ടിഫിക്കറ്റ്, തൊഴിലാളികൾക്കെതിരെ തൊഴിലുടമകൾ സ്വീകരിച്ച ശിക്ഷാ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ കേസുകളിലാണ് ഒരു വർഷത്തിനിടെ ലേബർ കോടതികൾ വിധികൾ പ്രസ്താവിച്ചത്.
വിവിധ പ്രവിശ്യകളിലെ ലേബർ ഓഫീസുകൾക്കു കീഴിലെ അനുരഞ്ജന തൊഴിൽ തർക്ക പരിഹാര സമിതികൾക്കാണ് തൊഴിൽ കേസുകൾ ആദ്യം നൽകേണ്ടത്. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും തൃപ്തികരമായ നിലക്ക് തൊഴിൽ കേസുകൾക്ക് രമ്യമായി പരിഹാരം കാണാൻ സമിതി പ്രവർത്തിക്കും.
തൊഴിൽ കേസുകൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണാൻ സമിതിക്ക് 21 ദിവസമാണ് അനുവദിക്കുന്നത്. ഇതിനകം പരിഹാരം കാണാൻ കഴിയാത്ത തൊഴിൽ കേസുകൾ ലേബർ കോടതികൾക്ക് കൈമാറുകയാണ് ചെയ്യുക. പ്രധാന നഗരങ്ങളിൽ തൊഴിൽ കേസുകൾക്കു മാത്രമായി പ്രത്യേക ലേബർ കോടതികൾ പ്രവർത്തിക്കുന്നുണ്ട്. മറ്റിടങ്ങളിൽ ജനറൽ കോടതികളിൽ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളാണ് തൊഴിൽ കേസുകൾ പരിശോധിക്കുന്നത്.