Sorry, you need to enable JavaScript to visit this website.

സുലൈമാൻ സേട്ടിന്റെ ആത്മാവിനെ തെരുവിൽ വെട്ടിക്കീറുന്നവർ

ദൽഹിയിലെ ഐവാന ഹാൾ 1994 ഏപ്രിൽ 23 ന് സാക്ഷ്യം വഹിച്ചത് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ പിറവിക്കായിരുന്നു. അന്നാണ് മൂന്നര പതിറ്റാണ്ടോളം ഇന്ത്യൻ പാർലമെന്റിൽ  ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ഇന്ത്യൻ നാഷനൽ ലീഗ് എന്ന ബദൽ രാഷ്ട്രീയ സംവിധാനത്തിന് രൂപം കൊടുത്തത്. 
ബാബ്‌രി മസ്ജിദിന്റെ തകർച്ചയിൽ കോൺഗ്രസും മുസ്‌ലിം ലീഗും മൗനം പാലിച്ചപ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ നിങ്ങൾക്കാവില്ലെന്ന്  നേതൃത്വത്തിന്റെ മുഖത്ത് നോക്കിപ്പറഞ്ഞുകൊണ്ട് മുസ്‌ലിം ലീഗിൽ നിന്ന് പടിയിറങ്ങിയതാണ് സുലൈമാൻ സേട്ട്. അധികാരമല്ല നിലപാടുകളാണ് രാഷട്രീയത്തിന്റെ ശക്തി എന്ന് വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ പിൻഗാമികളാണ് അധികാരത്തിന്റെ എല്ലിൻ കഷ്ണത്തിനായി കഴിഞ്ഞ ദിവസം തെരുവിൽ കടിപിടി കൂടിയത്. പരസ്പരം പിളർന്ന് മാറിക്കൊണ്ട് സുലൈമാൻ സേട്ടിന്റെ ആത്മാവിനെയാണ് അവർ തെരുവിലിട്ട്  വെട്ടിക്കീറിയത്. 
കേരള രാഷ്ട്രീയത്തിൽ ഐ.എൻ. എൽ എന്ന പ്രസ്ഥാനത്തിന് വലിയ സ്വാധീനമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഉറച്ച രാഷ്ട്രീയ നിലപാടുകളായിരുന്നു അവരുടെ കൈമുതൽ. ആ ചങ്കൂറ്റത്തിലാണ് ന്യൂനപക്ഷത്തിന് പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷത്തിന് ഒരു രാഷ്ട്രീയ ബദൽ എന്ന ആശയം അവർ മുന്നോട്ട് വെച്ചതും. ഒരു പരിധി വരെ ഈ നിലപാടുകൾ അംഗീകരിക്കപ്പെട്ടപ്പോഴും ഭരണകൂടത്തിന്റെ അരിക് പറ്റാൻ  കിട്ടിയ അവസരം പാർട്ടി നേതൃത്വത്തെ മത്തുപിടിപ്പിക്കുകയായിരുന്നു. അതാണ് കൊച്ചിയിലെ തെരുവിൽ കണ്ടതും.
കാൽ നൂറ്റാണ്ടുകാലം ഇടതു രാഷ്ട്രീയത്തോടൊപ്പം ഉറച്ച് നിന്ന ശേഷമാണ് ഐ.എൻ.എല്ലിന് ഇടതുമുന്നണിയിൽ പ്രവേശനം കിട്ടിയത്. തങ്ങളുടെ ചിരവൈരികളായ മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളുമ്പോൾ ഇടതു വഴിയിലൂടെ മാത്രമേ തങ്ങൾക്ക് വളർച്ചയുള്ളൂവെന്ന് തിരിച്ചറിഞ്ഞതും അതിൽ തന്നെ ഉറച്ചു നിന്നതുമാണ് ഐ.എൻ.എല്ലിന്റെ രാഷ്ട്രീയ പ്രസക്തി. 
തെരുവിലെ ഏറ്റുമുട്ടലും അതിനെത്തുടർന്ന് പാർട്ടിയിലുണ്ടായ പിളർപ്പുമെല്ലാം ഈ രാഷ്ട്രീയ പ്രസക്തിയെയാണ് ചോർത്തിക്കളഞ്ഞത്. സുലൈമാൻ സേട്ടിന്റെ ആദർശ ശുദ്ധിയെക്കുറിച്ചും ന്യൂനപക്ഷ രാഷ്ട്രീയ ബദലിന്റെ ആവശ്യകതയെക്കുറിച്ചും ഇനി പറയാൻ രണ്ടായി പിളർന്ന ഐ.എൻ.എൽ നേതൃത്വത്തിന് എന്ത് ധാർമിക അവകാശമാണുള്ളതെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
സംസ്ഥാന ഭരണത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചപ്പോൾ ചോർന്നു പോകാൻ മാത്രമുള്ള രാഷ്ട്രീയ വിശുദ്ധിയേ ആ പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനുള്ളൂവെന്നതാണ് ഏറ്റവും വലിയ ദുരന്തം. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ അഹമ്മദ് ദേവർ കോവിലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചപ്പോൾ തുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയത്. പാർട്ടി സ്ഥാനാർത്ഥികളിൽ അദ്ദേഹം മാത്രം വിജയം കാണുകയും രണ്ടര വർഷത്തേക്ക്  മന്ത്രി സ്ഥാനം ലഭിക്കുകയും അതുമായി ബന്ധപ്പെട്ട അധികാര പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെ തന്നെ പാർട്ടിയിൽ പിളർപ്പിന്റെ സാഹചര്യം ഉടലെടുത്തിരുന്നു. 
