Sorry, you need to enable JavaScript to visit this website.

സ്ത്രീധനം പീഡനത്തിന്റെ ചെറിയ അംശം മാത്രം

സ്ത്രീ പീഡനങ്ങളുടെ ഭീകര കഥകൾ കേട്ട് കേരളം വിറങ്ങലിച്ചു നിൽക്കുകയാണ്. സ്ത്രീധന പീഡനത്തിന്റെ പേരിൽ വിസ്മയ എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് കേരളത്തിൽ പുതിയ കോളിളക്കമുണ്ടാക്കിയത്. ഇതിന്നു മുമ്പ് ഉത്തര എന്ന യുവതിയെ ഉഗ്രൻ വിഷപ്പാമ്പിനെ ഉപയോഗിച്ചു സ്വന്തം ഭർത്താവ് കൊന്നിരുന്നു.  അവൾക്കു മുലകുടി മാറാത്ത കൈക്കുഞ്ഞു ഉണ്ടെന്ന് പോലും ആ ക്രൂരനായ മനുഷ്യൻ ചിന്തിച്ചില്ല. 
കേന്ദ്ര, സംസ്ഥാന ഭരണ കക്ഷികളുടെ നേതാക്കൾ ഉൾപ്പെട്ട വണ്ടിപ്പെരിയാർ, പാലത്തായി തുടങ്ങിയ നിരവധി പീഡന കേസുകൾ വേറെയുമുണ്ട്. സ്ത്രീ സുരക്ഷക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ഉപവാസം തന്നെ നടത്തി. 
സംസ്ഥാന സർക്കാരാവട്ടെ, 'പിങ്ക് സുരക്ഷ' എന്ന പേരിൽ പോലീസ് സംവിധാനം തന്നെ നടപ്പാക്കിയിരിക്കുന്നു. പൊതു, സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീ സുരക്ഷ ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.  സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, പൊതുഇടങ്ങളിലെ അതിക്രമങ്ങൾ  എല്ലാം തടയും. ബസുകൾ, സ്‌കൂൾ, കോളേജ്, വാണിജ്യ മാളുകൾ, സിനിമാ ശാലകൾ
എല്ലായിടത്തും ഇവരുടെ നിരീക്ഷണ സാന്നിധ്യം ഉറപ്പാക്കും. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താൻ പിങ്ക് ഷാഡോ പെട്രോൾ ടീം ഉണ്ടായിരിക്കും. ഗാർഹിക പീഡനം മുൻകൂട്ടി തടയാൻ പിങ്ക് ജനമൈത്രി ബീറ്റ് നടപ്പാക്കും. പ്രത്യേക പരിശീലനം ലഭിച്ച വനിതാ സാന്നിധ്യം ഇതിൽ ഉറപ്പാക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടായിരിക്കും. ഇവർ 
ഓരോ വീടും സന്ദർശിച്ച് ഗാർഹിക പീഡനമുണ്ടോ എന്ന് പരിശോധിക്കും. അയൽവാസികൾ, നാട്ടുകാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.  കേരളത്തിൽ ഒരു സ്ത്രീയും ഇനി പീഡനത്തിന്നു ഇരയാവില്ലെന്നു പ്രതീക്ഷിക്കാം. ക്രമ സമാധാനതിന്നു ഒരു ഡി.ജി.പി കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്നു കൂടി ആശിച്ചു പോകയാണ്. അതിനുള്ള അവസരം ഈയിടെ കൈവന്നപ്പോൾ എന്തുകൊണ്ട് സർക്കാർ ഉപയോഗിച്ചില്ല എന്നറിയില്ല.

ഈ വിഷയത്തിൽ ഗവർണർ നടത്തിയ 'ചരിത്രപരമായ' ഉപവാസം ഇതിന്റെ ബോധവൽക്കരണമാണെന്ന് പറയപ്പെടുന്നു. ഒരു സാമൂഹ്യ വിഷയം ഉയർത്തി സമൂഹ മനഃസാക്ഷി ഉണർത്താനാണ് ഗവർണർ ലക്ഷ്യമിട്ടതെങ്കിലും അത് രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവോ എന്ന സംശയം ബാക്കിയാണ്.  ഭരണത്തലവനായ ഗവർണർ ഉപവസിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ സ്ത്രീ സുരക്ഷയും ക്രമ സമാധാനവും അപകടത്തിലായെന്ന പ്രതിപക്ഷ വിമർശനത്തിന്ന് അത് വഴിവെച്ചത് കാണാതെ പോകരുത്. പിറ്റേദിവസം സർവകലാശാലാ വൈസ് ചാൻസലർമാരുടെ അടിയന്തര യോഗം വിളിച്ചു ഗവർണർ ഇക്കാര്യം ചർച്ച ചെയ്തു. പെൺകുട്ടികൾ സ്ത്രീധനത്തോട് നോ പറയണമെന്നും ഡിപ്ലോമ, ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് മുമ്പ് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങണമെന്നും അദ്ദേഹം നിർദേശിച്ചുവത്രേ.  അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും സ്ത്രീധന വിരുദ്ധ ബോണ്ട് വാങ്ങണം. സ്ത്രീധന പരാതി ഉയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണം.  ആരിഫ് മുഹമ്മദ് ഖാൻ എന്ന പ്രതിഭാശാലിയോടുള്ള എല്ലാ ആദരവോടും ബഹുമാനത്തോടും കുടി പറയട്ടെ, പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിലും സമീപന രീതിയിലും അദ്ദേഹം യാഥാർഥ്യ ബോധം ഉൾക്കൊണ്ടിട്ടില്ല.

ബിരുദമുൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും നൽകുന്നത് പഠന യോഗ്യതയുടെയും മികവിന്റെയു അടിസ്ഥാനത്തിലാണ്. വ്യക്തിപരമോ മറ്റോ ഉള്ള കാര്യങ്ങളുമായി അത് കുട്ടിക്കുഴക്കരുത്.  കലാശാലകൾ വിവാഹ പരിശീലന വേദികളല്ല. വിവാഹ ശേഷവും പഠനത്തിന് എത്തുന്നവരുണ്ട്.  ബിരുദം റദ്ദാക്കുക കുട്ടിക്കളി അല്ല. അതിനെ ഏതെങ്കിലും വ്യക്തിഗത പ്രശ്‌നവുമായി ബന്ധപ്പെടുത്തരുത്. ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ സ്ത്രീധനത്തോട് നോ പറയുന്ന പെൺകുട്ടികൾ വീട്ടിൽ പുര നിറഞ്ഞു ഇരിക്കുകയേ ഉള്ളൂ. പല കേസുകളും തെളിയിക്കാൻ സാധിച്ചുവെന്ന് വരില്ല. അതിന്റെ കൈമാറ്റ ഘടന അങ്ങനെയാണ്. ഭർതൃ ഗൃഹത്തിലേക്ക് പോകുന്ന മകൾക്ക് മാതാപിതാക്കൾ സന്തോഷത്തോടെ സ്വർണാഭരണങ്ങളും കാറും മറ്റും നൽകുന്നതു സ്ത്രീധനമായി തെളിയിക്കാൻ സാധിക്കുമോ? കേരളത്തിൽ എത്ര സ്ത്രീകൾ പഠനത്തിന്നും ജോലിക്കും സർവകലാശാലകളിൽ എത്തുന്നുണ്ട്. മറ്റിടങ്ങളിലെ സ്ത്രീകൾക്കും ബോണ്ട് വേണ്ടിവരില്ലേ?. വാസ്തവത്തിൽ ആൺകുട്ടികളും അവരുടെ മാതാപിതാക്കളുമാണ് സ്ത്രീധന വിരുദ്ധ ബോണ്ട് നൽകേണ്ടത്. സർക്കാർ ഉദ്യോഗസ്ഥരോടും ബോണ്ട് വാങ്ങണം. അവരോ മക്കളോ സ്ത്രീധനത്തിന്ന് പിന്നാലെ പോകുകയില്ലെന്ന്. ഏറ്റവും വലിയ വിവാഹ കമ്പോളം ഐ.എ.എസ് മേഖലയാണ്. ട്രെയിനിങ് തുടങ്ങുമ്പോഴേക്കും കമ്പോളത്തിൽ വില ഇട്ടു തുടങ്ങും.  സ്ത്രീധനം വാങ്ങുന്നവരുടെ ഐ.എ.എസ് റദ്ദാക്കുമെന്നു സർക്കാരിനു ഉത്തരവിറക്കാൻ സധിക്കുമോ? സ്ത്രീധനം വാങ്ങാതെ വിവാഹത്തിന്ന് തയാറുള്ള എല്ലാ വിഭാഗത്തിലും പെട്ട യുവാക്കളുടെ ഒരു ലിസ്റ്റ് തയാറാക്കാൻ ഗവർണർ മുൻകൈ എടുക്കട്ടെ.
വാസ്തവത്തിൽ സ്ത്രീധനം പീഡനത്തിന്റെ ചെറിയ ഒരു അംശം മാത്രമാണ്. എല്ലാ മേഖലകളിലും അവർ പീഡനത്തിന് ഇരയാകുന്നുണ്ട്. കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ ദേവദാസി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭർത്താവിന്റെ മരണ ശേഷം ഭാര്യക്ക് ജീവിതം നിഷേധിക്കുന്ന 'സതി' രാജസ്ഥാനിലും മറ്റും ഇപ്പോഴും നിലനിൽക്കുന്നു. ഇതും സ്ത്രീ പീഡനം തന്നെ. സ്ത്രീകൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് കന്യാസ്ത്രീ മഠങ്ങളിലാണത്രേ. അവിടെ നിന്ന് പുറത്തു ചാടിയ സിസ്റ്റർമാർ എഴുതിയതും പറയുന്നതും നാം വേദനയോടെ അറിയുന്നു. സിസ്റ്റർ ലൂസി കളപ്പുരയുടെ വേദനകൾ ഇപ്പോൾ മാധ്യമങ്ങളിലെ നിത്യവാർത്തകളാണ്. ശരീരികമായും മാനസികമായും സാമ്പത്തികമായും ലൈംഗികമായും സ്ത്രീകൾ എപ്പോഴും എവിടെയും പീഡനത്തിന്ന് ഇരയാവുന്നുണ്ട്. ദൽഹിയിലെ ഉദ്യോഗസ്ഥ വനിതകളിൽ 80 ശതമാനവും പീഡനത്തിന് വിധേയരാവുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ ഒരു സർവേയിൽ കണ്ടെത്തിയത് ഓർക്കുന്നു. നിയമം കൊണ്ട് മാത്രം ഇവയൊക്കെ തടയാൻ സാധിക്കില്ല. പിങ്ക് സംവിധാനം നല്ലത് തന്നെ. എന്നാൽ ഓരോ വീടും കിടപ്പറയും പോലീസ് വലയത്തിൽ ആക്കുക സാധ്യമല്ല.  