കരുവന്നൂര്‍ പ്രതികളെ സി.പി.എം ഭയക്കുന്നു, കേസ് സി.ബി.ഐക്ക് വിടണം- വി.ഡി. സതീശന്‍

തിരുവനന്തപുരം- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികളെ സി.പി.എം ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികളെ ചോദ്യം ചെയ്താല്‍ സി.പി.എം നേതാക്കള്‍ക്ക് കേസിലുളള പങ്ക് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വന്‍തോതിലുള്ള തട്ടിപ്പ് കരുവന്നൂരില്‍ നടന്നുവെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തതിനാലാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാര്‍ക്ക് നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതനുസരിച്ച് പത്രങ്ങളില്‍ എല്ലാം വാര്‍ത്തകള്‍ വന്നു. എന്നാല്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. സുപ്രീം കോടതി വിധി പാലിച്ചായിരിക്കണം അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതികളെ ചോദ്യംചെയ്യലിന് വിട്ടു നല്‍കുമെന്നിരിക്കേ  പ്രതികളെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്തിനാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പോലീസ് അന്വേഷിച്ചാല്‍ സര്‍ക്കാര്‍ പോലീസിനെ സ്വാധീനീക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ ഇക്കാര്യം സി.ബി.ഐ അന്വേഷണത്തിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

 

Latest News