പാർട്ടി സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് പക്ഷത്ത് നിലയുറപ്പിക്കുകയും അഹമ്മദ് ദേവർ കോവിൽ ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുകയും ചെയ്തതോടെ പരസ്യമായ ഏറ്റുമുട്ടലിലേക്കും പിളർപ്പിലേക്കും കാര്യങ്ങൾ നീങ്ങി. പാർട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം കോഴ വാങ്ങി മറിച്ചു നൽകിയെന്ന ആരോപണവും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നതിലെ തർക്കങ്ങളും അഹമ്മദ് ദേവർ കോവിലിന് മുസ്‌ലിം ലീഗ് നേതാക്കളുമായി ബന്ധമുണ്ടെന്ന വിവാദവുമെല്ലാം പിളർപ്പിന് ആക്കം കൂട്ടി.
പാർട്ടിയിൽ പിളർപ്പ് യാഥാർത്ഥ്യമായ സാഹചര്യത്തിൽ ഐ.എൻ.എല്ലിന്റെ രാഷ്ട്രീയ ഭാവിയെന്താണെന്നതാണ് ഇനി മുന്നിലുള്ള ചോദ്യം. ഇടതുമുന്നണിയിലെ ഘടക കക്ഷിയാണെങ്കിലും പാർട്ടിയിലെ പിളർപ്പ് മുന്നണിയെയോ അല്ലെങ്കിൽ സർക്കാരിനെയോ ബാധിക്കില്ല. എങ്കിൽ പോലും ഇത് മുന്നണിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഐ.എൻ.എല്ലിനെ രണ്ടു വിഭാഗങ്ങളായി നിന്നുകൊണ്ട് ഇടതുമുന്നണിയിൽ തുടരാൻ മുന്നണി നേതൃത്വം അനുവദിക്കണമെന്നില്ല. മാത്രമല്ല, പാർട്ടിക്ക് നൽകിയിട്ടുള്ള മന്ത്രിസ്ഥാനം തിരിച്ചെടുക്കുന്നതിനുള്ള സാധ്യതയും വളരെയധികമാണ്. 
പിളർന്ന് മാറിയ രണ്ടു വിഭാഗവും ഇടതുമുന്നണിക്കൊപ്പം തന്നെ നിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതാണ് മുന്നണി നേതൃത്വത്തെ വെട്ടിലാക്കുന്നത്. ആരെ കൊള്ളണം, ആരെ തള്ളണം എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം മുന്നണിയിലുണ്ടാകും.
തങ്ങളാണ് യഥാർത്ഥ പാർട്ടി എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബിന്റെയും  ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും  നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ. അത് വലിയ നിയമ പ്രശ്‌നങ്ങളിലേക്ക് നീങ്ങാം. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക പാർട്ടി പദവി ആർക്കു തന്നെ ലഭിച്ചാലും പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്ന അവസ്ഥയിൽ ഇനി വലിയ രാഷ്ട്രീയ പ്രസക്തിയൊന്നും അവകാശപ്പെടാനാകില്ല. മുസ്‌ലിം ലീഗിനെ എതിർക്കാനുള്ള ഒരു ആയുധമായി മാത്രമാണ് സി.പി.എമ്മും ഇടതുമുന്നണിയും ഇക്കാലമത്രയും ഐ.എൻ.എല്ലിനെ ഉപയോഗപ്പെടുത്തിയത്. 
