ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

പത്തനംതിട്ട- ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് മുന്നാം വാര്‍ഡില്‍ മണക്കയം കുമരന്‍കുന്ന് ശ്രുതി ഭവനില്‍ കൃഷ്ണകുമാറിന്റെയും അശ്വതിയുടെയും മകള്‍ മീനു കൃഷ്ണകുമാര്‍(14)നെയാണ്  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിവേലക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകള്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് ചിറ്റാര്‍ പോലിസില്‍ വിവരം അറിയിക്കുകയും രാത്രിയോടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടിക്ക് ചിറ്റാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ രക്്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തിയത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബന്ധുക്കളില്‍ ചിലരും നാട്ടുകാരും പങ്ക് വക്കുന്നു. അസ്വഭാവിക മരണത്തിന് ചിറ്റാര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ്, വിരല്‍ അടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ശ്രുതി, സുജിത്, അജിത്, സുകന്യ എന്നിവര്‍ സഹോദരങ്ങളാണ്.

 

Latest News