Sorry, you need to enable JavaScript to visit this website.

'മാലിക്കി'ലെ ഡോക്ടർ

പാർവതി ആർ. കൃഷ്ണ
പാർവതി ആർ. കൃഷ്ണയും ഭർത്താവ് ബാലഗോപാലും
പാർവതി ആർ. കൃഷ്ണ


മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത മാലിക് കണ്ടവർക്ക് ഡോ. ഷെർമിൻ അൻവറിനെ മറക്കാനാവില്ല. ചെറിയ വേഷത്തിൽ കുറച്ചു സീനിൽ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും ചിത്രത്തിലെ ടേണിംഗ് പോയന്റായിരുന്നു ആ കഥാപാത്രം. കേന്ദ്ര കഥാപാത്രമായ സുലൈമാൻ മാലിക്കെന്ന അലിക്കയെ ജയിലിൽവെച്ച് കൊലപ്പെടുത്തുന്നത് ഷെർമിനാണ്. ഇതിനു പിന്നിൽ ഒരു പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. സ്വന്തം പിതാവായ അൻവറിനെ അപകടത്തിലൂടെ ശയ്യാവലംബിയാക്കിയവനോടുള്ള പ്രതികാരം. റമദാ പള്ളിയിൽ നടന്ന ഒരു കലാപത്തിന്റെ മറവിലായിരുന്നു തിരുവനന്തപുരം സബ് കലക്ടറായിരുന്ന അൻവർ ഐ.എ.എസിന്റെ ദുരന്തവും.


ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ മാലിക് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അലിക്കയായി ഫഹദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായികയായ റോസ്‌ലിനായി നിമിഷ സജയനും കലക്ടറായി ജോജു ജോർജും ഡോക്ടറായി പാർവതി ആർ. കൃഷ്ണയും തിളങ്ങിനിൽക്കുന്നു.


കടലിനെ ചുറ്റിപ്പറ്റിയാണ് മാലിക്കിന്റെ കഥ ചുരുളഴിയുന്നത്. റമദാ പള്ളിയെന്ന തീരദേശവും അവിടത്തെ താമസക്കാരുമാണ് കഥാപാത്രങ്ങൾ. അവരുടെ നേതാവാണ് സുലൈമാൻ മാലിക്കെന്ന അലിക്ക. കടലിന്റെ സ്വഭാവത്തോട് സാമ്യമുള്ള അലിക്കയുടെ ജീവിതമാണ് മാലിക് പറയുന്നത്. തിരകൾ കരയോട് അടുക്കുന്നതു പോലുള്ള ജീവിതം. ചിലപ്പോൾ ശാന്തമായിരിക്കും. മറ്റു ചിലപ്പോൾ ആഞ്ഞടിക്കും. ജീവിതത്തിൽ കഴിഞ്ഞ കാലത്തിന്റെ മുറിവുണക്കാൻ ഹജിനു പോകാനൊരുങ്ങുന്ന അലിക്കയുടെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന തിരയടിയാണ് പിന്നീട് കാണുന്നത്. അവിടെനിന്നും പിന്നിലേക്കാണ് സിനിമയുടെ സഞ്ചാരം.


ജയിലിലെ ഡോക്ടറായ ഷെർമിനെ തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിച്ചതിലൂടെ പാർവതി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിൽ നിന്നാണ് പാർവതിയുടെ വരവ്. കുട്ടിക്കാലം തൊട്ടേ കലാരംഗത്ത് തിളക്കമാർന്ന വിജയം കൈവരിച്ച ഈ കലാകാരി മിനി സ്‌ക്രീനിലും സുപരിചിതയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ജയേഷ് പത്തനാപുരത്തിന്റെ 'സൂര്യനും സൂര്യകാന്തി'യും എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. കോളേജ് പഠനകാലത്താണ് അമിഗോസ് എന്ന സീരിയലിൽ അഭിനയിച്ചത്. സീരിയൽ പുറത്തിറങ്ങിയില്ലെങ്കിലും ഇതിലെ ഒരു ഗാനരംഗം യൂട്യൂബിൽ കണ്ടാണ് അസോസിയേറ്റ് ഡയറക്ടറായ കിരൺ റാഫേൽ സിനിമയിലേയ്ക്കു ക്ഷണിക്കുന്നത്.

