കണ്ണൂര്‍- അത്യപൂര്‍വ മരുന്നിനായി കാരുണ്യം തേടിയ മാട്ടൂല്‍ സ്വദേശിയായ ഒന്നരവയസ്സുകാരന് മുഹമ്മദിന്റെ ചികിത്സക്കായി മലാളികള്‍ നല്‍കിയത് 18 കോടിയല്ല, 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും തുക സംഭാവന ചെയ്തതെന്ന് ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാന്‍ ആവശ്യമായ 18 കോടി രൂപക്കാണ് ചികിത്സാകമ്മിറ്റി സഹായം തേടിയിരുന്നത്. ആറ് ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അടുത്ത മാസം ആറിന് കുഞ്ഞിനായുള്ള മരുന്ന് നാട്ടിലെത്തും. ബാക്കിയുള്ള തുക സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കുമെന്നും കുടുംബം അറിയിച്ചു. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്കിയാല് രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന് മുഹമ്മദിനു വേണ്ടിയാണ് ക്രൗഡ് ഫണ്ടിങിലൂടെ തുക സമാഹരിച്ചത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ് ആവശ്യമായി വന്നിരുന്നത്.
പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്ന മുഹമ്മദിന്റെ ദയനീയാവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആവശ്യമായ തുക ലഭിച്ചിരുന്നു. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഇനി പണം അയക്കേണ്ടെന്ന് ചികില്‍സാ കമ്മിറ്റി തന്നെ അറിയിച്ചു.
രണ്ട് അക്കൗണ്ടുകളിലായുള്ള തുകയുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് വാര്‍ത്താസമ്മേളനത്തിലൂടെ കമ്മിറ്റി കണക്കുകള്‍ പുറത്തുവിട്ടത്. മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷാ ആബിദ് ചെയര്‍പേഴ്സനും മാട്ടൂല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ വി മുഹമ്മദലി രക്ഷാധികാരിയും ടി പി അബ്ബാസ് കണ്‍വീനറായുമായുള്ള മുഹമ്മദ് ചികില്‍സാ സഹായ കമ്മിറ്റിയാണ് ചികില്‍സാ പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്.
മുഹമ്മദിന്റെ ചികില്‍സയ്ക്ക് ഭീമമായ തുക ലഭിച്ചതോടെ സമാന രോഗമുള്ള ഏതാനും കുട്ടികള്‍ക്കു കൂടി സാമൂഹിക മാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടക്കുന്നുണ്ട്. ഫണ്ട് ശേഖരണം നടക്കുന്നതിനിടെ, എസ്എംഎ രോഗബാധിതനായ ഇംറാന്‍ മുഹമ്മദ് എന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടിരുന്നു.