Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിലെ പാളിച്ച: മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
 
കോവിഡ് പ്രതിരോധത്തിന്റെ മേഖലയിലും കോവിഡ് വ്യാപനം തടയുന്ന കാര്യത്തിലും  കേരളം  അതിദയനീയമായി  തകർന്നടിഞ്ഞ സാഹചര്യത്തിലും, കോവിഡ് നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും വിജയിച്ചു എന്ന അങ്ങയുടെ വായ്ത്താരി കേരളത്തിലെ  ജങ്ങളെ ആകെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കാനുമാണ് ഈ തുറന്ന കത്ത്.
2020  മെയ്, ജൂൺ മാസങ്ങളിൽ കേരളം കോവിഡിനെ പിടിച്ചുകെട്ടി എന്ന് വ്യക്തമാക്കി അങ്ങയുടെ സർക്കാർ നടത്തിയ പ്രചണ്ഡമായ  പ്രചാരണം അങ്ങ്  ഓർക്കുന്നുണ്ടാകുമല്ലോ. ലോകത്താകമാനം  കോവിഡ് കാട്ടുതീ പോലെ പടർന്നു പിടിക്കുമ്പോൾ കേരളം കോവിഡിനെ ഫലപ്രദമായി തടഞ്ഞു  നിർത്തി എന്നായിരുന്നു അങ്ങയുടെ സർക്കാർ വൻ പ്രചാരണം നടത്തിയത്.  കോവിഡിന്റെ  ഒന്നാം തരംഗം  കേരളത്തെ ബാധിച്ചു തുടങ്ങുന്നതിനും വളരെ മുൻപാണ്  കോവിഡിനെ തടഞ്ഞു നിർത്തി എന്ന കള്ളപ്രചാരണവുമായി  സർക്കാർ  രംഗത്തു വന്നത്.   അന്ന്  കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ്  ചൂണ്ടിക്കാട്ടിയാണ്, കോവിഡ് പ്രതിരോധത്തിലെ  ഉജ്വല വിജയം അങ്ങയുടെ സർക്കാർ ഉയർത്തിക്കാട്ടിയത്. എന്നാൽ ഇന്ന് കോവിഡിന്റെ എണ്ണത്തിലെ വർധന  ചൂണ്ടിക്കാട്ടി അങ്ങ് വിജയം  അവകാശപ്പെടുന്നു. 'രാജ്യത്ത് 28  ൽ  ഒരാൾക്ക്  രോഗം കണ്ടെത്താൻ കഴിഞ്ഞു' എന്നാണ് അങ്ങയുടെ ആവകാശവാദം. അങ്ങനെയെങ്കിൽ 2020  മെയ്, ജൂൺ മാസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ  കുറവ്  ചൂണ്ടിക്കാട്ടി വിജയം അവകാശപ്പെട്ടതിന്റെ  യുക്തിയെന്തായിരുന്നു? ഇത്  ഗോൾ അടിക്കുന്നതിന് അനുസരിച്ച്  ഗോൾ പോസ്റ്റ്  മാറ്റുന്നതിന് തുല്യമല്ലേ?  
