റാമല്ല- ഫലസ്തീന്‍ അഭയാര്‍ഥി റിലീഫ് ഏജന്‍സിക്ക് നല്‍കിയിരുന്ന സഹായം നിഷേധിച്ച അമേരിക്കയുടെ നടപടി ഫലസ്തീനിലെ സ്‌കൂളുകളും ആശുപത്രികളും അടച്ചു പൂട്ടാന്‍ കാരണമാകുമെന്ന് ആശങ്ക. യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സഹായം മരവിപ്പിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഇരുട്ടടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2015 ഏജന്‍സി അതിന്റെ മുഴുവന്‍ സ്‌കൂളുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു. കഴിഞ്ഞ വര്‍ഷവും ഏജന്‍സിക്ക് ലക്ഷക്കണക്കിനു ഡോളറിന്റെ കമ്മിയാണ് നേരിട്ടത്.
ഹ്രസ്വകാലത്തേക്കെങ്കിലും സ്‌കൂളുകള്‍ പൂട്ടാതിരിക്കണമെങ്കില്‍ 60 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്ന് ഏജന്‍സി മേധാവി പിയര്‍ ക്രാഹന്‍ബുല്‍ പറഞ്ഞു. യു.എസ് ഫണ്ട് മരവിപ്പിച്ച നടപടി ഏജന്‍സിയെ അതിന്റെ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുകയെന്ന് വക്താവ് ക്രിസ് ഗുന്നസ് പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് വരുംദിവസങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി നടത്താനിരിക്കുന്ന ചര്‍ച്ചകളിലാണ് ഇനി പ്രതീക്ഷ. ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം കൂടുതല്‍ സഹായം ആവശ്യപ്പെടും. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വലിയ തോതിലുള്ള സഹായം പ്രതീക്ഷിക്കാനാവില്ലെന്നാണ് യൂറോപ്യന്‍ നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ തന്നെ മുന്നോട്ടുവന്നെങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ ഏജന്‍സിക്ക് സാധ്യമാവൂ.
ഇസ്രായില്‍ രൂപീകരണത്തിലേക്ക് നയിച്ച 1948 ലെ യുദ്ധത്തിനു പിന്നാലെയാണ് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക് എജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യൂ.എ) രൂപീകരിച്ചത്. ഇസ്രായില്‍ അധിനിവേശത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം ഫലസ്തീനികള്‍ ഭവനരഹിതരായിരുന്നു. പലായനം ചെയ്യപ്പെട്ട ഫലസ്തീനികള്‍ക്ക് സഹായം ലഭ്യമാക്കുകയായിരുന്നു ഏജന്‍സിയുടെ ലക്ഷ്യം. ഗാസ, വെസ്റ്റ് ബാങ്ക്, ലബനോന്‍, സിറിയ എന്നിവിടങ്ങളിലടക്കം മിഡില്‍ ഈസ്റ്റില്‍ അഭയാര്‍ഥികളാക്കപ്പെട്ട 50 ലക്ഷത്തോളം ഫലസ്തീനികളാണ് ഇപ്പോള്‍ ഏജന്‍സിയുടെ സഹായത്തിന് അര്‍ഹരായിട്ടുള്ളത്. ഏറ്റവും വലിയ സഹായം വിദ്യാഭ്യാസമാണ്. ഏജന്‍സിക്ക് കീഴില്‍ 20,000 അധ്യാപകരുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുപുറമെ, ആരോഗ്യ മേഖലയിലാണ് ഏജന്‍സി പ്രധാനമായും ശ്രദ്ധിക്കുന്നത്.
അമേരിക്കയാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തുക നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം 350 ദശലക്ഷം ഡോളറായിരുന്നു യു.എസ് വിഹിതം. ഇതിന്റെ പകുതിയിലും താഴെയാണ് യൂറോപ്യന്‍ യൂനിയന്റെ സഹായം. 65 ദശലക്ഷം ഡോളര്‍ സഹായം മരവിപ്പിക്കുമെന്നും ഹ്രസ്വകാലത്തേക്ക് ഏജന്‍സി നടത്താന്‍ 60 ദശലക്ഷം ഡോളര്‍ നല്‍കുമെന്നുമാണ് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ വര്‍ഷം നല്‍കുന്ന ആദ്യ വിഹിതമാണിത്. തുടര്‍ന്നുള്ള സംഭാവനകള്‍ക്കും ഇതുതന്നെ ആയിരിക്കുമോ സ്വീകരിക്കുകയെന്ന് വ്യക്തമല്ല. ഫലസ്തീന്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്താനല്ല, സഹായം വെട്ടിക്കുറക്കുന്നതെന്നും ഏജന്‍സി പരിഷ്‌കരിക്കണമെന്നും മറ്റു രാജ്യങ്ങളും സഹായം നല്‍കണമെന്നുമാണ് യു.എസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഫലസ്തീനി പട്ടിണി പാവങ്ങളുടെ നിലനില്‍പിന് ഏജന്‍സി അനിവാര്യമാണെന്നും ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അന്തിമ തീര്‍പ്പാകുന്നതുവരെ ഏജന്‍സി തുടരണമെന്നും ഫലസ്തീനികള്‍ ആവശ്യപ്പെടുന്നു. വര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇസ്രായിലിന് അമേരിക്ക നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഏജന്‍സിയാണ് സംഘര്‍ഷം തുടരാന്‍ കാരണമെന്ന് ആരോപിക്കുന്ന ഇസ്രായില്‍ രാഷ്ട്രീയ നേതാക്കള്‍ അയല്‍ രാജ്യങ്ങളിലുള്ള ഫലസ്തീനികളെ അതത് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.
യു.എസ് ഭരണകൂടവും ഫലസ്തീന്‍ അധികൃതരും തമ്മിലുള്ള ബന്ധം ഈയടുത്തായി വഷളായിരുന്നു. ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിച്ച് ഡിസംബര്‍ ആറിന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനമായിരുന്നു കാരണം. വര്‍ഷം തോറും ഫലസ്തീനികള്‍ക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ നല്‍കിയിട്ടും അവരില്‍നിന്ന് നന്ദിയോ കടപ്പാടോ ലഭിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അഭയാര്‍ഥി സഹായ ഏജന്‍സി പരിഷ്‌കരിക്കാനാണ് സഹായം മരവിപ്പിച്ചതെന്ന് യു.എസ് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അമേരിക്കയിലെ വലതുപക്ഷ തീവ്ര ദേശീയവാദക്കാരെ സന്തോഷിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.