യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരീ ഭർത്താവ് അറസ്റ്റില്‍

ആലപ്പുഴ- സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷിനെ അറസ്റ്റ് ചെയ്തു.  
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന കടക്കരപ്പള്ളി പത്താം വാര്‍ഡ് തളിശ്ശേരിതറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ (25) യാണ് മരിച്ചത്.

ഹരികൃഷ്‌ണയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. ഹരികൃഷ്ണയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടെന്നും അത് ചോദ്യം ചെയ്യുന്നതിനിടെ തലയ്ക്കടിച്ചപ്പോൾ താഴെ വീണെന്നും പ്രതി പോലീസിനോട് പറഞ്ഞു. ശേഷം ശ്വാസം മുട്ടിച്ച് കൊന്നുവെന്നുമാണ് രതീഷിന്‍റെ കുറ്റസമ്മതം.

വെള്ളിയാഴ്ച 6.45 ന് മെഡിക്കല്‍ കോളേജില്‍നിന്നും ജോലി കഴിഞ്ഞ് ചേര്‍ത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടികൊണ്ടുവന്നതായാണ് വിവരം. രാത്രി 8.30 പിന്നിട്ടിട്ടും യുവതി സ്വന്തം വീട്ടിലെത്താതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. രതീഷിനെ ബന്ധപ്പെട്ടെങ്കിലും കോവിഡ് ഡ്യൂട്ടി ഉള്ളതിനാല്‍ ഹരികൃഷ്ണ വരില്ലെന്ന വിവരമാണ് നല്‍കിയതെന്നും പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ പട്ടണക്കാട് പോലീസില്‍ ഹരികൃഷ്ണയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ അടച്ചിട്ടിരുന്ന രതീഷിന്റെ വീടു തുറന്നു നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചെരിപ്പ് ധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തു മണലും കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരി നീതുവിനു വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കാനായി രതിഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തിയതാകാമെന്നാണ് കരുതിയിരുന്നത്. ജോലികഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തുന്ന ഹരികൃഷ്ണയെ പലപ്പോഴും രതീഷാണ് സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷിന്റെ വീട്ടില്‍നിന്നും ഒരുകിലോമീറ്റര്‍മാത്രം അകലെയാണ് ഹരികൃഷ്ണയുടെ വീട്. ഹരികൃഷ്ണ അവിവാഹിതയാണ്.

 

Latest News