പാമ്പിനെ കഴുത്തില്‍ അണിഞ്ഞ് മാര്‍ക്കറ്റിലൂടെ റോഡ്  ഷോ; മൂന്നു തവണ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു

മുംബൈ- മഹാരാഷ്ട്രയില്‍ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. താനെ ജില്ലയിലാണ് സംഭവം. 28 കാരനായ മുഹമ്മദ് ഷെയ്ഖ് ആണ് മരിച്ചത്. പാമ്പിനെ കഴുത്തില്‍ അണിഞ്ഞ് മാര്‍ക്കറ്റിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് സംഭവം.
മുംബൈയിലെ സഞ്ജയ് നഗറില്‍ നിന്നുമാണ് യുവാവ് പാമ്പിനെ പിടിച്ചത്. തുടര്‍ന്ന് അതിനെ കഴുത്തില്‍ ചുറ്റി മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്നു. ഇടയ്ക്കിടെ യുവാവ് പാമ്പിനൊപ്പം കളിക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ പാമ്പ് ഇയാളെ മൂന്ന് തവണ കടിച്ചു. എന്നാല്‍ ഇത് കാര്യമാക്കാതെ യുവാവ് വീണ്ടും പാമ്പിനെ കളിപ്പിച്ച് നടക്കുകയായിരുന്നു. ഈ വീഡിയോ യുവാവിന്റെ സുഹൃത്ത് റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയുമുണ്ടായി. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം മുഹമ്മദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അപകടമരണത്തിന് കേസെടുത്തു.

Latest News