പനാജി- ബോര്‍ഡിംഗ് പാസെടുത്ത് വിമാനത്തില്‍ കയറാന്‍ കാത്തിരുന്ന 14 യാത്രക്കാരെ ഉപേക്ഷിച്ച് ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം നിശ്ചിത സമയത്തിനു മുമ്പെ പറന്നു.
ഷെഡ്യൂള്‍ ചെയ്ത സമയത്തിനു മുമ്പെ മുന്നറിയിപ്പില്ലാതെ വിമാനം പറന്നുയര്‍ന്നുവെന്ന് വെട്ടിലായ യാത്രക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.50-ന് പറന്നുയരേണ്ട വിമാനം 25 മിനിറ്റ നേരത്തെ തന്നെ പറന്നുയര്‍ന്നുവെന്ന് ഇവര്‍ പറയുന്നു. 12.05-ന് ഹൈദരാബാദില്‍ ഇറങ്ങേണ്ട വിമാനം 11.40-നു തന്നെ അവിടെ ഇറങ്ങി.
എന്നാല്‍ വിമാനം പറന്നുയരുന്നതിന് മുമ്പ് നിരവധി തവണ അറിയിപ്പു നല്‍കുകയും ഈ യാത്രക്കാരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡിഗോ വക്താവ് അറിയിച്ചു. വിമാനത്താവളത്തില്‍ ഈ യാത്രക്കാര്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു.
ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ഗേറ്റ് അടക്കുകയായിരുന്നെന്നും കമ്പനി അറിയിച്ചു. 10.25-ന് ബോര്‍ഡിങ് ഗേറ്റ് അടച്ചിരുന്നു. ഈ യാത്രക്കാര്‍ 10.33-നാണ് ഗേറ്റിലെത്തുന്നത്. ഈ സമയത്തിനു മുമ്പായി ഇവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് വിമാനം പുപ്പെടുകയായിരുന്നു.
വിമാന കമ്പനിയുടെ പിഴവ് അല്ലാതിരുന്നിട്ടും ഈ 14 യാത്രക്കാരേയും മറ്റൊരു ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് നിരക്ക് ഈടാക്കാതെ ഹൈദരാബാദിലെത്തിച്ചുവെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു. അതേസമയം ഈ യാത്രക്കാരെ കയറ്റാതെ ലഗേജുമായി പറന്നത് ഗുരുതരമായ സുരക്ഷാ ചട്ട ലംഘനമാണ്. യാത്രക്കാര്‍ കയറിയില്ലെങ്കിലും ചെക്ക് ഇന്‍ ചെയ്ത അവരുടെ ലഗേജുകള്‍ വിമാനത്തില്‍നിന്ന് പുറത്തിറക്കണമെന്നാണ് ചട്ടം.