യഥാർത്ഥത്തിൽ കോവിഡ് പ്രതിരോധത്തിന്റെ മേഖലയിൽ കേരളം സമ്പൂർണമായി തകർന്നടിഞ്ഞു എന്നല്ലേ കണക്കുകൾ കാണിക്കുന്നത്? ജൂലൈ 23 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 32,35,533 ആണ്. അതായത് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. കോവിഡ് കാട്ടുതീ പോലെ പടർന്ന തമിഴ് നാട്ടിൽ പോലും ആക്റ്റീവ് കേസുകൾ 25,44,870 മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി പി ആർ (ടോട്ടൽ പോസിറ്റിവിറ്റി റേറ്റ്) കേരളത്തിൽ 11.8% ആയിരുന്നു എങ്കിൽ മഹാരാഷ്ട്രയിൽ അത്  3.9% വും തമിഴ്‌നാട്ടിൽ വെറും 1.4%  ഉം ആയിരുന്നു (ജൂൺ 23 ലെ കേരളത്തിന്റെ ടി പി ആർ 13.63% ആയിരുന്നു). ഇക്കാലയളവിൽ ഇന്ത്യയുടെ മൊത്തം ടി പി ആർ കേവലം 2.2 % മാത്രം ആയിരുന്നു എന്ന കാര്യവും കാണേണ്ടതാണ്. ജൂലൈ 1 നും 23 നുമിടയ്ക്ക് കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളുടെ എണ്ണം 29.37 ലക്ഷത്തിൽ നിന്ന് 32.18 ലക്ഷമായി വർധിച്ചപ്പോൾ ഇക്കാലയളവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.04 കോടിയിൽ നിന്ന് 3.12 കോടി (ജൂലൈ 22) യായി മാത്രമാണ് വർധിച്ചത്. ഇക്കാലത്ത് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 24.84 ലക്ഷത്തിൽ നിന്ന് 25.43 ലക്ഷമായി മാത്രമാണ് ഉയർന്നത്. കേരളത്തിലെ  കോവിഡ് കേസുകളുടെ                                       എണ്ണത്തിലുള്ള  വർധന, ടെസ്റ്റുകളുടെ എണ്ണം  വർധിച്ചത്  മൂലമാണ് എന്ന വാദത്തിൽ യാതൊരു കഴമ്പുമില്ല. കേരളത്തിൽ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണത്തിൽ യഥാർത്ഥത്തിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. 2021  മെയ് 5 ന് കേരളത്തിൽ 1,63,321 ടെസ്റ്റുകൾ നടക്കുകയുണ്ടായി. ഏപ്രിൽ 29  ന് 1,57,548 ഉം മെയ് 6 ന് 1,55,632 ടെസ്റ്റുകളും കേരളത്തിൽ നടക്കുകയുണ്ടായി. അതുമായി താരതമ്യം ചെയ്താൽ ജൂലൈ 20 ന് 1,41,431 ഉം ജൂലൈ 23 ന്, 1,28,489 ഉം ടെസ്റ്റുകൾ മാത്രമേ നടക്കുകയുണ്ടായുള്ളൂ.        ടെസ്റ്റുകൾ കുറയുമ്പോഴും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്. ജൂൺ  23 ന് 1,24,326 ടെസ്റ്റുകൾ  നടത്തിയപ്പോൾ 12,787 കേസുകളാണ് റിപ്പോർട്ട് ചെയ്തത് എങ്കിൽ ജൂലൈ 23 ന് 1,28,489 ടെസ്റ്റുകൾ നടത്തിയപ്പോൾ 18,531 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 
മരണ നിരക്കിന്റെ  കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി മെച്ചമാണെന്ന വാദവും അടിസ്ഥാനരഹിതമാണ്. മരണത്തിന്റെ എണ്ണത്തിൽ കുറവുണ്ടെങ്കിലും (മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസംഖ്യയും കുറവാണ് എന്നോർക്കണം) വർധനയുടെ നിരക്കിൽ മഹാരാഷ്ട്ര,   തമിഴ്‌നാട്  എന്നീ സംസ്ഥാനങ്ങളേക്കാൾ മോശമാണ് കേരളത്തിന്റെ അവസ്ഥ. ഉദാഹരണത്തിന്, മെയ് 1 നും  ജൂലൈ 23 നും ഇടയ്ക്ക് കേരളത്തിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത  കോവിഡ് മരണങ്ങളുടെ എണ്ണം 3 ഇരട്ടിയിലധികം വർധിച്ചപ്പോൾ മഹാരാഷ്ട്രയിൽ ഇക്കാലയളവിൽ കോവിഡ് മരണം ഒരു ഇരട്ടിയോളമേ വർധിച്ചുള്ളൂ. തമിഴ്‌നാട്ടിൽ ഇക്കാലയളവിൽ കോവിഡ് മരണങ്ങൾ ഒരു ഇരട്ടിയിലധികം മാത്രമേ വർധിച്ചുള്ളൂ.
