Sorry, you need to enable JavaScript to visit this website.

മുൻമന്ത്രി എ.സി മൊയ്തീനെതിരെ സി.പി.എമ്മിൽ കടുത്ത വിമർശനം

തൃശൂർ- കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുൻ മന്ത്രി എ.സി.മൊയ്തീൻ എം.എൽ.എക്കെതിരെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോൺ തുടങ്ങിയവർക്കെതിരെ കടുത്ത വിമർശനം. 
കോടികളുടെ തട്ടിപ്പ് നടന്നതിനെക്കുറിച്ച് പാർട്ടി കമ്മീഷനെ വെച്ച് അന്വേഷണം നടത്തിയിട്ടും ഇതിൽ തുടർനടപടികളെടുക്കാതെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ രാഷ്ട്രീയമായി ഇത്രയേറെ പ്രതിസന്ധിയുണ്ടാക്കിയത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിക്കാരടക്കമുള്ളവർ പരാതി ഉന്നയിച്ചിട്ടും ഈ വിഷയത്തിൽ ഗൗരവത്തോടെ ഇടപെടാൻ പാർട്ടി തയ്യാറാകാതിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കളിലൊരാൾ പറഞ്ഞു. പരാതിക്കാർ പാർട്ടിക്കാർ തന്നെയായതിനാൽ ഇക്കാര്യം പുറത്തുവരില്ലെന്ന ധാരണയിലായിരുന്നോ നേതൃത്വം എന്ന ചോദ്യവും ഉയർന്നു.


വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സി.പി.എം ജില്ല നേതൃത്വത്തിനും ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ ജില്ല സെക്രട്ടേറിയറ്റിൽ അറിയിച്ചു. 
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ജില്ല സെക്രട്ടേറിയറ്റിൽ പങ്കെടുത്തിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചപ്പോൾ പാർട്ടി നിർദ്ദേശ പ്രകാരം അന്വേഷിച്ച പി.കെ.ബിജു, പി.കെ.ഷാജൻ എന്നിവരുടെ അന്വേഷണ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കു പുറമെ കരുവന്നൂർ, പൊറത്തിശേരി ലോക്കൽ കമ്മിറ്റികൾക്കും ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ വീഴ്ചയും പിഴവും സംഭവിച്ചെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇന്നു ചേരുന്ന ജില്ല കമ്മിറ്റിയും സെക്രട്ടേറിയറ്റും കടുത്ത നടപടികളെടുക്കുമെന്നും സൂചനകളുണ്ട്. 


ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റികളും പിരിച്ചുവിടുന്നതടക്കമുള്ള നടപടികളായിരിക്കുമെന്നാണ് സൂചന. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ഇന്നത്തെ യോഗങ്ങളിലും പങ്കെടുക്കും. എന്തുകൊണ്ട് സി.പി.എം ജില്ല നേതൃത്വം ഈ വിഷയത്തെ കാര്യഗൗരവത്തിൽ കണ്ടില്ലെന്നതിന്റെ വിശദീകരണം ഇന്നു നൽകിയേക്കും. പാർട്ടി പ്രവർത്തകരടക്കമുള്ളവർ മുൻ നേതൃത്വത്തിനും നിലവിലെ നേതൃത്വത്തിനും പരാതി നൽകിയിട്ടും ഇത്രയേറെ അലസതയോടെ പാർട്ടി ഇത് കൈകാര്യം ചെയ്തതിനെയാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ പലരും വിമർശിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം തട്ടിപ്പ് പുറംലോകമറിഞ്ഞത് നന്നായെന്നും അല്ലായിരുന്നെങ്കിൽ കേരളമൊട്ടാകെ ഫലം മാറി മറിഞ്ഞേനേ എന്നും വിമർശനമുന്നയിച്ച പലരും അഭിപ്രായപ്പെട്ടു. 


എ.സി.മൊയ്തീൻ സഹകരണവകുപ്പു മന്ത്രിയായിരിക്കെയാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്നതു കൊണ്ടു തന്നെ സംഭവത്തെക്കുറിച്ച് നേതൃത്വത്തിന് വ്യക്തമായി അറിയാമായിരുന്നിട്ടും സംസ്ഥാന നേതൃത്വത്തെ വേണ്ട വിധത്തിൽ കാര്യഗൗരവത്തോടെ ഇക്കാര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും റിപ്പോർട്ടു ചെയ്യാനും സാധിച്ചില്ലെന്ന് സംസ്ഥാന നേതൃത്വത്തിനും പരാതിയുണ്ട്. വീഴ്ചവരുത്തിയെന്ന് ഉറപ്പായ സാഹചര്യത്തിൽ ഏരിയ-ലോക്കൽ കമ്മിറ്റികൾക്ക് പുറമെ പ്രമുഖ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമുണ്ട്. 
ജനങ്ങൾക്കേറെ വിശ്വാസ്യതയുള്ള സഹകരണപ്രസ്ഥാനങ്ങളുടെ പേരും പെരുമയും ഇല്ലാതാക്കുന്ന നടപടികൾക്കെതിരെ കർശന നടപടിതന്നെയാണ് പാർട്ടി ഇനി കൈക്കൊള്ളുകയെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. കരുവന്നൂരിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും സംസ്ഥാനമൊട്ടാകെയും സഹകരണ മേഖലയിലും സഹകരണബാങ്കുകളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാനും പാർട്ടി തലത്തിൽ സമിതിയെ നിയോഗിച്ച് അന്വേഷണവും പരിശോധനയും നടത്തി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനും നടപടി വേണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. 

 

Latest News