കോവിഡ് വ്യാപനം കുറയുന്നു; സാധാരണ  ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങി യു.എ.ഇ

ദുബായ്- ബലി പെരുന്നാൾ ദിനങ്ങൾ ശേഷം കോവിഡ് വ്യാപനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വൈകാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന് സൂചന നൽകി യു.എ.ഇ. ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് ഓഫീസുകളിൽ മടങ്ങിയെത്തി ജോലിയിൽ വ്യാപൃതരാക്കുന്നതിനും ടൂറിസം, സാമ്പത്തിക മേഖലകൾ വീണ്ടും സജീവമാക്കുന്നതിനുമാണ് പദ്ധതി. പ്രതിവാര കോവിഡ് കേസുകളിൽ രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്തെ കർശനമായ നിയന്ത്രണങ്ങളും വാക്‌സിനേഷൻ കാമ്പയിനുകളും വിജയം കണ്ടുവെന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയവും അനുബന്ധ വകുപ്പുകളും വിലയിരുത്തുന്നു.


രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോവുകയാണ്. നിലവിൽ യു.എ.ഇ ജനസംഖ്യയുടെ 77.91 ശതമാനവും ആദ്യ ഡോഡും 69.35 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാൻ തൊഴിലുടമകളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി ഡ്രൈവ് ത്രൂ വാക്‌സിൻ സെന്ററുകൾ തുറന്ന ആരോഗ്യവിഭാഗം വയോധികരെയും കിടപ്പുരോഗികളെയും  പരിശോധിക്കാൻ ഹോം  കെയർ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഇതിനെല്ലാം പുറമെ, കോവിഡിനോട് സമരസപ്പെട്ടുള്ള ജീവിതശൈലിയും രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കുവഹിച്ചതായി നാഷണൽ എമർജൻസി, ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ) വെളിപ്പെടുത്തി. കോവിഡ് നിയന്ത്രിക്കുന്നതിന് രാജ്യം സ്വീകരിച്ച തന്ത്രം വിജയിച്ചുവെന്നാണ് രോഗികളുടെ എണ്ണം ക്രമാനുഗതമായ കുറവ് രേഖപ്പെടുത്താൻ ഇടയാക്കിയതെന്ന് അതോറിറ്റി ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വ്യക്തമാക്കി. എല്ലാവിധ സുരക്ഷാ മുൻകരുതൽ നടപടികളും സ്വീകരിച്ച് രാജ്യത്തെ ടൂറിസം മേഖല തുറന്നുകൊടുക്കാൻ യു.എ.ഇക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ആവശ്യപ്പെടുന്നതെന്ന് എൻ.സി.ഇ.എം.എ അധികൃതർ വിശദമാക്കി. 
ഏറ്റവും വേഗത്തിൽ ജനങ്ങൾക്കിടയിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയതിൽ ലോകരാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് യു.എ.ഇ. പ്രതിദിന കോവിഡ് ടെസ്റ്റുകളിലും രാജ്യം ഏറെ മുൻപന്തിയിലാണ്. 

Tags

Latest News