Sorry, you need to enable JavaScript to visit this website.

ഐ.എൻ.എൽ പിളർപ്പ് മന്ത്രി സ്ഥാനത്തെ ബാധിക്കില്ല, താൻ അഖിലേന്ത്യ സംവിധാനത്തിന്റെ ഭാഗമെന്ന് ദേവർകോവിൽ

കോഴിക്കോട്- ഇന്ത്യൻ നാഷണൽ ലീഗ് എന്നത് അഖിലേന്ത്യ സംവിധാനമാണെന്നും താൻ പാർട്ടിയുടെ ഭാഗമാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. ഐ.എൻ.എൽ സംസ്ഥാന സംവിധാനമല്ലെന്നും ദേവർകോവിൽ വ്യക്തമാക്കി. പാർട്ടിയുടെ ഭാഗമായാണ് താൻ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തെ ചൊല്ലിയുള്ള നിരന്തരമായ തർക്കങ്ങൾക്കൊടുവിൽ ഇന്ത്യൻ നാഷണൽ ലീഗ് ഇന്നലെയാണ് പിളർന്നത്. നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംസ്ഥാന നേതൃയോഗത്തിനൊടുവിൽ അച്ചടക്ക ലംഘനം നടത്തിയ പ്രസിഡന്റ് എ.പി അബ്ദുൾ വഹാബിനെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൾ വഹാബും വ്യക്തമാക്കിയിരുന്നു. 
അതേസമയം, ഐ.എൻ.എൽ പിളർപ്പ് മന്ത്രി സ്ഥാനത്തെ ബാധിക്കില്ലെന്നാണ് കരുതുന്നത്. രണ്ടു വിഭാഗത്തെയും തൽക്കാലം എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ല. മന്ത്രി സ്ഥാനത്തെ ബാധിക്കില്ലെന്ന് അഹമ്മദ് ദേവർകോവിലും വ്യക്തമാക്കി. 
ഞായറാഴ്ച രാവിലെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്.  മന്ത്രി അഹമ്മദ് ദേവർകോവിലും നേതൃയോഗത്തിൽ പങ്കെടുത്തു.  പിഎസ്സി ബോർഡ് അംഗ വിവാദം, മന്ത്രിയുടെ സ്റ്റാഫ് നിയമനം, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി തുടങ്ങിയ വിഷയങ്ങളിൽ ഒരു വിഭാഗം വിമർശനമുയർത്തി. ഇതേത്തുടർന്ന് വഹാബ് പക്ഷക്കാരായ രണ്ടു സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കാനുള്ള കാസിം ഇരിക്കൂറിന്റെ തീരുമാനത്തോട് വഹാബ് പക്ഷം രൂക്ഷമായി പ്രതിഷേധിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. യോഗം നടന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തു. പുറത്ത് പ്രവർത്തകരും അകത്ത് നേതാക്കളും ചേരിതിരിഞ്ഞ് തമ്മിലടിച്ചതോടെ യോഗം നിർത്തിവച്ചതായി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് അറിയിച്ചു. പ്രസിഡന്റ് ഉൾപ്പെടെയുള്ള ചില നേതാക്കൾ ഹോട്ടലിൽ നിന്നും ഇറങ്ങിയെങ്കിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ഹോട്ടലിൽ തന്നെ തുടർന്നു. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഇവർക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കയറാനും ശ്രമിച്ചു. സംഘർഷത്തിനിടെ ഹോട്ടലിൽ കുരുങ്ങിയ മന്ത്രിയെ പോലീസ് ഇടപെട്ടാണ് പുറത്തെത്തിച്ചത്. തുടർന്ന് ഇരുവിഭാഗവും പ്രത്യേകം യോഗം ചേർന്നാണ് പുറത്താക്കൽ പ്രഖ്യാപിച്ചത്.
എൽഡിഎഫിനെ തകർക്കാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായി കാസിം ഇരിക്കൂർ ആലുവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി ചേർന്ന യോഗം അലങ്കോലമാക്കിയത് ഇതിന്റെ ഭാഗമാണ്. വഹാബിന് പകരം വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിക്ക് താൽക്കാലിക ചുമതല നൽകി. അക്രമം നടത്തിയത് ഏതാനും ഗുണ്ടകളാണ്. ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കുണ്ട്. വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാർട്ടിൽനിന്ന് പുറത്താക്കിയതായും കാസിം ഇരിക്കൂർ വ്യക്തമാക്കി. കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെ  പുതിയ ജനറൽ സെക്രട്ടറിയായി  തെരഞ്ഞെടുത്തതായി വഹാബ് തോപ്പുംപടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


 

Latest News