 

എയ്ഞ്ചൽ എന്ന ചിത്രത്തിൽ ആശാ ശരത്തിനൊപ്പം കവിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് കെ.കെ. രാജീവിന്റെ 'അമ്മമാനസ'ത്തിലെ സുചിത്രയായും 'ഈശ്വരൻ സാക്ഷി' യിലെ മീനാക്ഷിയായും ദേവരാജിന്റെ 'രാത്രിമഴ 'യിലെ നിരഞ്ജനയായുമെല്ലാം പ്രേക്ഷകമനസ്സ് കീഴടക്കിയതിനു ശേഷമാണ് പാർവതി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു സജീവമായി കടന്നുവന്നത്. സംഗീത സംവിധായകനും അവതാരകനുമെല്ലാമായ ബാലഗോപാലിന്റെ ഭാര്യയായി തലസ്ഥാന നഗരിയിലേയ്ക്കു ചേക്കേറിയിരിക്കുന്ന ഈ അഭിനേത്രി മാലിക്കിന്റെ വിശേഷങ്ങൾ മലയാളം ന്യൂസുമായി പങ്കുവെക്കുന്നു.

 

മാലിക്കിലേക്കുള്ള വഴി?
സത്യത്തിൽ ആദ്യമേ അഭിനയിക്കേണ്ടെന്നു തീരുമാനിച്ച സിനിമയായിരുന്നു മാലിക്. അസിസ്റ്റന്റ് ഡയറക്ടറായ ശാലിനി ചേച്ചിയാണ് ഇത്തരമൊരു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. ഇതിനു മുൻപും ചില സിനിമകൾ വന്നിട്ടുണ്ടായിരുന്നെങ്കിലും ഒഡീഷനിൽ പങ്കെടുക്കാൻ മടിയായിരുന്നു. എന്നാൽ ചേച്ചി പിറകെ കൂടി ഒന്നു ശ്രമിച്ചു നോക്കെന്നു പറഞ്ഞപ്പോഴാണ് ഒടുവിൽ സ്‌ക്രീൻ ടെസ്റ്റിന് ചെന്നത്. അവിടെയെത്തിയപ്പോൾ യാതൊരു തിരക്കുമുണ്ടായിരുന്നില്ല. സംവിധായകൻ മഹേഷേട്ടനാണ് സിനിമയിലെ ഒരു സീൻ അഭിനയിക്കാൻ പറഞ്ഞത്. പിന്നീട് ഒരിക്കൽ കൂടി വിളിപ്പിച്ചു. കൂടെ വേഷമിടുന്ന സനലേട്ടനോടൊപ്പം അഭിനയിച്ചുനോക്കാനായിരുന്നു അത്. ചിത്രത്തിൽ ഫ്രെഡ്ഡിയെന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ വേഷത്തിലായിരുന്നു സനലേട്ടനെത്തിയത്. പ്രായത്തേക്കാൾ വളരെ ചെറിയ വേഷമായിരുന്നു സനലേട്ടന്റേത്. അതുകൊണ്ടു തന്നെ രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുമ്പോൾ മാച്ച് ചെയ്യുമോ എന്ന പരീക്ഷണമായിരുന്നു നടന്നത്. പ്രായം കൂടുതൽ തോന്നുന്നതിനായി കുറച്ച് വണ്ണം കൂട്ടാൻ പറഞ്ഞിരുന്നു. അങ്ങനെ ആ കടമ്പയും കടന്നുകിട്ടി.

 

