Sorry, you need to enable JavaScript to visit this website.

വോട്ടിന് പണം നല്‍കിയ കേസ്; തെലങ്കാനയില്‍ ടിആര്‍എസ്  എംപി  കവിതയ്ക്ക് ആറു മാസം തടവ് ശിക്ഷ

ഹൈദരാബാദ്- വോട്ടിന് പണം നല്‍കിയെന്ന കേസില്‍ തെലങ്കാന സിറ്റിങ് എംപി കവിതമലോത് കുറ്റക്കാരിയെന്ന് കോടതി. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കവിതയും കൂട്ടാളിയും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് കേസ്.സംഭവത്തില്‍ കവിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ആറു മാസത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒരു സിറ്റിങ് എംപിക്കെതിരെ വളരെ അപുര്‍വമായാണ് ഇത്തരത്തില്‍ ഒരു നടപടി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക സെഷന്‍സ് കോടതിയുടേതാണ് വിധി. തെലങ്കാനയിലെ മഹബൂബാബാദില്‍നിന്നുള്ള ടിആര്‍എസ് എംപിയാണ് കവിത. സംഭവത്തില്‍ ഇന്നലെ തന്നെ ജാമ്യം ലഭിച്ച കവിത അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കും. 2019ലെ തെരഞ്ഞെടുപ്പ് സമയത്ത് കവിതയുടെ സഹായി ഷൗക്കത്തലി വോട്ടര്‍മാര്‍ക്ക് 500 രൂപ വീതം നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഇയാള്‍ പണം നല്‍കുന്നത് കയ്യോടെ പിടിക്കുകയും ചെയ്തു. കവിതയ്ക്കു വേണ്ടിയാണ് പണം നല്‍കിയതെന്ന് ഷൗക്കത്തലി സമ്മതിച്ചതോടെ കവിതയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. വിചാരണ സമയത്ത് ഇതുമായി ബന്ധപ്പെട്ട തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
 

Latest News