മറുഭാഗത്ത്, കേരളത്തിലേത് റിപ്പോർട്ട് ചെയ്യുന്ന മരണക്കണക്ക് മാത്രമാണെന്നും യാഥാർത്ഥ കണക്ക് റിപ്പോർട്ട് ചെയ്യുന്നതിന്റെ 2 ഇരട്ടിയെങ്കിലും ഉണ്ടാവും എന്നതാണ് യാഥാർഥ്യം എന്നുമോർക്കണം. ജൂലൈ 1  നും 23 നുമിടയ്ക്ക് ശരാശരി കേരളത്തിൽ 110  കോവിഡ് മരണങ്ങളാണ്  ദിവസേന റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ കോവിഡ് വ്യാപനവുമായി  ബന്ധപ്പെട്ട അവസ്ഥ എന്ത് എന്ന് ഈ കണക്കുകൾ വ്യക്തമായി തെളിയിക്കുന്നു. 
എന്നു മാത്രമല്ല സ്ഥിതി കൈവിട്ട്  പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ദിവസേന  റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്. ജൂലൈ ഒന്നിന് 12,868 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ജൂലൈ 23 ഓടെ 17,518 ആയി കുത്തനെ ഉയർന്നിരുന്നു. ഇക്കാലയളവിൽ ടി പി ആർ 10.3  ൽ നിന്ന്  13.63  ആയി വർധിച്ചിരിക്കുന്നു.  ജൂലൈ 24 ലെ കണക്കനുസരിച്ച് കേരളത്തിൽ അന്നേ ദിവസം റിപ്പോർട്ട് ചെയ്തത് 18,531 കേസുകളാണെങ്കിൽ മഹാരാഷ്ട്രയിൽ ഇതിന്റെ  മൂന്നിലൊന്ന് കേസുകൾ മാത്രമാണ് (6,269) റിപ്പോർട്ട് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടിൽ അന്നേ ദിവസം  റിപ്പോർട്ട് ചെയ്യപ്പെട്ടത്  വെറും 1819  കേസുകൾ മാത്രമാണ്! ഇത്  ടെസ്റ്റുകൾ വർദ്ധിപ്പിച്ചത് കൊണ്ടാണ് എന്നും പറയാനാവില്ല. മഹാരാഷ്ട്രയിൽ 2 ലക്ഷം ടെസ്റ്റുകൾ ചെയ്തപ്പോൾ  6,269  കേസുകൾ മാത്രമാണ്  റിപ്പോർട്ട് ചെയ്തത്. തമിഴ് നാട്ടിൽ 1.4  ലക്ഷം ടെസ്റ്റുകൾ ചെയ്തപ്പോൾ 1,819  കേസുകളേ റിപ്പോർട്ട് ചെയ്തുള്ളൂ.  
എന്നാൽ കേരളത്തിൽ 1.6  ലക്ഷം ടെസ്റ്റുകൾ ചെയ്തപ്പോൾ 18,531  കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്! കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ അവസ്ഥ അതിദയനീയമാണ് എന്നാണ് മേൽപറഞ്ഞ  കണക്കുകൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തെ നേരിടുന്നതിനായി വിശാല മനസ്‌കതയുള്ള ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ  സംഘടനകൾ, വിവിധ വിഭാഗം ജനങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവരെ  വിശ്വാസത്തിലെടുക്കുന്ന സമീപനമാണ്  സർക്കാർ കൈക്കൊള്ളേണ്ടത്. 
അതിന് പകരം, സ്ഥിതി ഇത്രയേറെ ദയനീയമായിട്ടും കോവിഡ് പ്രതിരോധത്തിൽ സർക്കാർ വിജയിച്ചു എന്ന വാദമുയർത്തുന്നത് തീർത്തും പരിഹാസ്യവും ജങ്ങളെ പുഛിക്കുന്നതിന് തുല്യവുമാണ്. ഈ സാഹചര്യത്തിൽ കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിനാവശ്യമായ യുക്തിസഹമായ നടപടികൾ ആവിഷ്‌കരിച്ച് ജനങ്ങളെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 

Latest News