ഷൂട്ടിംഗ് അനുഭവങ്ങൾ?
ആദ്യ ഷോട്ട് തന്നെ ഫഹദിക്കക്കൊപ്പമായിരുന്നു. ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരു നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. അദ്ദേഹം നല്ല സഹകരണമായിരുന്നു നൽകിയത്. കളിചിരികളില്ലാതെ സെറ്റിൽ എല്ലാവരും വളരെ സീരിയസായിരുന്നു. സീരിയസായ വേഷങ്ങളായിരുന്നു എല്ലാവരുടേതും. ക്ലൈമാക്‌സിൽ നിന്നായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. എല്ലാവരും കഥാപാത്രങ്ങളായി നിൽക്കുകയാണ്. ഡോക്ടറുടെ വേഷമെല്ലാം അണിഞ്ഞപ്പോൾ ഞാനും കഥാപാത്രമായി മാറുകയായിരുന്നു. പെർഫെക് ഷന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്ത സംവിധായകനാണ് മഹേഷേട്ടൻ. അതു കിട്ടുന്നതുവരെ അദ്ദേഹം ടേക്ക് എടുപ്പിക്കും. ഒരു ഷോട്ട് ഇരുപത്തെട്ടു പ്രാവശ്യം വരെ എടുക്കേണ്ടിവന്നിട്ടുണ്ട്.

 

ഡോക്ടറുടെ വേഷം?
മാലിക്കിന്റെ കഥ നേരത്തെ അറിയാമായിരുന്നു. എന്റെയും മറ്റുള്ളവരുടെയുമെല്ലാം കഥാപാത്രങ്ങളും മനസ്സിലാക്കിയിരുന്നു. കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ ഇത് സഹായിച്ചു. കൂടാതെ ഷെർമിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം മഹേഷേട്ടൻ പറഞ്ഞുതന്നിരുന്നു. ഡോക്ടറുടെ മാനറിസങ്ങളൊക്കെ മനസ്സിലാക്കിത്തരാൻ ഒരാളുണ്ടായിരുന്നു. എക്‌സ്‌റേ നോക്കുന്ന രീതിയും മുറിവിൽ മരുന്നുവെച്ചുകൊടുക്കുന്നതുമെല്ലാം അദ്ദേഹമാണ് പറഞ്ഞുതന്നത്.

പ്രേക്ഷക പ്രതികരണം?
നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിളിക്കുന്നു. അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നാൽ പലർക്കും ഈ ചിത്രത്തിൽ ഞാൻ അഭിനയിച്ച കാര്യം അറിയില്ലായിരുന്നു. വീട്ടിലും ഒന്നുരണ്ടു അടുത്ത സുഹൃത്തുക്കളോടും മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂ. പലരും സിനിമ കണ്ടതിനുശേഷം നീ പറഞ്ഞില്ലല്ലോ എന്നും ഞെട്ടിപ്പോയെന്നും പറഞ്ഞാണ് വിളിക്കുന്നത്. ഇത്രയും അഭിനന്ദനങ്ങൾ ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.

 

ഫഹദിന്റെ സഹകരണം?
ഇക്കയെ നേരത്തെ അറിയാമായിരുന്നു. പണ്ട് ഒരു ചാനലിനു വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ആ കൂടിക്കാഴ്ചക്ക് കിട്ടിയത് വമ്പൻ തെറിവിളിയായിരുന്നു. മാലിക്കിലെത്തിയപ്പോൾ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു. അന്ന് ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേ എന്നു ചോദിച്ചു. നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഓരോ സീനിലും എന്നെ കംഫർട്ടാക്കി നിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

സിനിമക്കു പുറത്ത്?
ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിംഗിൽനിന്നും ബി.ടെക് പൂർത്തിയാക്കി ഇന്റീരിയർ ഡിസൈനിംഗിൽ സ്‌പെഷ്യലൈസ് ചെയ്തുകൊണ്ടിരിക്കേയാണ് സിനിമയിലേക്കുള്ള ക്ഷണമെത്തുന്നത്. കൂടാതെ കോസ്റ്റ്യൂം ഡിസൈനിംഗിലും താൽപര്യമുണ്ട്.

കുടുംബ വിശേഷം?
അച്ഛൻ ഗോപീകൃഷ്ണൻ ഏറെക്കാലം ഗൾഫിലായിരുന്നു. അമ്മ കോന്നി അമൃത വിദ്യാലയത്തിലെ അധ്യാപികയായ രമാദേവി. സഹോദരൻ നന്ദുകൃഷ്ണ അബുദാബിയിൽ ജോലി നോക്കുന്നു. ഭർത്താവ് ബാലഗോപാലും മകൻ ഏഴു വയസ്സുകാരൻ അവ്യുക്തുമടങ്ങുന്നതാണ് കുടുംബം.
 

Latest News