വിദേശത്ത് പോകാന്‍ മകള്‍ തടസ്സമായി; ക്രൂരമായി മര്‍ദിച്ച പിതാവ് പിടിയില്‍

കൊച്ചി- ആറ് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ തോപ്പുംപടി പോലീസ് അറസ്റ്റു ചെയ്തു. രാമേശ്വരം കോളനിയില്‍ അല്ലേലില്‍ പുരയിടം വീട്ടില്‍ സേവ്യര്‍ റോജന്‍ (33) ആണ് പിടിയിലായത്. ഇയാള്‍ പതിവായി കുട്ടിയെ മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് വിവരം കൈമാറി. തുടര്‍ന്ന് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ വിവിധയിടങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായി ബന്ധം വേര്‍പെടുത്തി കുട്ടിയുമായി കഴിയുകയാണിയാള്‍. ഇയാള്‍ക്ക് വിദേശത്തേക്ക് ജോലിക്ക് പോകുവാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മകളെ കൊണ്ടു പോകുന്നതിന് തടസങ്ങളുയര്‍ന്നതോടെ ഇയാള്‍ക്ക് മകളെ കണ്ടു കൂടാതതായി. ഇതോടെ മകളോട് ശത്രുത ഉണ്ടാവുകയും അകാരണമായി മര്‍ദനം തുടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നതോടെ ഇയാള്‍ക്ക് ഇവിടെയും ജോലിക്ക് പോകാന്‍ കഴിയാതിരുന്നതും കുട്ടിയെ മര്‍ദിക്കാന്‍ കാരണമായി. കുട്ടിയെ ശിശു ക്ഷേമ ഭവനിലേക്ക് മാറ്റി. പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News