Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

1.3 കോടി ദിര്‍ഹം കവര്‍ന്ന മോഷ്ടാക്കളെ ദുബായ് പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

ദുബായ്- 1.3 കോടി ദിര്‍ഹം വില വരുന്ന ആഭരണങ്ങളും വിലയേറിയ വാച്ചുകളും മറ്റും കവര്‍ച്ച നടത്തി മുങ്ങിയ വിദേശികളായ മോഷ്ടാക്കളെ ദുബായ് പോലീസ് 10 മണിക്കൂറിനുള്ളില്‍ വലയിലാക്കി. ഒരു സ്‌റ്റോറിന്റെ ജാലകം തകര്‍ത്ത് അകത്തു പ്രവേശിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. പ്രതികളെല്ലാം യുറോപ്യന്‍ പൗരന്മാരാണ്. മോഷ്ടിച്ച മോട്ടോര്‍സൈക്കിളിലെത്തിയാണ് ഇവര്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയതെന്നും കണ്ടെത്തി. ഒരു തെളിവു പോലും അവശേഷിപ്പിക്കാതെയാണ് കൊള്ളസംഘം മുങ്ങിയതെങ്കിലും ഉടനടി പ്രതികളെ പിടികൂടാന്‍ സാധിച്ചുവെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ് അല്‍ മര്‍റി പറഞ്ഞു. 

മോഷ്ടിച്ച എല്ലാ വസ്തുക്കളും വീണ്ടെടുത്ത് ഉടമസ്ഥര്‍ക്ക് കൈമാറി. സ്റ്റോറിലെ വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്തത് മുതലെടുത്താണ് കവര്‍ച്ച സംഘം കൊള്ള നടത്തിയെന്നും പോലീസ് പറഞ്ഞു. കവര്‍ച്ചയില്‍ വൈദഗ്ധ്യമുള്ള സംഘടിത കൊള്ളസംഘത്തിലുള്‍പ്പെട്ടവരാണ് പ്രതികളെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.
 

Latest News