Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ വഴി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികള്‍   സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും  

കല്ലായി-ഖത്തര്‍ വഴി പ്രവാസികള്‍ക്ക് സൗദി അറേബ്യയിലേക്ക് പോകാമെന്നത് വലിയ ആശ്വാസമാണ് പ്രവാസികള്‍ക്ക്, ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിച്ചു ശീലിച്ച മലയാളികള്‍ക്ക് എന്തു കൊണ്ടും അര്‍മേനിയ, അസര്‍ബൈജാന്‍, എത്യോപ്യ യാത്രകളേക്കാള്‍ ആശ്വാസപ്രദമാണ് ഖത്തര്‍ വഴിയുള്ള യാ്ത്ര. ഗള്‍ഫ് രാജ്യങ്ങളില്‍ നമ്മള്‍ കണ്ടു പരിചയിച്ച സ്‌നേഹ സമ്പന്നരായ അറബികളും അവരുടെ ഭക്ഷണ രീതികളും. ഇത്തരം സ്ഥലങ്ങളില്‍ പതിനാല് ദിവസമല്ല പതിനാല് വര്‍ഷം വരെ നില്‍ക്കാന്‍ സന്നദ്ധരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ അശ്രദ്ധയോ ജാഗ്രത കുറവോ കൊണ്ടുണ്ടാവുന്ന പ്രതിസന്ധിയെ അവഗണിക്കാനാവില്ല. അത്തരം ഒരാളുടെ അനുഭവത്തെ കുറിച്ചാണ് ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് എസ്.എ.എം ബഷീറിന്റെ കുറിപ്പ്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

വാട്ട്‌സപ്പില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് ഇങ്ങിനെ- 

സൗദിയിലേക്ക് പോകാന്‍ വേണ്ടി യാത്രാ മധ്യേ ദോഹയില്‍ വിമാനമിറങ്ങിയ ഒരാളെ ഇന്നു പോലീസ് പിടിച്ചു കൊണ്ട് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ  കൂടെ വന്നവരില്‍ നിന്നും നാട്ടില്‍ നിന്ന് ബന്ധുക്കളുടെ അടുത്തു നിന്നും ലഭിച്ച വിവരം അനുസരിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ അമ്മാവന്റെ മുട്ട് വേദനക്ക് കഴിക്കാനുള്ള മരുന്ന് ഉണ്ടായിരുന്നു.  പക്ഷെ അതിന്റെ പ്രിസ്‌ക്രിപ്ഷനോ ബില്ലോ കൈവശം ഉണ്ടായിരുന്നില്ല.ഇവിടെ ഖത്തറില്‍ ചില അലോപ്പതി മരുന്നുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടു നിരോധിച്ചിട്ടുണ്ട്. അത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമാണ്. അത്തരക്കാരെ ലഹരിമരുന്നല്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കും. ഓര്‍ക്കുക. ക്വാറന്റൈന്‍ നിയമത്തിലെ ഇളവുകള്‍ക്ക് വേണ്ടി സൗദിയിലെക്കോ മറ്റു രാജ്യങ്ങളിലേക്കോ ഖത്തര്‍ വഴി പോകുന്നവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു  ഓണ്‍ അറൈവല്‍ വിസയാണ്. 
സാങ്കേതികമായി ഇത് ഖത്തറിലേക്ക് വരാന്‍  മാത്രമുള്ള വിസയാണ്.  ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാതെ വേറെ രാജ്യങ്ങളിലേക്ക് പോകാന്‍ ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ വിസയും വിവിധ വിമാനക്കമ്പനികള്‍ നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളും ഉണ്ടായാല്‍ മതി. കയറിപ്പോകുന്നതിനു  ഖത്തറില്‍ യാതൊരു വിധ തടസ്സവുമില്ല. ആ സൌകര്യമാണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്. 
സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തിയ ശേഷം  മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുത്തുവാന്‍ ഖത്തര്‍ ഭരണകൂടം ചെയ്യുന്ന ഒരു ഉപകാരമാണ് ഇതെന്ന് മനസ്സിലാക്കുക. പക്ഷെ ഖത്തറിലേക്ക് വരുമ്പോഴും പോകുമ്പോഴും  ഈ രാജ്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം.  ഇത് പോലെ മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ അത് ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. ഉറപ്പില്ലെങ്കില്‍  കൊണ്ട് വരരുത്. കൈവശം പ്രിസ്‌ക്രിപ്ഷനും ബില്ലും അടക്കം  കൃത്യമായ രേഖകള്‍ ഉണ്ടാവണം. 
ഈ സാഹചര്യത്തില്‍ അവരവര്‍ കഴിക്കുന്ന മരുന്നല്ലാതെ മറ്റൊരു മരുന്നും  കൊണ്ട് വരാതിരിക്കാന്‍ ശ്രദ്ധിക്കുകയേ നിര്‍വ്വാഹമുള്ളൂ. 
 അറിവില്ലായ്മ കൊണ്ടോ ദുരുപയോഗം ചെയ്‌തോ ഇത്തരം സൌകര്യങ്ങള്‍ ഇല്ലാതാക്കിയാല്‍ അത് കാരണം ഒരു പാട് പേര്‍ക്ക് ഇങ്ങനെ യാത്ര ചെയ്യാനുള്ള  അവസരമാണ് നഷ്ടപ്പെടുക എന്ന് ഓര്‍ക്കുക. ഖത്തര്‍ വഴി പോകാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായ അറിവോട് കൂടി നിബന്ധനകളും നിയമങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യുക.നിയമങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സംരക്ഷിക്കാനാണ്.അത് കൊണ്ട് തന്നെ ഈ സൗകര്യം ചെയ്തു തരുന്ന ഖത്തര്‍ എന്ന രാജ്യത്തിന്റെ  നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ യാത്രക്കാരനും ബാധ്യസ്ഥരാണെന്നും കുറിപ്പില്‍ ഓര്‍മപ്പെടുത്തുന്നു. 
 
 

Latest News