യുഎഇ മടക്കയാത്രയ്ക്ക് വ്യാജ അനുമതി, തട്ടിപ്പ് എംബസിയുടെ പേരില്‍; പ്രവാസികള്‍ക്ക് പണം നഷ്ടമായി

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്ന് മടക്കയാത്ര മുടങ്ങിയ പ്രവാസികളെ ഉന്നമിട്ട് നടക്കുന്ന പണം തട്ടലിനെതിരെ ഇന്ത്യയിലെ യുഎഇ എംബസി പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദല്‍ഹിയിലെ യുഎഇ എംബസിയുടെ പേരില്‍ വ്യാജ യാത്രാ അനുമതി പടച്ചുണ്ടാക്കി നല്‍കി പണം തട്ടുന്ന സംഘത്തിന്റെ പ്രവര്‍ത്തനമാണ് വെളിച്ചത്തായത്. യുഎഇ എംബസിയുടേയതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി അതുവഴിയാണ് തട്ടിപ്പ് നടന്നത്. ഇതുവഴി ബന്ധപ്പെടുന്നവര്‍ക്ക് ഫീസ് എന്ന പേരില്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ യാത്രാ അനുമതി എന്ന പേരില്‍ വ്യാജ രേഖ നല്‍കുന്നതായിരുന്നു രീതി. 

യുഎഇയിലേക്ക് മടക്കയാത്രയ്ക്ക് കാത്തിരിക്കുകയായിരുന്ന പലരും ഈ കെണിയില്‍ വീണു. മുന്‍ മന്ത്രി എ കെ ബാലന്റെ മകന്‍ നവീന്‍ ബാലനും ഭാര്യ നമിത വേണുഗോപാലും തലനാരിഴയ്ക്കാണ് ഈ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രാ അനുമതി കത്തിനായി വ്യാജ എംബിസി ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് 16000 രൂപയാണ് ആവശ്യപ്പെട്ടത്. അനുമതി കത്ത് ലഭിക്കണമെങ്കില്‍ ഉടന്‍ പണം അടക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെ സംശയമായി. ഉടന്‍ സൈബര്‍ സെല്ലില്‍ വിവരമറിയിക്കുകയായിരുന്നു. 

ഈ തട്ടിപ്പ് യുഎഇ പത്രമായ ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തതോടെ തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂട്ടുകയും ചെയ്തു. അതേസമയം ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കുന്നതായും പണമിടപാട് നടത്തുന്നതായും കണ്ടെത്തി. എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ യാത്രാ അനുമതിക്ക് ശ്രമിക്കുന്നവരോട് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ദല്‍ഹിയിലെ യുഎഇ എംബസി ഇങ്ങനെ ഒരു സേവനം നല്‍കുന്നില്ല. ഈ തട്ടിപ്പില്‍ വീണുപോകരുതെന്ന് എംബസി മുന്നറിയിപ്പും നല്‍കി.

8000 രൂപ വാങ്ങി തനിക്ക് ഇല്ലാത്ത ഒരു യുഎഇ മന്ത്രാലയത്തിന്റെ പേരിലുള്ള യാത്രാ അനുമതി കത്താണ് തട്ടിപ്പുകാര്‍ നല്‍കിയതെന്ന് ദുബായിലെ ആരോഗ്യ പ്രവര്‍ത്തകയായ ലിന്‍സി മോന്‍സ് പറയുന്നു. ഇന്ത്യയിലുള്ള തന്റെ മകളെ ദുബായിലെത്തിക്കാനാണ് ഇവര്‍ അനുമതി കത്തിനായി തട്ടിപ്പു എംബസിയെ സമീപിച്ചത്. ഈ കത്തില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു വകുപ്പിന്റേതാണ്. തട്ടിപ്പുകാരുടെ വെബ്‌സൈറ്റും ഇമെയില്‍ വിലാസവും ഒറിജിനലെന്ന് തോന്നിപ്പിക്കുന്നതാണെന്ന് തട്ടിപ്പിനിരയായ ഒരു പ്രവാസി പറയുന്നു. 

ഏപ്രില്‍ 24ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ യുഎഇ നിര്‍ത്തിയതോടെ നിരവധി പ്രവാസികളാണ് മടങ്ങി പോകാനാകാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത്. പലരും മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് മടങ്ങുന്നുണ്ട്. ഇതിനിടെയാണ് തട്ടിപ്പുകാര്‍ പണം വാങ്ങി എംബസിയുടെ യാത്രാ അനുമതി എന്ന പേരില്‍ വ്യാജ രേഖ വിതരണം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് പുറത്തായതോടെ സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്.

Latest News