മക്ക- വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ മുഹറം ഒന്നു മുതൽ (ഓഗസ്റ്റ് 9) സ്വീകരിക്കാൻ 500 ഓളം വരുന്ന ഉംറ സർവീസ് കമ്പനികൾ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നതായി ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു. തീർഥാടകരുടെ സുരക്ഷ മുൻനിർത്തി, വാക്‌സിൻ സ്വീകരിക്കൽ അടക്കമുള്ള ആരോഗ്യ പ്രോട്ടോകോളുകൾ പ്രകാരമാണ് മുഹറം ഒന്നു മുതൽ വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുക. ലോക രാജ്യങ്ങളിൽ ആറായിരത്തിലേറെ ഉംറ ഏജൻസികളുണ്ട്. ഉംറ പാക്കേജ് ബുക്ക് ചെയ്യാനും ഓൺലൈൻ വഴി പണമടയ്ക്കാനും 30 ഓളം വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ലഭ്യമാണ്.
മുഴുവൻ ഉംറ പാക്കേജുകളും ഇവയിൽ ലഭിക്കുന്ന സേവനങ്ങളും ഹജ്, ഉംറ മന്ത്രാലയ അംഗീകാരമുള്ള വിദേശ, പ്രാദേശിക ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി പ്രദർശിപ്പിക്കും. താമസം, യാത്രാ സൗകര്യം, ഗ്രൗണ്ട് സർവീസ് എന്നീ സേവനങ്ങൾ സൗദി ഉംറ കമ്പനികളാണ് തീർഥാടകർക്ക് നൽകുക. വിമാന ടിക്കറ്റ്, ഗതാഗത സൗകര്യങ്ങൾ, ഹോട്ടൽ താമസം, ഭക്ഷണം എന്നിവ അടക്കമുള്ള ഫുൾ പാക്കേജിന്റെ പണമടയ്ക്കാനും സൗദിയിൽ സേവനം നൽകുന്ന ഉംറ സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കാനും ഇ-പ്ലാറ്റ്‌ഫോമുകൾ വഴി തീർഥാടകർക്ക് സാധിക്കും.
വിദേശ തീർഥാടകരെ സ്വീകരിക്കാൻ ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും സുസജ്ജമാണ്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികളിലും ആൾക്കൂട്ട നിയന്ത്രണത്തിലും ഉംറ സർവീസ് കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. അടുത്ത ഉംറ സീസണിൽ പ്രവർത്തിക്കുന്നതിന് ഏതാനും ഉംറ സർവീസ് കമ്പനികളുടെ സിസ്റ്റങ്ങൾ ഹജ്, ഉംറ മന്ത്രാലയവും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സിസ്റ്റങ്ങൾ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ മന്ത്രാലയം പൂർത്തിയാക്കിവരികയാണെന്നും ഹാനി അലി അൽഉമൈരി പറഞ്ഞു. ഹജ് പൂർത്തിയായതോടെ ആഭ്യന്തര തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയം ഞായറാഴ്ച മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്.






