Sorry, you need to enable JavaScript to visit this website.

ജി.സുധാകരനെതിരെ പരാതിയുടെ പെരുമഴ; കടുപ്പിച്ച് സജി ചെറിയാനും എ.എം ആരിഫും

ആലപ്പുഴ - അമ്പലപ്പുഴയിൽ ഇടതു സ്ഥാനാർഥിയെ തോൽപിക്കാൻ മുൻ മന്ത്രി ജി.സുധാകരൻ ശ്രമിച്ചുവെന്ന് ആരോപണം കടുപ്പിച്ച് പാർട്ടി കമ്മീഷന് മുന്നിലും നേതാക്കൾ. 
പാർട്ടി നിയോഗിച്ച കമ്മീഷൻ അംഗങ്ങളായ എളമരം കരീം, കെ.എ തോമസ് എന്നിവർക്ക് മുന്നിലാണ് തെളിവെടുപ്പിന്റെ രണ്ടാം ദിനത്തിൽ നേതാക്കളെത്തിയത്. സ്ഥാനാർഥിയായിരുന്ന എച്ച്.സലാം ഉന്നയിച്ച പരാതികളെ അതേ പടി അനുകൂലിച്ച് തന്നെയാണ് മന്ത്രി സജി ചെറിയാനും എ.എം ആരിഫ് എം.പിയും തെളിവ് നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി.സുധാകരന്റെ ശരീരഭാഷ ഇടത് സ്ഥാനാർത്ഥിയ്‌ക്കെതിരെയുള്ള സന്ദേശമാണ് നൽകിയതെന്നും ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളിൽ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് നൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്.ഡി.പി.ഐക്കാരൻ എന്ന ആരോപണം ഉയർന്നപ്പോൾ പ്രതിരോധിക്കാൻ സുധാകരൻ തയാറായില്ലെന്നും സുധാകരന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടന്നതെന്നും എച്ച്.സലാം പരാതിപ്പെട്ടിരുന്നു. ഇത് അടിവരയിട്ട് തന്നെയാണ് ആരിഫ് സുധാകരനെതിരെ തെളിവ് നൽകിയത്. 
തെരഞ്ഞെടുപ്പ് കമ്മറ്റിയിലുണ്ടായിരുന്ന 62 അംഗങ്ങളിൽ അമ്പലപ്പുഴ ഏരിയയിൽ നിന്നുള്ളവരിൽ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും സുധാകര വിരുദ്ധ ചേരിയിൽ തന്നെ നിന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായിരുന്ന കെ.പ്രസാദ്, ഡി.ലക്ഷ്മണൻ, സി.ഷാംജി, ഓമനക്കുട്ടൻ തുടങ്ങി അഞ്ചേളം പേർ വസ്തുതകൾ നിരത്തി സംസാരിച്ചെന്ന് പറയപ്പെടുന്നു. തെളിവ് നൽകാനെത്തിയ അമ്പലപ്പുഴയിലെ പാർട്ടിക്കാരെ സ്വാധീനിക്കാനും സുധാകരനെതിരെ തിരിക്കാനും ശ്രമം നടത്തിയെന്ന് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചു. ആദ്യ ദിനത്തിൽ ജി.സുധാകരൻ കമ്മീഷന് മുന്നിൽ റിപ്പോർട്ട് എഴുതി നൽകിയിരുന്നു. കമ്മീഷന്റെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായില്ല. 
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കമ്മീഷൻ അംഗമായ എളമരം കരീം പോകുന്നതിനാൽ ആലപ്പുഴ ഏരിയയിലെ തെളിവെടുപ്പിനായി കമ്മീഷൻ ഓഗസ്റ്റ് ഒന്നിന് വീണ്ടും എത്തും.

 

Latest News