Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാർജ പാം സാഹിത്യ സംഘം അക്ഷരതൂലിക  കഥാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ജോയ് ഡാനിയൽ, അനൂപ് കുമ്പനാട് , ബഷീർ മുളിവയൽ

ഷാർജ- പാം സാഹിത്യ സഹകരണ സംഘം (കൊല്ലം) പാം പുസ്തകപ്പുരയുടെ 2020 ലെ കഥാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോയ് ഡാനിയൽ രചിച്ച 'റിഡൻഡൻസി' എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. അനൂപ് കുമ്പനാട് എഴുതിയ 'ബ്ലൂ മെർലിൻ' എന്ന കഥയ്ക്ക്  രണ്ടാം സ്ഥാനവും, ബഷീർ മുളിവയൽ എഴുതിയ 'ചിന്നൻ' എന്ന കഥ മൂന്നാം സ്ഥാനവും നേടി. നോവലിസ്റ്റും കഥാകൃത്തുമായ ടി.കെ ശങ്കരനാരായണൻ ജൂറി ചെയർമാനായ പുരസ്‌കാര കമ്മിറ്റിയിൽ മലയാളം അധ്യാപിക ഫാത്തിമ, എഴുത്തുകാരായ സലീം അയ്യനത്ത്, പ്രവീൺ പാലിക്കൽ എന്നിവർ അംഗങ്ങളായിരുന്നു. പ്രവാസ ജീവിതത്തിന്റെ നിസ്സഹായതയും നൊമ്പരവും വിഹ്വലതകളും ആഗോളീകരണം നമ്മിലേൽപിച്ച ആഘാതങ്ങളും തൊഴിൽ നഷ്ടവും ശക്തമായി ആവിഷ്‌കരിക്കുന്ന കഥയാണ് റിഡൻഡൻസി. ബ്ലൂ മെർലിന്റെ വേട്ടയുമായി ബന്ധപ്പെട്ട ഒരു മിത്തിനെ മനുഷ്യ ജീവിതവുമായി ഇഴ പൊട്ടാതെ ബന്ധിപ്പിച്ചെഴുതിയ കഥ നമ്മൾ പണ്ട് വായിച്ചു മറന്ന സാങ്കൽപിക കഥകളെ അനുസ്മരിപ്പിക്കും വിധം മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു.

പാളിപ്പോകാവുന്ന ഒരു പ്രമേയത്തെ കയ്യൊതുക്കമുള്ള രചനാ മിടുക്കു കൊണ്ട് മാത്രം കഥ എന്ന ചിമിഴിൽ ഒതുക്കാൻ സാധിച്ചു. കോവിഡ് 19 എന്ന സമകാലിക ദുരന്തത്തെ വേറിട്ട രീതിയിൽ ആവിഷ്‌കരിക്കുന്ന കഥയാണ് 'ചിന്നൻ'. പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയായ ജോയ് ഡാനിയൽ കഥാകൃത്ത്, കോളമിസ്റ്റ്. മഷി കൂട്ടായ്മയുടെ 'ഖിസ്സ' എന്ന കഥാ സമാഹാരങ്ങളുടെ എഡിറ്ററാണ്. ദുബായിൽ സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു. ഭാര്യ: ബിന്ദു. മകൾ: ദിയ. പത്തനംതിട്ട ജില്ലയിലെ കുമ്പനാടാണ് സ്വദേശിയാണ് അനൂപ് കുമ്പനാട്. ദുബായ് സീമെൻസിൽ ഫീൽഡ് സർവീസ് പ്രൊജക്ട് മാനേജർ ആയി ജോലി ചെയ്തു വരുന്നു. 2011-ൽ മികച്ച ചെറുകഥയ്ക്കുള്ള പാറപ്പുറത്തു പുരസ്‌കാരം ലഭിച്ചു. അനൂപിന്റെ 'രണ്ടു സാധാരണ പെൺകുട്ടികളുടെ അസാധാരണ കഥകൾ' എന്ന കഥാ സമാഹാരം ഫാബിയൻ ബുക്‌സും 'ഈ മഴ തോരാതിരുന്നെങ്കിൽ' എന്ന കഥാ സമാഹാരം കൈരളി ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനൂപ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'കൊയ്ത്ത്' എന്ന ഹ്രസ്വ ചിത്രം അക്കാഫ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. നിരവധി ഹ്രസ്വ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഭാര്യ: നിഷ. മക്കൾ: ഹൃദ്യ, ആർദ്ര. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശിയാണ് ബഷീർ മുളിവയൽ. കഴിഞ്ഞ 27 വർഷമായി ദുബായിൽ ജോലി ചെയ്യുന്നു. സുനാമി (കഥ), ചുവന്ന മഷികൊണ്ടൊരടിവര (കഥ), ഞങ്ങളും ഇവിടെയുണ്ട് (കവിത) എഡിറ്റർ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ പ്രവർത്തനത്തിനുള്ള 'എൻ.മൊയ്തു മാസ്റ്റർ' അവാർഡ് യുവകലാ സാഹിതി ഷാർജ, സി.കെ ചന്ദ്രപ്പൻ സാഹിത്യ പുരസ്‌കാരം (കവിത) എന്നിവ ലഭിച്ചിട്ടുണ്ട്.

Tags

Latest News