Sorry, you need to enable JavaScript to visit this website.

ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്ന  ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകും

  • ജൂലൈ 28 വരെ വിമാനങ്ങളില്ല: എമിറേറ്റ്‌സ് 

ദുബായ്- എക്‌സ്‌പോ 2020 ൽ പങ്കെടുക്കാൻ എത്തുന്ന പ്രതിനിധികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി യു.എ.ഇ. എക്‌സ്‌പോയിൽ പങ്കെടുക്കുന്ന ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ബാധകമല്ല. എക്‌സ്‌പോയിൽ പ്രദർശനത്തിന് എത്തുന്നവരെയും പരിപാടികളുടെ സംഘാടകരെയും സ്‌പോൺസർമാരെയും യു.എ.ഇയിലേക്ക് പ്രവേശിപ്പിക്കും. അതേസമയം ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ജൂലൈ 28 വരെ അനുമതി ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ഇന്നലെ എമിറേറ്റ്‌സ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇങ്ങനെയൊരു അറിയിപ്പ്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 28 വരെ സർവീസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പിലുള്ളത്. സർവീസുകൾ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് നൽകിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 


കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യു.എ.ഇയിലേക്കുള്ള വിമാനത്തിൽ പ്രവേശനമുണ്ടാകില്ല. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 31 വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് നേരത്തെ അറിയിച്ചിരുന്നു. ട്വിറ്ററിൽ യാത്രക്കാർക്ക് എമിറേറ്റ്‌സ് മറുപടി നൽകുന്നുണ്ട്. എന്നാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുക എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും ഏത് സമയത്തും സാഹചര്യം മാറാമെന്നും എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കുന്നു. ഗവൺമെന്റാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം നയതന്ത്ര പ്രതിനിധികൾക്കും ഗോൾഡൻ വിസയുള്ളവർക്കും സ്വദേശികൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും വിലക്ക് ബാധകമല്ല. അനുമതിയോടെ എത്തുന്നവർ പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുകയും വേണം. 16 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രാവിലക്ക് അനിശ്ചിതമായി നീളുന്നതിൽ ആശങ്കയിലാണ് പ്രവാസികൾ.

Latest News