Sorry, you need to enable JavaScript to visit this website.

സൗദിയിൽ നീറ്റ് യു.ജി പരീക്ഷാ കേന്ദ്രം; ആവശ്യം ശക്തമാക്കി സംഘടനകൾ

  • അംബാസഡർക്ക് ഇസ്പാഫ് നിവേദനം നൽകി


ജിദ്ദ- സൗദിയിൽ നീറ്റ് യു.ജി പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട്  പ്രവാസി സംഘടനകൾ രംഗത്ത്. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) അംബാസഡർ ഡോ.ഔസാഫ് സഈദിന് നിവേദനം നൽകി. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയും കഴിഞ്ഞ ദിവസം പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. കോവിഡും അനുബന്ധ കാര്യങ്ങളാലും ലോക ജനത വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ സൗദിയിലെ പ്രവാസി കുടുംബങ്ങളും അവരുടെ മക്കളും വിവിധങ്ങളായ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് യാത്രാ ക്ലേശം. അതിനാൽ, നീറ്റ് യു.ജി 2021 പരീക്ഷാ കേന്ദ്രം സൗദി അറേബ്യയിൽ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം അംബാസഡർ ഡോ.ഔസാഫ് സഈദിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 


ഇന്ത്യയിലേക്കുള്ള യാത്രയും തിരിച്ചുവരവും ഏറെ ശ്രമകരമായി മാറിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ ഇന്ത്യയിൽ പോയി നീറ്റ് പരീക്ഷ എഴുതി തിരിച്ചെത്തിയിരുന്ന വിദ്യാർഥികളെപ്പോലെ ഇത്തവണ പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷക്കു പോകുവാനോ പോയ ശേഷം എളുപ്പം തിരിച്ചുവരാനോ കഴിയാത്ത സാഹചര്യമാണ്. ഈ വർഷം ആയിരത്തിൽപരം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതാനായി സൗദി അറേബ്യയിൽ നിന്നു രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് നീറ്റ് പരീക്ഷ വളരെ അടുത്തെത്തിയ ഈ സന്ദർഭത്തിൽ എത്രയും പെട്ടെന്ന് സൗദിയിലെ മെട്രോപൊളിറ്റിൻ നഗരങ്ങളായ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ ഏതെങ്കിലും ഒരിടത്ത് 'നീറ്റ് യു.ജി 2021 എക്‌സാം സെന്റർ' അനുവദിച്ചു കിട്ടുവാൻ നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര സർക്കാരിലും ബന്ധപ്പെട്ട പരീക്ഷാ ബോർഡിലും സമയോചിത ഇടപെടലുകൾ നടത്തി വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും പ്രയാസങ്ങൾ ദൂരീകരിക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന് ഇസ്പാഫ്' പ്രസിഡന്റ് ഡോ.മുഹമ്മദ് ഫൈസലും ജനറൽ സെക്രട്ടറി എൻജി. മുഹമ്മദ് കുഞ്ഞിയും സംയുക്തമായി അംബാസഡർക്കു നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു.

Latest News