ചില പോക്കറ്റുകളിൽ മുസ്‌ലിംകൾക്കിടയിൽ പാർട്ടിക്കുള്ള സ്വാധീനം ഇടതുമുന്നണിക്ക് ഗുണകരമാകുകയും ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഇത് ഒന്നുകൂടി പോഷിപ്പിക്കുകയും മുസ്‌ലിം ലീഗിൽ അസ്വസ്ഥത പടർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് പിണറായി വിജയൻ ഐ.എൻ.എല്ലിന്  മുന്നണി പ്രവേശവും മന്ത്രിസ്ഥാനവും നൽകിയത്. ഇതിനെ അൽപം ഭീതിയോടെ തന്നെയാണ് മുസ്‌ലിം ലീഗ് കണ്ടിരുന്നതും. ഭരണത്തിൽ ഇടം ലഭിക്കുന്നതോടെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഐ.എൻ.എൽ ശക്തമാകാനും ചെറിയ തോതിലെങ്കിലും തങ്ങൾക്ക് ഭീഷണിയാകാനുമുള്ള സാധ്യത മുസ്‌ലിം ലീഗ് മുൻകൂട്ടി കണ്ടിരുന്നു. പിണറായിയുടെ നീക്കങ്ങൾക്ക് ഫലം കണ്ടു തുടങ്ങുന്നതിനിടയിലാണ് പാർട്ടി പിളർപ്പിലെത്തിയത്. ഇത് ഏറ്റവും വലിയ സന്തോഷം പകരുന്നത് മുസ്‌ലിം ലീഗിനാണ്.
കൃത്യമായ രാഷ്ട്രീയ നിലപാട് വെച്ചു പുലർത്തി എന്നതാണ് ഐ.എൻ.എല്ലിനെ ഇത്രയും കാലം രാഷ്ട്രീയത്തിൽ വേറിട്ട് നിർത്തിയിരുന്നത്. മാത്രമല്ല, ഒരു മതേതര പാർട്ടി എന്ന പ്രതിഛായ കാത്തു സൂക്ഷിക്കാനായതും കേരള രാഷ്ട്രീയത്തിൽ അവർക്ക് ഇടം ലഭിക്കാൻ കാരണമായി.  ഇങ്ങനെയൊക്കെയാണെങ്കിലും, ഇടതുമുന്നണിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളോളം മുന്നണി നേതൃത്വത്തിന് പിന്നാലെ നടന്നപ്പോഴും അവരുടെ മതേതര നിലപാട് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഐ.എൻ.എല്ലിനെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിനെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കൾ നേരത്തെ തന്നെ അനുകൂലിച്ചപ്പോഴും  വി.എസ്.അച്യുതാനന്ദന്റെയും സി.പി.ഐയുടെയും നിലപാടുകളാണ് മുന്നണി പ്രവേശം അനിശ്ചിതമായി വൈകാൻ  ഇടയാക്കിയത്. കടുത്ത അവഗണനകൾക്കിടയിലും ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകുന്നത് വരെ  കാത്തിരിക്കാൻ ഐ.എൻ.എൽ നേതൃത്വം തയാറായിരുന്നുവെന്നതാണ് അവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടിന്റെ പ്രസക്തി. ഇതേ നേതൃത്വം തന്നെയാണ് അധികാരത്തർക്കത്തിന്റെ പേരിൽ ഇപ്പോൾ തമ്മിൽ തല്ലി പിളർന്നതെന്നതാണ് വിരോധാഭാസം.
പാർട്ടി നേതൃത്വം അധികാരത്തിനും സമ്പത്തിനും പിന്നാലെ പോകുമ്പോൾ വഴിയാധാരമാകുക ഒന്നും പ്രതീക്ഷിക്കാതെ പാർട്ടി വളർത്താൻ വെയിലും മഴയും കൊണ്ട് നടക്കുന്ന സാധാരണ പാർട്ടി പ്രവർത്തകരാണ്. ഐ.എൻ.എല്ലിന്റെ കാര്യത്തിലും ഇനി അത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്. സുലൈമാൻ സേട്ട് മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളിൽ ആകൃഷ്ടരായാണ് സാധാരണ പ്രവർത്തകരിൽ ഭൂരിഭാഗവും പാർട്ടിയിലേക്കെത്തിയത്. ആളും അർത്ഥവും കൂടുതലുള്ള മുസ്‌ലിം ലീഗിൽ നിന്ന് പ്രിവിലേജുകളെല്ലാം വേണ്ടെന്നുവെച്ച് ഐ.എൻ.എല്ലിലേക്ക് വന്നവരാണ് പ്രവർത്തകരിൽ അധികവും. അവരുടെ പിൻബലത്തിൽ മാത്രമാണ് പാർട്ടി നേതൃത്വം ഭരണത്തിന്റെ ആനുകൂല്യങ്ങൾ പങ്കിട്ടെടുക്കുന്നത്. ഇപ്പോൾ പിളർപ്പിന്റെ ചോര കിനിയുന്നത് സാധാരണ പ്രവർത്തകരുടെ നെഞ്ചിലാണ്. അത് മനസ്സിലാക്കാനുള്ള വിവേകം പോലും സുലൈമാൻ സേട്ടിന്റെ പ്രസ്ഥാനത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നവർക്ക്  ഇല്ലാതെ പോയി.
 

Latest News