കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍

കൊണ്ടോട്ടി- കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി.മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജെയ്‌സല്‍(28),കൊളപ്പാടന്‍ മുഹമ്മദ് നിസാം(30),കോഴിക്കോട് കൊടുവള്ളി വാവാട് കൊന്നോത്ത് റിയാസ്(28) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തിലും പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മഞ്ചേരിയിലെ ലോഡ്ജില്‍ വെച്ച് മര്‍ദിച്ച് സാധനങ്ങള്‍ തട്ടിയെടുത്ത കേസിലും ഉള്‍പ്പെട്ടവരാണ് മൂന്ന് പേരും. നിരവധി ആക്രമണ കേസുകളില്‍ പ്രതികളായിട്ടുള്ള മൂവരേയും തമഴ്‌നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം ജില്ലാ അതിര്‍ത്തിയായ വഴിക്കടവ്് വെച്ചാണ് പിടികൂടിയത്.
കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കരുവാരകുണ്ട് പോലിസ് സ്റ്റേഷനിലും എടവണ്ണയില്‍ പോലിസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന് എടവണ്ണ സ്‌സ്റ്റേഷനിലും, അനധികൃത മണല്‍ കടത്തിന് പത്തോളം കേസുകളും വിവിധ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെയുണ്ട്. മണല്‍ക്കടത്തില്‍ നിന്നാണ് ഇവര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടിയിലാകുമ്പോള്‍ ഇവരില്‍നിന്ന് സ്വര്‍ണമിടപാടിന്റെ രേഖകളും  മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീടുകളിലും പോലിസ് തെളിവെടുപ്പ് നടത്തി. ലഭിച്ച രേഖകള്‍ പോലിസ് പരിശോധിച്ച് വരികയാണ്. പിടിയിലായ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്. ഇയാളുടെ പേരില്‍ കൊടുവള്ളി സ്റ്റേഷനില്‍ കൊലപാതക ശ്രമ കേസ് നിലവിലുണ്ട്.
കരിപ്പൂരിലെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി മഞ്ചേരിയിലെ ഫ ്‌ളാറ്റില്‍ വെച്ച് മര്‍ദിച്ച് ഇയാളുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് എടവണ്ണ സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 15 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.കൂടുതല്‍ അന്വോഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

 

 

Latest News