പരാതി പറയാൻ ചെന്ന സ്ത്രീ പോലീസ് സ്‌റ്റേഷനിൽ പീഡനത്തിനിരയായത് കേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സദാചാര ചിന്തയും ധാർമിക ബോധവും വളത്തുന്നതിലൂടെ ഒരു പരിധി വരെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കും.  ശക്തമായ ശിക്ഷ അനിവാര്യമാണ്. പക്ഷേ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും 'ഒത്താശ' പലപ്പോഴും കുറ്റവാളികളെ രക്ഷപ്പെടുത്തുന്നു. കേരളത്തിൽ തന്നെ അതിന് ധാരാളം ഉദാഹരണങ്ങൾ എപ്പോഴും ഉണ്ട്. പീഡന കേസിൽ മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാതെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് മേധാവിയെക്കുറിച്ചു പല തവണ വാർത്ത വന്നതാണ്. ഇതൊക്കെ ഗവർണർ അറിയണം. ഔറംഗസീബ് ചക്രവർത്തി സ്ത്രീപീഡനം നടത്തുന്നവരെ പരസ്യമായി ആനയെക്കൊണ്ട് ചവിട്ടിച്ചു കൊല്ലുമായിരിന്നുവത്രേ. ഭരണാധികാരികളോ, പോലീസോ പ്രോസിക്യൂട്ടറോ വിചാരിച്ചാൽ കേസിൽ നിന്ന് രക്ഷപ്പെടുമെന്ന അവസ്ഥ മാറണം.
സ്ത്രീകളുടെ ജീവിത  പ്രവർത്തന രീതികളെ കുറിച്ച് വല്ലതും പറഞ്ഞാൽ അത് സ്ത്രീത്വത്തെ അവഹേളിച്ചു എന്ന പരാതിയാകും. സുരക്ഷയുടെ കാര്യത്തിൽ അവർ സ്വയം ചില നിയന്ത്രണങ്ങൾക്ക് വിധേയരാകുന്നത് നന്നായിരിക്കും. സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവും ബലാത്സംഗം ക്ഷണിച്ചു വരുത്തുമെന്നു മഹാരാഷ്ട്ര വനിതാ കമ്മീഷൻ മേധാവി ആയിരുന്ന ഡോ. ആശാ മിർജി ഒരിക്കൽ തുറന്നടിച്ചത് ഓർക്കുന്നു. പെൺകുട്ടികൾ പുറത്തു പോകുന്ന സമയവും സ്ഥലവും ശ്രദ്ധിക്കണം.. ആറു മീറ്റർ സാരി കൊണ്ട് ശരീരം പുതച്ചാലും മർമ പ്രധാന ഭാഗങ്ങൾ മറയുകയില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് കോളിളക്കം സൃഷ്ട്ടിച്ച ദൽഹി പെൺകുട്ടിയുടെ കഥ ഓർക്കുക. രാത്രി സിനിമ കണ്ട് മടങ്ങവേയാണ് ആക്രമിക്കപ്പെട്ടതത്രേ. ദൽഹിയിൽ ഡിസംബറിലെ കൊടുംതണുപ്പിൽ (സംഭവം നടന്നത് 2012 ഡിസംബർ 16 ന് ) അർധരാത്രി ഒന്നര മണിക്ക് ഒരു സിനിമാ ഹാളും പ്രവർത്തിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഭർത്താവോ, പിതാവോ, സഹോദരനൊ, കാമുകനോ, പ്രതിശ്രുത വരാനോ ഒന്നുമല്ലാത്ത ഒരാളുടെ കൂടെ അസമയത്തു ബൈക്കിൽ കറങ്ങിയവൾ സ്ത്രീത്വത്തിന്റെ പവിത്രത സൂക്ഷിച്ചു എന്ന് പറയാനാവുമോ? ഒരു സംഭവം അനുസ്മരിച്ചു എന്ന് മാത്രം.
ഓരോ സ്ത്രീയുടെയും സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. പുരുഷന്മാർ അവരുടെ രക്ഷാധികാരികൾ. അവർ രാക്ഷസന്മാർ ആകുമ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ഉടലെടുക്കുക. പുരുഷന്റെ മാന്യതയിലും മികവിലുമാണ് സ്ത്രീ സുരക്ഷ ഉറപ്പ് വരിക. 


 

Latest News