കുവൈത്തില്‍ ഓഗസ്റ്റ് 1 മുതല്‍ വിദേശികള്‍ക്കു പ്രവേശനം, നിബന്ധനകള്‍ ഇവയാണ്

കുവൈത്ത് സിറ്റി - നിബന്ധനകള്‍ പാലിച്ച് വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം. നിബന്ധനകള്‍ ഇവയാണ്:

-സാധുതയുള്ള ഇഖാമ
- കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
-72 മണിക്കൂര്‍ സമയപരിധിക്കകത്തെ പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട്
-7 ദിവസം ഹോം ക്വാറന്റൈന്‍
-കുവൈത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിനകം പി.സി.ആര്‍ പരിശോധന

മൂന്നാം ദിവസം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. എന്നാല്‍ വിദേശികള്‍ക്ക് നേരിട്ടുള്ള പ്രവേശനമാണോ മറ്റൊരു രാജ്യത്ത് തങ്ങിയതിന് ശേഷമുള്ള പ്രവേശനമാണോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം മന്ത്രിസഭ ഇതുവരെ എടുത്തിട്ടില്ലെന്നതിനാല്‍ കൃത്യമായ യാത്രാപദ്ധതികള്‍ക്ക് പ്രവാസികള്‍ അല്‍പംകൂടി കാത്തിരിക്കേണ്ടിവരും.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനിക വാക്‌സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ ഒരു ഡോസും എടുത്തിരിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും.
ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനമുള്ളത്. ഈ പ്രവേശന നിയന്ത്രണം 31 ന് അവസാനിക്കും.

 

 

Latest News